വീട്ടിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Nov 10, 2018, 2:41 PM IST
Highlights

എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാൻ ശ്രമിക്കുക. വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലത് തന്നെ. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാൻ ശ്രമിക്കുക.

പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.

വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാൻ. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളിൽ വ്യായാമം ചെയ്യുന്നത് കൂടുതൽ ഉന്മേഷം കിട്ടാൻ സഹായിക്കും.

വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നും കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക.  വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക.

ദാഹം തോന്നുന്നതിനു മുമ്പുതന്നെ കുറച്ചായി വെള്ളം കുടിക്കാം. ആഴ്ച്ചയിൽ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍  അധികവും മാനസിക സമ്മര്‍ദ്ദമുള്ളവരാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യേല്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തിൽ പറയുന്നു.

click me!