അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്കില്‍ ഇന്ത്യ മുന്നില്‍

By Web DeskFirst Published Sep 16, 2017, 1:22 PM IST
Highlights

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍‍ട്ട്. അഞ്ച് വയസ്സില്‍ താഴെയുള്ള 9 ലക്ഷം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് മരിച്ചതായി രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് തെക്കനേഷ്യയില്‍ 24 ശതമാനം മാത്രമുള്ളപ്പോള്‍ ഇന്ത്യയില്‍ 39 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 9 ലക്ഷം കുട്ടികളാണ് രാജ്യത്ത് മരിച്ചത്. 5 വയസ്സില്‍ താഴെയുള്ള 1000 കുട്ടികളില്‍ ശരാശരി 865 പേര്‍ മരിച്ചു. 350 കുട്ടികള്‍ ചാപിള്ളയായിട്ടാണ് ജനിച്ചത്. ആഗോളതലത്തില്‍ ഇത് 50 ലക്ഷത്തിലും താഴെയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ മരണ നിരക്ക് വര്‍ദ്ധിച്ചത്. 

രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നില്‍. കഴിഞ്ഞ അഞ്ച് ദശകത്തിനിടയ്ക്ക് ആഗോളതലത്തില്‍ വിവിധ പ്രായത്തിലുള്ള കുട്ടികളുടെ മരണനിരക്കില്‍ കാര്യമായ ഇടിവുണ്ടായപ്പോഴാണ് ഇന്ത്യയില്‍ നിരക്ക് ഉയര്‍ന്നത്. 

ഗൊരഖ് പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് 72 കുട്ടികള്‍ മരിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കള്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ കുട്ടികളുടെ മരണനിരക്ക് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 

click me!