
ആള്‍ദൈവങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള നാടാണ് ഇന്ത്യ. എന്തിനേറെ, നമ്മുടെ കൊച്ചുകേരളത്തില്‍പ്പോലും ആള്‍ദൈവങ്ങള്‍ക്ക് കിട്ടുന്ന ആരാധന സ്വപ്‌നം കാണുന്നതിലും ഏറെ വലുതാണ്. എന്തിനാണ് ഇതൊക്കെ പറയുന്നതെന്നല്ലേ. കഴിഞ്ഞ ദിവസം ഗുര്‍മീത് റാം റഹി സിങ് എന്ന ആള്‍ദൈവമാണ് വാര്‍ത്തകളില്‍നിറഞ്ഞുനിന്നത്. ഭക്തരെയും ആരാധകരെയും ശിഷ്യരെയും ബലാല്‍സംഗം ചെയ്‌ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗുര്‍മീതിന് കോടതി വിധിച്ചത് 20 വര്‍ഷം തടവാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഗുര്‍മീതിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറായി ആയിരങ്ങളാണ് തെരുവുകളില്‍ അഴിഞ്ഞാടിയത്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ക്ക് ഇത്രയേറെ സ്വാധീനം വര്‍ദ്ധിക്കുന്നതെന്ന് പരിശോധിക്കാം.
ഇന്ത്യക്കാര്‍ പൊതുവെ ആത്മീയതയോട് ഏറെ അടുപ്പമുള്ളവരാണ്. ദൈവവിശ്വാസത്തിന് വലിയ വില കല്‍പ്പിക്കുന്ന ഇന്ത്യക്കാര്‍ മതാചാരങ്ങള്‍ പാലിക്കുന്നതിലും ഏറെ ശ്രദ്ധാലുക്കളാണ്. ആത്മീയതയോടുള്ള ഈ അടുപ്പമാണ് മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ സ്വയം അവതരിക്കുന്ന ആള്‍ദൈവങ്ങളോടു ഇഷ്‌ടവും ഭക്തിയും തോന്നാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്.
ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണ്. സാമൂഹിക അസമത്വം. സാമ്പത്തികശേഷിക്കുറവ്, ജോലി ഇല്ലായ്‌മ, പട്ടിണി-ദാരിദ്ര്യം എന്നിവയൊട് മല്ലിട്ടാണ് ഇന്ത്യക്കാരന്റെ ജീവിതം. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് സന്തോഷം കുറഞ്ഞുവരുകയും വിഷാദം കൂടുതലായി കണ്ടുവരികയും ചെയ്യുന്ന ജനതയാണ് ഇന്ത്യയിലേത്. ജീവിതത്തിലെ ദുരിതങ്ങളില്‍നിന്ന് കരകയറ്റാമെന്ന വാഗ്ദ്ധാനവുമായി എത്തുന്ന ആള്‍ദൈവങ്ങളെ പെട്ടെന്ന് വിശ്വസിച്ചുപോകുന്നത് ഇത്തരം സാഹചര്യങ്ങള്‍കൊണ്ട് കൂടിയാണ്.
ഭക്തരെ വിശ്വാസത്തിലെടുക്കാന്‍ പല തന്ത്രങ്ങളും ആള്‍ദൈവങ്ങള്‍ പുറത്തെടുക്കാറുണ്ട്. അതില്‍ പൊതുവെ കണ്ടുവരുന്നതാണ് വായുവില്‍ കൈചുഴറ്റി ഭസ്‌മം എടുത്തുനല്‍കുന്ന വിദ്യ. ഭക്തരുടെ വിവരങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി, അതിനനുസരിച്ച് ഭാവിയും ഭൂതവും വര്‍ത്തമാനവും പറയുന്നതും ആളുകളെ വിശ്വാസത്തിലെടുക്കാന്‍ സഹായിക്കും. മധുരതരമായ സംസാരങ്ങളും ആത്മീയവചനങ്ങളും ആള്‍ദൈവങ്ങളെ ഇഷ്‌ടപ്പെടാനിടയാക്കുന്ന കാര്യങ്ങളാണ്.
പൊതുവെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ ബഹുസ്വരത കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇവിടെ കൂടുതല്‍ ഹിന്ദുമതവിശ്വാസികളാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ആള്‍ദൈവങ്ങളും ഹിന്ദുമതത്തില്‍ അധിഷ്‌ഠിതമായ വിശ്വാസരീതികളാണ് പിന്തുടരുന്നതും, ഭക്തരില്‍ അടിച്ചേല്‍പ്പിക്കുന്നതും. തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെയൊപ്പം ഇത്തരം ആള്‍ദൈവങ്ങളെക്കൂടി ആരാധിക്കാന്‍ ഇന്ത്യക്കാരെ പ്രാപ്‌തമാക്കുന്നതില്‍ ഈ ബഹുസ്വരത പ്രധാനപ്പെട്ട ഒന്നാണ്.
ആള്‍ദൈവങ്ങള്‍ക്കും അവരുട പ്രസ്ഥാനങ്ങള്‍ക്കും നാട്ടിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാറുണ്ട്. ആള്‍ദൈവങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഭരണരംഗത്തുള്ളവര്‍ ഉള്‍പ്പടെ രാഷ്‌ട്രീയക്കാര്‍ പങ്കെടുക്കാറുണ്ട്. ഇതും ജനങ്ങളില്‍ സ്വാധീനം ചെലുത്തും. ഓള്‍ദൈവങ്ങള്‍ പറയുന്നതിലും ചെയ്യുന്നതിലും എന്തൊക്കെയോ കാര്യങ്ങളുണ്ടെന്ന വിശ്വാസം ഉടലെടുക്കാന്‍ ഈ രാഷ്‌ട്രീയ പിന്തുണ ഇടയാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam