
ബാത്ത് റൂമിൽ പോയ ശേഷം കെെകൾ കഴുകണമെന്ന് പറയുന്നതിൽ പല കാരണങ്ങളുണ്ട്. അണുബാധയും രോഗബാധയും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് കെെകൾ കഴുകുക എന്നതെന്ന് അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യകേന്ദ്രമായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (സി ഡി സി) പറയുന്നു. ബാത്ത് റൂമിൽ പോയ ശേഷം കെെകൾ സോപ്പോ ഏതെങ്കിലും ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകണമെന്ന് ഡൽഹിയിലെ ഹോലിസ്റ്റിക് ഹെൽത്ത് സെൻററിലെ ഡോക്ടറായ ഡോ. അഗർവാൾ പറയുന്നു.
ബാത്ത് റൂം വൃത്തിയല്ലെങ്കിൽ മഞ്ഞപ്പിത്തവും മറ്റ് അസുഖങ്ങളും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു. വീട്ടിലെ ബാത്ത് റൂം മാത്രമല്ല പബ്ലിക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പബ്ലിക്ക് ടോയ്‌ലറ്റുകളുടെ വാതിൽ തുറക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
ഒരിക്കലും വാതിലിന്റെ കെെപിടിയിൽ പിടിക്കാതിരിക്കുക. വാതിൽ തുറക്കുമ്പോൾ കെെയ്യിൽ ടിഷ്യൂ പേപ്പർ കരുതണം. വെസ്റ്റേൺ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുക്കൾ കൂടുതലും തങ്ങി നിൽക്കുന്നത് വെസ്റ്റേൺ ടോയ്‌ലറ്റിലാണ്. ഫ്ലഷ് ചെയ്തിട്ടു വേണം വെസ്റ്റേൺ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കേണ്ടത്. ഫ്ലഷ് ബട്ടൺ അമർത്തുമ്പോഴും ടിഷ്യൂ ഉപയോഗിക്കാൻ മറക്കരുത്. പബ്ലിക്ക് ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.