വെള്ളം അങ്ങനെ വെറുതെ കുടിച്ചിട്ട് കാര്യമില്ല; അറിയേണ്ടത്...

By Web TeamFirst Published Dec 27, 2018, 11:47 AM IST
Highlights

ബുദ്ധിയുടെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നത് രക്തമാണ്. ഈ രക്തത്തിന്റെ ഏതാണ്ട് 80-മുതല്‍ 90 ശതമാനം വരെയും വെള്ളമാണ്. അപ്പോള്‍ വെള്ളമില്ലെങ്കില്‍ രക്തത്തിന്റെ കാര്യത്തിലും തീരുമാനമാകും

വെള്ളം ജീവന്റെ അടിസ്ഥാനമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും കാണില്ല. നമ്മുടെ ശരീരത്തിന്റെ തന്നെ 75 ശതമാനവും വെള്ളമാണ്. ഭക്ഷണമില്ലാതെയും വേണമെങ്കില്‍ രണ്ടോ മൂന്നോ ദിവസം കഴിയാം, എന്നാല്‍ വെള്ളമില്ലാതെ ഈ സാഹസം സാധ്യമല്ല. അത്രമാത്രം ജീവനുമായി ഇഴുകിക്കിടക്കുകയാണ് വെള്ളം. 

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് എല്ലാ ഡോക്ടര്‍മാരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. കാരണം ശരീരത്തില്‍ വെള്ളമില്ലെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. നിര്‍ജലീകരണം മുതല്‍ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് വരെയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. 

എന്നാല്‍ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം മതിയോ? അത് രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി അളന്ന് കുടിച്ചാല്‍ സംഗതി എളുപ്പമാകില്ലേ, അല്ലേ?

ഇങ്ങനെയെല്ലാം ചിന്തിച്ചെങ്കില്‍ തെറ്റി. എട്ട് ഗ്ലാസ് വെള്ളമെന്ന് പറയുന്നത് ഏറ്റവും കുറഞ്ഞ കണക്കാണ്. ഇത് എത്ര വേണമെങ്കില്‍ കൂട്ടാവുന്നതാണ്. ശരീരത്തിലേക്ക് എത്രമാത്രം വെള്ളമെത്തുന്നോ അത്രയും നല്ലത്. ഇനി ഈ വെള്ളംകുടി നേരത്തേ പറഞ്ഞതുപോലെ നാല് നേരവും രണ്ട് ഗ്ലാസ് വീതമങ്ങ് കുടിച്ച് പണി തീര്‍ത്താല്‍ മതിയോ? പോര! ഇതിനും ഒരു ചിട്ട വേണം. 

ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലത്, ഇടവിട്ട് അല്‍പാല്‍പം വെള്ളം കുടിക്കുന്നതാണ്. മറിച്ച്, ഒറ്റയടിക്ക് നാല് ഗ്ലാസ് വെള്ളം കുടിച്ച ശേഷം അടുത്ത രണ്ട് മണിക്കൂര്‍ നേരത്തേക്ക് വെള്ളം തൊടാതിരിക്കുന്നതും ശരീരത്തിന് നന്നല്ല. ഇത് അല്‍പനേരത്തേക്കെങ്കിലും നിര്‍ജലീകരണം ഉണ്ടാക്കിയേക്കും. പ്രത്യേകിച്ച് ദഹനപ്രവര്‍ത്തനങ്ങളെയാണ് ഈ നിര്‍ജലീകരണം ബാധിക്കുക. കൂട്ടത്തില്‍ അസിഡിറ്റിയുണ്ടാക്കാനും ഇത് വഴിയൊരുക്കും. 

ശരീരത്തെ ശുദ്ധീകരിക്കുകയെന്നതാണ് വെള്ളം ചെയ്യുന്ന മറ്റൊരു ധര്‍മ്മം. അതായത് നമ്മുടെയകത്ത് കടന്നുകൂടുന്ന വിഷാംശങ്ങളെ മൂത്രത്തിലൂടെയും മലത്തിലൂടെയും വിയര്‍പ്പിലൂടെയും പുറന്തള്ളണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ഇതെല്ലാം കൃത്യമായി നടക്കണമെങ്കില്‍ എല്ലായ്‌പോഴും ശരീരത്തില്‍ വെള്ളം ഉണ്ടായിരിക്കണം. 

ബുദ്ധിയുടെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നത് രക്തമാണ്. ഈ രക്തത്തിന്റെ ഏതാണ്ട് 80-മുതല്‍ 90 ശതമാനം വരെയും വെള്ളമാണ്. അപ്പോള്‍ വെള്ളമില്ലെങ്കില്‍ രക്തത്തിന്റെ കാര്യത്തിലും തീരുമാനമാകും. 

മാനസികാരോഗ്യത്തിനും വെള്ളംകുടി അത്യാവശ്യമാണ്. മുകളില്‍ പറഞ്ഞ പോലെ ബുദ്ധിയുടെ പ്രവര്‍ത്തനം കൃത്യമായി നടക്കണമെങ്കില്‍ വെള്ളം ആവശ്യമാണ്. വിഷാദം, ഉത്കണ്ഠ- തുടങ്ങിയ മാനസികപ്രശ്‌നങ്ങളുള്ളവര്‍ തീര്‍ച്ചയായും ചിട്ടയായി ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. 

click me!