മരണം കയ്യിലെടുത്ത് ഒരാള്‍; മൂക്കത്ത് വിരല്‍ വച്ച് സോഷ്യല്‍ മീഡിയ

By Web TeamFirst Published Jan 31, 2019, 3:49 PM IST
Highlights

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലായി. ഇത് വൈറലാകാന്‍ ശക്തമായ ഒരു കാരണവുമുണ്ടായിരുന്നു. അതെന്താണെന്നല്ലേ? ഇയാള്‍ കയ്യിലെടുത്ത് ഓമനിച്ച്, തിരിച്ചുവിട്ടത് മരണത്തെ തന്നെയായിരുന്നു...
 

ഏതോ ചെറിയൊരു കടല്‍ജീവിയെ കയ്യിലെടുത്ത് ഒരാള്‍ ഓമനിക്കുന്നതിന്റെ ഒരു കുഞ്ഞ് വീഡിയോ. ടിക്ക്‌ടോക്കിലൂടെയാണ് ആദ്യം ഈ ദൃശ്യം പുറത്തുവന്നത്. ഓസ്‌ട്രേലിയയിലെ ഏതോ ബീച്ചില്‍ വച്ച്, ഒരു വിനോദസഞ്ചാരിയെടുത്തതാണ്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംഭവം വൈറലായി. 

ഇത് വൈറലാകാന്‍ ശക്തമായ ഒരു കാരണവുമുണ്ടായിരുന്നു. അതെന്താണെന്നല്ലേ? ഇയാള്‍ കയ്യിലെടുത്ത് ഓമനിച്ച്, തിരിച്ചുവിട്ടത് മരണത്തെ തന്നെയായിരുന്നു. വ്യക്തമായിപ്പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ഒരാളെ കൊല്ലാന്‍ ശേഷിയുള്ള ഉഗ്രവിഷമുള്ള 'നീല നീരാളി'യെ (Blue- Ringed Octopus) ആണ് കയ്യിലെടുത്ത് അല്‍പനേരം വച്ച്, തിരിച്ച് കടലിലേക്ക് തന്നെ വിട്ടത്. 

കാഴ്ചയില്‍ അല്‍പം ചെറുതും എന്നാല്‍ അത്യാകര്‍ഷകവുമാണ് 'നീല നീരാളി'. ഇതിന്റെ ദേഹം മുഴുവന്‍ തിളങ്ങുന്ന നീലമഷിപ്പേന കൊണ്ട് വരച്ച വളയങ്ങള്‍ പോലെ ചെറിയ വൃത്തങ്ങള്‍ കാണാം. അതിനാല്‍ തന്നെ വെള്ളത്തിലൂടെ നീങ്ങുമ്പോള്‍ ഇവനെ കാണാന്‍ ഗംഭീരസൗന്ദര്യമാണ്. പക്ഷേ കാണാനുള്ള ഈ മനോഹാരിത മാത്രമേയുള്ളൂ, അതിലപ്പുറം പോയാല്‍ ഇവനൊരു യഥാര്‍ത്ഥ വില്ലനാണ്. 

കയ്യിലെടുത്ത് വച്ച അത്രയും സെക്കന്‍ഡുകള്‍ മതി അതിന് ഒരാളെ ആക്രമിക്കാന്‍. ആക്രമിക്കപ്പെട്ടാല്‍ പിന്നെ മിനുറ്റുകള്‍ക്കുള്ളില്‍ ശ്വസനപ്രക്രിയ തടസ്സപ്പെടും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വൈകാതെ മരണത്തിന് കീഴടങ്ങാം. എന്നാല്‍ പ്രത്യേകിച്ചെന്തെങ്കിലും പ്രകോപനമില്ലാതെ സാധാരണഗതിയില്‍ ഇവന്‍ ആരെയും ആക്രമിക്കാറില്ല എന്നതാണ് സത്യം. ആക്രമിച്ചാല്‍ ഒരേസമയം തന്നെ ഒന്നോ രണ്ടോ മൂന്നോ അതിലധികമോ ഒക്കം മനുഷ്യരെ അനായാസം കൊല്ലാം. 

ഭാഗ്യം കൊണ്ടാണ് 'ടൂറിസ്റ്റ്' ജീവനും കൊണ്ട് രക്ഷപ്പെട്ടതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതിലെ അപകടം തിരിച്ചറിഞ്ഞതിന് ശേഷമാണോ ഇയാള്‍ അതിന് മുതിര്‍ന്നത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. 

പ്രധാനമായും ജപ്പാനിലും ഓസ്‌ട്രേലിയയിലുമൊക്കെയാണ് 'നീല നീരാളി'യെ കാണാറ്. കടലിലെ പവിഴപ്പുറ്റുകള്‍ക്ക് സമീപത്തായോ, പാറക്കെട്ടുകള്‍ക്ക് സമീപത്തായോ ഒക്കെ, ചെറിയ കടല്‍ ജീവികളെ വലയിലാക്കി കഴിച്ച് ജീവിക്കുകയാണ് പതിവ്. എന്തെങ്കിലും തരത്തില്‍ അപകടം മണക്കുമ്പോള്‍ മാത്രം ഇവ ഒരു പ്രത്യാക്രമണത്തിന് സജ്ജരാകും. ഉഗ്രവിഷമായതിനാല്‍ തന്നെ പൊതുവേ സഞ്ചാരികളും, കടല്‍ യാത്രികരും ആരും തന്നെ 'നീല നീരാളി'യോട് കളിക്കാറില്ല. 

വീഡിയോ കാണാം...

 

Tourist free handling a blue-ringed octopus on tik tok... from r/australia
click me!