ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍ ഇവയാണ്!

By Web DeskFirst Published Mar 19, 2017, 11:01 PM IST
Highlights

നിലവില്‍ ലോകത്തുള്ള ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍ ഏതൊക്കെയാണ്? ഈ ചോദ്യത്തിനുള്ള മറുപടിയുമായാണ് പ്രമുഖ ഗവേഷണ സ്ഥാപനമായ സ്‌കൈട്രാക്‌സിന്റെ പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2017ലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയാണ് സ്‌കൈട്രാക്‌സ് പുറത്തുവിടുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം...

10, ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മ്മനി-

ജര്‍മ്മനിയിലെ പ്രമുഖ വിമാനത്താവളമാണ് ഫ്രാങ്ക്ഫര്‍ട്ടിലേത്. ജര്‍മ്മന്‍ ഔദ്യോഗിക എയര്‍ലൈന്‍സായ ലുഫ്താന്‍സയുടെ ആസ്ഥാനവും ഇവിടെയാണ്. ഇവിടെനിന്ന് ലോകത്തെ 293 നഗരങ്ങളിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. പല നഗരങ്ങളിലേക്കും നേരിട്ട് സര്‍വ്വീസ് ഉണ്ട് എന്നതും മറ്റൊരു സവിശേഷതയാണ്.

9, ഹീത്രൂ, ഇംഗ്ലണ്ട്

ലോകത്തെ ഏറ്റവും ജനപ്രിയമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് ലണ്ടനിലെ ഹീത്രൂ. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍നിരയിലാണ് ഹീത്രൂ വിമാനത്താവളം

8, സൂറിച്ച്, സ്വിറ്റ്‌സര്‍ലന്‍ഡ്-

ക്ലോട്ടന്‍ എന്ന പേരിലും ഈ എയര്‍പോര്‍ട്ട് അറിയപ്പെടുന്നു. 1948ല്‍ ആരംഭിച്ച് സൂറിച്ച് വിമാനത്താവളം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലുതാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഔദ്യോഗിക എയര്‍ലൈന്‍സായ സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ആസ്ഥാനവും ഇവിടെയാണ്.

7, ചുബു സെന്‍ട്രയര്‍, ജപ്പാന്‍-

ജപ്പാനിലെ കൃത്രിമ ദ്വീപായ ഐസ് ബേയിലാണ് ചുബു സെന്‍ട്രയര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ലോകത്തെ മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നാണിത്.

6, ഹമദ്, ഖത്തര്‍-

2014ല്‍ തുറന്ന ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളമാണ് സ്‌കൈട്രാക്‌സ് റേറ്റിങ് പ്രകാരം ഗള്‍ഫില്‍ പഞ്ചനക്ഷത്ര പദവിയുള്ള ഏക എയര്‍പോര്‍ട്ട്.

5, ഹോങ്കോങ്-

ചെക് ലാപ് കോക് വിമാനത്താവളം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളി്ല്‍ ഒന്നാണിത്. 1998ല്‍ ഇത് തുറന്ന സമയത്ത് ലോകത്തെ ഏറ്റവും വലിയ പാസഞ്ചര്‍ ടെര്‍മിനല്‍ ഉള്ള വിമാനത്താവളമായിരുന്നു ഇത്. ഹോങ്കോങിന്റെ ഔദ്യോഗിക വിമാന സര്‍വ്വീസായ കാത്തേ പസിഫിക് ആസ്ഥാനവും ഇവിടെയാണ്.

4, മ്യൂണിക്ക്, ജര്‍മ്മനി-

ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ എയര്‍പോര്‍ട്ടാണിത്. ഇവിടെനിന്ന് ലോകത്തെ 240 നഗരങ്ങളിലേക്ക് വിമാന സര്‍വ്വീസുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്താവളമാണിത്.

3, ഇഞ്ചിയോണ്‍, ദക്ഷിണകൊറിയ-

ലോകത്തെ ഏറ്റവും തിരക്കേറിയതും വലുതും വൃത്തിയുള്ളതുമായ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. ഈ വിമാനത്താവളത്തിനുള്ളില്‍ സ്‌പാ, ഗോള്‍ഫ് കോര്‍ട്ട്, കാസിനോ, മ്യൂസിയം, ഐസ് സ്‌കേറ്റിങ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ലഭ്യമാണ്.  

2, ടോക്യോ- ഹനേഡ, ജപ്പാന്‍-

ടോക്യോ നഗരത്തിലെ വമ്പന്‍ രണ്ട് വിമാനത്താവളങ്ങളില്‍ ഒന്നാണ് ടോക്യോ- ഹനേഡ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ എയര്‍ബേസായി ഉപയോഗിച്ചിട്ടുള്ള ഈ വിമാനത്താവളം ഇന്ന് ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ മുന്‍നിരയിലാണ്. ലോകത്തെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളവും ഇതാണ്.

1, സിംഗപ്പുര്‍ ചാംഗി വിമാനത്താവളം-

സ്‌കൈട്രാക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമാണ് സിംഗപ്പുര്‍ ചാംഗി എയര്‍പോര്‍ട്ട്. തെക്ക് കഴിക്കനേഷ്യയുടെ ഗതാഗത ഹബ് ആയി അറിയപ്പെടുന്ന ഈ വിമാനത്താവളം ലോകത്തെ തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി പ്ലക്‌സുകള്‍, റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂള്‍, ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍ തുടങ്ങി ഒട്ടേറെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ വിമാനത്താവളം.

click me!