ഓര്‍മ്മശക്തി കൂട്ടാന്‍ ഒരു എളുപ്പവഴിയുണ്ട്!

By Web DeskFirst Published Jul 30, 2016, 2:12 PM IST
Highlights

പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും എപ്പോഴും മറന്നുപോകുന്നത് പതിവാണോ? പഠിക്കുന്ന കുട്ടികളായാലും മുതര്‍ന്നവരായാലും ഓര്‍മ്മ ശക്തി കുറയുന്നെങ്കില്‍ പരീക്ഷിച്ച് നോക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഉറക്കം ഒന്നുകൂടി ഒന്നു കാര്യക്ഷമമാക്കുക. വെറുതെ സദാസമയവും കിടന്നുറങ്ങാനല്ല. ആവശ്യമായ സമയം കൃത്യമായി പാലിച്ച് ഉറങ്ങുന്നവര്‍ക്ക് ഓര്‍മ്മ ശക്തി കൂടുമെന്നാണ് ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ ദിവസവും പകല്‍ നടക്കുന്ന സംഭവങ്ങളെ തലച്ചോര്‍ വിശകലനം ചെയ്യുമെന്നും ഇത് ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ കാരണമാവുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ദൈനംദിന ജീവിതത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും വീഡിയോ ദൃശ്യങ്ങള്‍ റീപ്ലേ ചെയ്യുന്നത് പോലെ രാത്രി ഉറങ്ങുമ്പോള്‍ തലച്ചോറില്‍ പുനഃപരിശോധന നടത്തും. ഇത് നാഡീകോശങ്ങള്‍ തമ്മിലുള്ള അതിസൂക്ഷ്മമായ കണക്ഷനുകളെ കൂടുതല്‍ ഔര്‍ജ്വസ്വലമാക്കുകയും അങ്ങനെ തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഓര്‍മ്മ ശക്തിയുടെ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന തലച്ചോറിലെ ഹിപോകാമ്പസ് എന്ന ഭാഗത്താണ് ഈ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഉറക്കം കുറയുന്നത് സ്കിസോഫ്രീനിയ, അല്‍ഷിമേഴ്‌സ് എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

click me!