മീസല്‍സ് റൂബെല്ല കുത്തിവയ്പ്പില്‍ മെഡിക്കല്‍ കോളേജും പങ്കാളിയാകുന്നു

By Web DeskFirst Published Oct 4, 2017, 7:32 PM IST
Highlights

തിരുവനന്തപുരം: മീസല്‍സ് (അഞ്ചാംപനി) റുബെല്ല (ജര്‍മ്മന്‍ മീസല്‍സ്) എന്നീ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീവ്രയഞ്ജത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും പങ്കാളിയാകുന്നു. എസ്.എ.ടി. ആശുപത്രിയിലെ പി.പി. യൂണിറ്റ് നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നത്. മെഡിക്കല്‍ കോളേജ്, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ 12 സ്‌കൂളുകള്‍, 7 അംഗനവാടികള്‍, 12 ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട വിദഗ്ധസംഘം നേരിട്ടെത്തിയാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത്.

ഈ മേഖലയിലെ മീസല്‍സ് റുബെല്ല കുത്തിവയ്പ്പിന്റെ ഉദ്ഘാടനം പട്ടം ആര്യ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നടന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷനായ ചടങ്ങില്‍ കൗണ്‍സിലര്‍ എസ് എസ് സിന്ധു കുത്തിവയ്പ്പ് ഉദ്ഘാടനം ചെയ്തു. ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈത്രേയി രാജേഷ്, എസ്.എ.ടി. ആര്‍.എം.ഒ. ഡോ. അനിത, ഡോ. ശങ്കര്‍, ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ. സിത്താര, എസ്.എ.ടി. നഴ്‌സിംഗ് സൂപ്രണ്ട് ശൈലജ, മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ. ഡോ. ഖുറൈഷാ ബീവി, എന്‍.എച്ച്.എം. പി.ആര്‍.ഒ. ഗോപിക, നഴ്‌സുമാര്‍, ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

click me!