ജോലി നിങ്ങളുടെ ശരീരത്തിന്റെ അഴക് കളയുന്നുവോ?; ചെയ്യാം ഈ ആറ് കാര്യങ്ങള്‍

By Web TeamFirst Published Feb 26, 2019, 12:52 PM IST
Highlights

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത്, പലപ്പോഴും അമിതവണ്ണമല്ല സമ്മാനിക്കുന്നത്. ശരീരത്തിന്റെ ആകെ ഘടനയെയാണ് ഇത് ബാധിക്കുന്നത്. ഉദാഹരണത്തിന് വയറ്, ഇടുപ്പ് എന്നിങ്ങനെ ചിലയിടങ്ങളില്‍ മാത്രം വണ്ണം വയ്ക്കുന്നത്. ഇത് പെട്ടെന്ന് തന്നെ പ്രായക്കൂടുതല്‍ തോന്നിക്കുന്നു. ആത്മവിശ്വാസത്തെ തകര്‍ക്കാനും ഇത് വഴിയൊരുക്കുന്നു

പ്രായം മുപ്പതിന് താഴെയായിരിക്കാം. എങ്കിലും കണ്ടാല്‍ ഒരു മുപ്പത്തിയഞ്ചോ അതിന് മുകളിലോ പറയും. ശരീരപ്രകൃതം കണ്ടാല്‍ അങ്ങനെയേ തോന്നൂ. ഓഫീസ് ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. അവരുടെ ആത്മവിശ്വാസത്തെ വലിയ രീതിയിലാണ് ഈ പ്രശ്‌നം ബാധിക്കുന്നത്.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത്, പലപ്പോഴും അമിതവണ്ണമല്ല സമ്മാനിക്കുന്നത്. ശരീരത്തിന്റെ ആകെ ഘടനയെയാണ് ഇത് ബാധിക്കുന്നത്. ഉദാഹരണത്തിന് വയറ്, ഇടുപ്പ് എന്നിങ്ങനെ ചിലയിടങ്ങളില്‍ മാത്രം വണ്ണം വയ്ക്കുന്നത്. ഇത് പെട്ടെന്ന് തന്നെ പ്രായക്കൂടുതല്‍ തോന്നിക്കുന്നു. ആത്മവിശ്വാസത്തെ തകര്‍ക്കാനും ഇത് വഴിയൊരുക്കുന്നു. 

ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ മറികടക്കാനാകും. അത്തരത്തില്‍ ശ്രദ്ധ ചെലുത്തേണ്ട ആറ് കാര്യങ്ങളെ പറ്റിയാണ് ഇനി പറയുന്നത്...

ഒന്ന്...

എത്ര മടിയാണെങ്കിലും വ്യായാമം നിര്‍ബന്ധമാക്കുക. ഇതിന് ദിവസവും പ്രത്യേകം സമയം കണ്ടെത്തിയേ തീരൂ.

 

ഏറ്റവും കുറഞ്ഞത് 30 മിനുറ്റെങ്കിലും ഇതിനായി നീക്കിവയ്ക്കാന്‍ കരുതുക. നടത്തമോ, ജോഗിംഗോ, നീന്തലോ, സൈക്ലിംഗോ, ജിമ്മിലെ വര്‍ക്കൗട്ടോ എന്തുമാകാം ഇത്. 

രണ്ട്...

ഓഫീസ് ജോലിയാകുമ്പോള്‍ സമയത്തിന് എത്തണം. തിരക്കിട്ട് വീട്ടില്‍ നിന്നിറങ്ങി, ഓഫീസിലേക്ക് ഓടിയെത്തി ലിഫ്റ്റ് പിടിക്കുന്നതായിരിക്കും മിക്കവരുടെയും ശീലം. എന്നാല്‍ ഈ 'ലിഫ്റ്റ് പരിപാടി' ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പരമാവധി ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറാനും ഇറങ്ങാനും കരുതുക. ഇത് ഇരുന്നുള്ള ജോലി ശരീരത്തിന് നല്‍കുന്ന അലസതയെ ഒഴിവാക്കും. ഒപ്പം നല്ലൊരു വ്യായാമം കൂടിയാണിത്. 

മൂന്ന്...

വിശക്കുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിക്കുന്ന പതിവുണ്ടെങ്കില്‍ അത് ഒഴിവാക്കുക. ചായയോ, സോഫ്റ്റ് ഡ്രിംഗ്‌സോ, എണ്ണയില്‍ പൊരിച്ചെടുക്കുന്ന സ്‌നാക്‌സോ, ജങ്ക് ഫുഡോ ഒക്കെ വളരെ മിതമായി രീതിയില്‍ മാത്രം കഴിക്കുക. ഇപ്പറഞ്ഞവയില്‍ ചായ ഒഴികെ മറ്റെല്ലാം പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. 

നാല്...

ഹോട്ടല്‍ ഭക്ഷണവും നല്ലരീതിയില്‍ നിയന്ത്രിക്കണം. കാരണം ഹോട്ടലില്‍ നിന്ന് നമ്മള്‍ വാങ്ങിക്കുന്ന ഭക്ഷണത്തില്‍ വലിയ അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. 


ദിവസവും ഇത് കഴിച്ചാല്‍ വണ്ണം വയ്ക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. കൂട്ടത്തില്‍ ജീവിതശൈലീരോഗങ്ങളും പിടിപെടാം. അതിനാല്‍ ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം, വീട്ടില്‍ നിന്നുതന്നെ കൊണ്ടുവന്ന് ശീലിക്കാം. 

അഞ്ച്...

നീണ്ടനേരം ഇരുന്നുള്ള ജോലിയാണെങ്കിലും ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ ഒക്കെ നിര്‍ബന്ധമായും ശ്രദ്ധ വയ്ക്കുക. അകത്തുകൂടി തന്നെ ഒന്ന് നടക്കുകയോ, പുറത്തേക്കിറങ്ങി ഒരു അഞ്ച് മിനുറ്റ് നടക്കുകയോ ആകാം. അല്ലെങ്കില്‍ പടികള്‍ ഒന്ന് കയറിയിറങ്ങുകയും ആവാം. ഇത് നമ്മള്‍ കരുതുന്നതിലധികം ആശ്വാസമാണ് ശരീരത്തിന് നല്‍കുക. ഒപ്പം ദഹനവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ഇത് ആക്കം നല്‍കും. 

ആറ്...

ഏറ്റവും അവസാനമായി ശ്രദ്ധിക്കേണ്ടത്, കുടിവെള്ളത്തിന്റെ കാര്യമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കണം. 


ഓഫീസ് ജോലിയാണെങ്കില്‍ വെള്ളം  കുപ്പിയിലാക്കി അടുത്തുതന്നെ കരുതണം. ഇല്ലാത്ത പക്ഷം, അത് അല്‍പനേരം കഴിഞ്ഞുമതിയെന്ന രീതിയില്‍ നീട്ടിവച്ചുകൊണ്ടേയിരിക്കും. ശരീരഘടനയെ ബാധിക്കുമെന്നതിനെക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇത് പ്രധാനമായും വഴിയൊരുക്കുക.
 

click me!