വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് തിരിച്ചുപോകാന്‍ വയ്യ, കാരണം വിചിത്രം!

By Web DeskFirst Published Jul 18, 2017, 11:44 AM IST
Highlights

ജൂണ്‍ ഏഴിന് വീട് വിട്ടിറങ്ങിയ പൂര്‍ണ്ണിമ സായ് എന്ന പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി അനാഥാലയത്തില്‍. ഹൈദരാബാദ് സ്വദേശിനിയായ പെണ്‍കുട്ടി ഇപ്പോള്‍ മുംബൈയിലുള്ള അനാഥാലയത്തിലാണുള്ളത്. സ്‌കൂളില്‍ പോവുകയാണെന്ന് പറഞ്ഞാണ് കുട്ടി വീട് വിട്ടത്. കുട്ടി തിരിച്ച് വരാത്തതിനെതുടര്‍ന്ന് ബച്ചുപള്ളി പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി കൊടുക്കുകയായിരുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ മാതാപിതാക്കളെയും കൂട്ടി ഹൈദരാബാദ് പോലീസിലെ സ്‌പെഷ്യല്‍ ടീം കുട്ടിയെ തിരികെ കൊണ്ടുവരാനായി  മുംബൈയില്‍ എത്തുകയായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്നതില്‍ കുട്ടി വിമുഖത കാണിച്ചു. ഇതിന്റെ കാരണമായി കുട്ടി പറഞ്ഞ കാര്യമാണ് വിചിത്രം. മാതാപിതാക്കള്‍ മരണമടയുന്ന ഒരു സ്വപ്നം താന്‍ കണ്ടിരുന്നു. അത് യാഥാര്‍ത്ഥ്യമാകാതിരിക്കണമെങ്കില്‍ ഒരു വര്‍ഷത്തേക്ക് താന്‍ അവരുടെ മുഖം കാണരുത്. അതിനാല്‍ തിരിച്ച് പോകില്ല എന്ന നിലപാടായിരുന്നു 15 കാരിയായ പൂര്‍ണ്ണിമ സായി‌യ്‌ക്കുള്ളത്.

എന്നാല്‍ വാട്ടാസാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിച്ചിരുന്ന പൂര്‍ണ്ണിമ വീടുവിടുന്നതിന് തൊട്ട് മുന്‍പ് ഇവ ഡീ ആക്ടിവേറ്റ് ചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീടുവിടാന്‍ കാരണമെന്നും അതല്ല സിനിമാ ജീവിതം നേടിയെടുക്കുന്നതിന് വേണ്ടിയാണ്  മുംബൈയിലേക്ക് ഒളിച്ചോടിയതെന്നുമുള്ള അഭ്യൂഹങ്ങള്‍ നിലവിലുണ്ട്. വീട് വിട്ട് മൂന്ന് ദിവസത്തിന് ശേഷം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ കുട്ടിയെ റെയില്‍വേ പോലീസ് അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഹൈദ്രാബാദ് സായ് ശ്രീ ആശ്രമത്തില്‍ നിന്ന വരുകയാണെന്നും പേര്  അനിക ശ്രീ എന്നുമാണ് പോലീസിനോട് പുര്‍ണ്ണ ശ്രീ പറഞ്ഞത്. കുട്ടിയെ ഹൈദ്രാബാദിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുട്ടിയുടെ കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും.

click me!