പേനിന്റെ കടിയേറ്റ് അഞ്ചു വയസ്സുകാരിക്ക് പക്ഷാഘാതം; അപൂര്‍വ്വമെന്ന് ശാസ്ത്രലോകം

By Web DeskFirst Published Jun 17, 2018, 12:42 PM IST
Highlights
  • കുട്ടി പ്രതികരിക്കാതായതോടെ വീട്ടുകാര്‍ വൈദ്യസഹായം തേടുകയായിരുന്നു 

മിസ്സിസിപ്പി:  പേനിന്റെ കടിയേറ്റ് അഞ്ചുവയസുകാരിക്ക് പക്ഷാഘാതം. അമേരിക്കയിലെ മിസ്സിസിപ്പിയിലാണ് സംഭവം. രാവിലെ മകള്‍ എഴുന്നേല്‍ക്കാന്‍ വൈകിയപ്പോള്‍ വിളിച്ചെഴുന്നേല്‍പിക്കാന്‍ വന്ന അമ്മയാണ് സംഭവം ആദ്യം കണ്ടത്. മകളെ വിളിച്ചെഴുന്നേല്‍പിച്ചപ്പോള്‍ ഉണര്‍ന്നെങ്കിലും പെണ്‍കുട്ടി തളര്‍ന്ന് വീഴുകയായിരുന്നു. പിന്നീട് വിളിച്ചിട്ട് കുട്ടി പ്രതികരിക്കാതായതോടെ വീട്ടുകാര്‍ വൈദ്യസഹായം തേടുകയായിരുന്നു. 

കുട്ടിയുടെ തലയില്‍ അസാധാരണമായ തടിപ്പ് കണ്ട വിവരവും  മാതാവ് ജെസീക്ക ഗ്രിഫിന്‍ ഡോക്ടറോട് വിശദമാക്കി. വിശദമായ പരിശോധനയിലാണ് കുട്ടിയുടെ തലയില്‍ പേനിനെ കണ്ടെത്തുന്നത്. കുട്ടിക്ക് പേന്‍ കടിയേറ്റതിനെ തുടര്‍ന്ന് ഉണ്ടായ ടിക്ക് പാരലൈസിസ് എന്ന രോഗമാണ് കുട്ടിക്ക് എന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി. കുഞ്ഞിന് സംഭവിച്ച അപകടത്തെക്കുറിച്ച് അമ്മ ജെസീക്ക ഗ്രിഫിന്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. 

കൃത്യസമയത്ത് ചികിത്സ നേടാന്‍ സാധിച്ചതാണ് കെയ്‍ലിനെ സാധാരണ അവസ്ഥയിലേക്ക് മടങ്ങി വരാന്‍ സഹായിച്ചതെന്ന് മാതാവ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി . പാറകളിലും നായകളിലും സാധാരണമായി കാണുന്ന പേനാണ് അപകടകരമായ അവസ്ഥയിലേക്ക് അഞ്ചുവയസുകാരി കെയ്‍ലിനെ എത്തിച്ചത്.  ഈ പേനിന്റെ  കടിയേല്‍ക്കുന്നത് ജീവന് വരെ അപകടം സംഭവിക്കാന്‍ കാരണമാകുന്നതാണെന്ന് വിദഗ്ദര്‍ പറയുന്നു.  പേന്‍ കടിച്ചാല്‍ ഉണ്ടാകുന്ന വിഷം ബാധിക്കുക നാഡികളുടെ പ്രവര്‍ത്തനത്തെയാണ്.

ആദ്യം ഇത് കാലിനെയും മസിലുകളെയും ആണ് ബാധിക്കുക. വളരെ വേഗം തന്നെ ഈ വിഷം മറ്റ് ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. യഥാസമയം പേനിനെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാന്‍ കഴിയാതെ വന്നാല്‍ ശരീരം പൂര്‍ണമായി തളരുന്ന അവസ്ഥയിലേക്ക് എത്തും. പേനിനെ കണ്ടെത്തി നീക്കം ചെയ്താല്‍ 12-14 മണിക്കൂറുകള്‍ക്കുള്ളില്‍ തളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ പേന്‍ എങ്ങനെയാണ് കെയ്‍ലിന്റെ  തലയില്‍ എത്തിയതെന്ന് അറിയില്ല എന്നാണ് ജെസിക്ക പറയുന്നത്. മറ്റു കുട്ടികളുടെ അമ്മമാര്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കാന്‍ ആണ് ജെസ്സിക്ക ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.  പെണ്‍ പേനുകള്‍ പുറത്തു വിടുന്ന ന്യൂറോ ടോക്‌സിനുകളാണ് ഇത്തരം പക്ഷാഘാതത്തിന് കാരണം. എന്തായാലും കെയ്‌ലിന്റെ ചികിത്സ തുടരുകയാണ്. അവള്‍ സാധാരണനിലയിലേക്ക് തിരികെ വരുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്ന് ജെസ്സിക്ക പറയുന്നു.

click me!