ആര്‍ത്തവസമയത്തെ വേദനയും അസ്വസ്ഥതകളും അകറ്റാന്‍ മൂന്ന് മാര്‍ഗങ്ങള്‍...

By Web TeamFirst Published Dec 12, 2018, 5:11 PM IST
Highlights

മാനസികസമ്മര്‍ദ്ദമാണ് ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു കാരണം. സമ്മര്‍ദ്ദമേറും തോറും ഹോര്‍മോണ്‍ വ്യതിയാനം കൂടുന്നു. അതിനാല്‍ തന്നെ ആ സമയങ്ങളില്‍ മനസ്സിന് കടുത്ത പ്രയാസമേല്‍പിക്കുന്ന കാര്യങ്ങളെ അകറ്റിനിര്‍ത്തുക

കടുത്ത വയറുവേദനയും മൂഡ് വ്യതിയാനങ്ങളും മൂലം ആര്‍ത്തവത്തെ ഒരു പേടിസ്വപ്‌നമായി കാണുന്ന പെണ്‍കുട്ടികള്‍ ഏറെയുണ്ട്. ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

ആര്‍ത്തവം തുടങ്ങും മുമ്പ് തന്നെ ചിലരില്‍ കടുത്ത ശാരീരിക- മാനസിക പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പിഎംഎസ്( പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം) എന്നാണ് ഇതിനെ പറയാറ്. ക്ഷീണം, സ്തനങ്ങളില്‍ വേദന, സ്വഭാവമാറ്റം, ഉത്കണ്ഠ, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍- ഇങ്ങനെ പോകുന്നു പിഎംഎസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.

ഇതും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്നത് തന്നെയാണ്. ഈസ്ട്രജന്‍- പ്രൊജെസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന മാറ്റമാണ് വില്ലനാകുന്നത്. അതിനാല്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥ കൃത്യമാക്കുന്നതിലൂടെ ഒരു പരിധി വരെ ആര്‍ത്തവത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാം. ഇതെങ്ങനെയെന്ന് നോക്കാം. 

ഒന്ന്...

ചിലയിനം ഭക്ഷണം ഹോര്‍മോണ്‍ വ്യതിയാനത്തെ രൂക്ഷമാക്കും. അതിനാല്‍ ഭക്ഷണകാര്യത്തില്‍ തീര്‍ച്ചയായും ആര്‍ത്തവകാലത്ത് ചില കരുതലുകള്‍ ആവശ്യമാണ്. ഇറച്ചി- ഇറച്ചി വച്ചുണ്ടാക്കുന്ന മറ്റ് ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക. ഇതോടൊപ്പം തന്നെ ഹോര്‍മോണ്‍ കുത്തിവച്ചുണ്ടാക്കുന്നതെന്ന് സംശയിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. കടയില്‍ നിന്ന് വാങ്ങുന്ന ബ്രോയിലര്‍ ചിക്കന്‍, മുട്ട എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നതാണ്. 

അതേസമയം കൊഴുപ്പുള്ള മീനുകള്‍, ഉദാഹരണത്തിന് മത്തി, കോര, അയല- എന്നിവയെല്ലാം ആര്‍ത്തവകാലത്ത് കഴിക്കാന്‍ ഉത്തമമാണ്. കാപ്പികുടി അല്‍പം കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രമിക്കുക. 

രണ്ട്...

സാധാരണഗതിയില്‍ ആര്‍ത്തവകാലത്ത് വേദനയോ അസ്വസ്ഥതയോ അസഹനീയമാം വിധം ഉണ്ടാകേണ്ട സാധ്യതയില്ല. അത്തരത്തില്‍ അസഹനീയമായ വിധത്തില്‍ വേദനയോ മറ്റ് പ്രശ്‌നങ്ങളോ തോന്നിയാല്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതില്‍ മടി കരുതരുത്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുതലുള്ള എല്ലാ ശാരീരിക ക്രമങ്ങളും കൃത്യമല്ലേയെന്ന് ഉറപ്പിക്കുക. മരുന്ന് ആവശ്യമെങ്കില്‍ ഹോര്‍മോണ്‍ ബാലന്‍സിംഗിന് വേണ്ടിയുള്ള മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്. 

മൂന്ന്...

മാനസികസമ്മര്‍ദ്ദമാണ് ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു കാരണം. സമ്മര്‍ദ്ദമേറും തോറും ഹോര്‍മോണ്‍ വ്യതിയാനം കൂടുന്നു. അതിനാല്‍ തന്നെ ആ സമയങ്ങളില്‍ മനസ്സിന് കടുത്ത പ്രയാസമേല്‍പിക്കുന്ന കാര്യങ്ങളെ അകറ്റിനിര്‍ത്തുക.

ബ്രീത്തിംഗ് എക്‌സര്‍സൈസ്, യോഗ, മറ്റ് വ്യായാമങ്ങള്‍ എന്നിവ ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ഒരു വലിയ പരിധി വരെ സഹായകമാണ്. വ്യായാമം ചെയ്യുന്ന പതിവുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ആര്‍ത്തവകാലത്ത് തുടരുക തന്നെ ചെയ്യണം. കനപ്പെട്ട വര്‍ക്കൗട്ടുകള്‍ക്ക് മാത്രം അവധി നല്‍കിയാല്‍ മതിയാകും.
 

click me!