ജനിപ്പിക്കാന്‍ സമ്മതം ചോദിച്ചില്ല; അച്ഛനും അമ്മയ്ക്കുമെതിരെ യുവാവ്

By Web TeamFirst Published Feb 6, 2019, 6:39 PM IST
Highlights

മാതാപിതാക്കളോടുള്ള വെറുപ്പിന്റെ ഭാഗമായല്ല ഇത്തരമൊരു തീരുമാനം. മാത്രമല്ല അവരെ തനിക്ക് വളരെ ഇഷ്ടമാണെന്നാണ് യുവാവ് പറയുന്നതും. പിന്നെയെന്തിനാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തിരിക്കുന്നത്? ഇതിനുള്ള ഉത്തരവും റാഫേല്‍ സാമുവല്‍ തന്നെ പറയും

ജനിപ്പിക്കും മുമ്പ് തന്റെ സമ്മതം തേടിയില്ല, അതിനാല്‍ തന്നെ അച്ഛനും അമ്മയ്ക്കുമെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നു... കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമാണല്ലോയെന്ന് തോന്നുന്ന, ഈ വാദവുമായാണ് മുംബൈ സ്വദേശിയായ റാഫേല്‍ സാമുവല്‍ എന്ന ഇരുപത്തിയേഴുകാരന്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഗതി സത്യമാണ്, റാഫേല്‍ സാമുവല്‍ കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

എന്നാല്‍ ഇത് മാതാപിതാക്കളോടുള്ള വെറുപ്പിന്റെ ഭാഗമായല്ല. മാത്രമല്ല അവരെ തനിക്ക് വളരെ ഇഷ്ടമാണെന്നാണ് യുവാവ് പറയുന്നതും. പിന്നെയെന്തിനാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തിരിക്കുന്നത്? ഇതിനുള്ള ഉത്തരവും റാഫേല്‍ സാമുവല്‍ തന്നെ പറയും. 

താനൊരു 'ആന്റി നാറ്റലിസ്റ്റ്' ആണ്, അതിനാലാണ് ഈ തീരുമാനമെന്നാണ് റാഫേലിന്റെ മറുപടി. ജീവിതത്തോട് തനിക്കുള്ള സമീപനം വ്യക്തമാക്കുക, താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയം പരമാവധി പേരിലെക്കെത്തിക്കുക- ഇവയാണ് ഈ യുവാവിന്റെ ലക്ഷ്യം. എങ്കിലും മാതാപിതാക്കളെ കോടതി കയറ്റാന്‍ പോലും പ്രേരിപ്പിച്ച ആ 'ജീവിത ദര്‍ശനം' എന്താണ്?

എന്താണ് 'ആന്റി നാറ്റലിസം'?

ജനനം എന്ന് അര്‍ത്ഥം വരുന്ന 'നാറ്റലിസ്' എന്ന ലാറ്റിന്‍ വാക്കില്‍ നിന്ന് പറഞ്ഞുതുടങ്ങാം. ഇതില്‍ നിന്നാണ് 'നാറ്റലിസം' ഉണ്ടാകുന്നത്. സാമൂഹികമായ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മനുഷ്യരാശിയെ നിലനിര്‍ത്തുക എന്ന നയമാണ് 'നാറ്റലിസം' മുന്നോട്ടുവയ്ക്കുന്നത്. 

ഏറ്റവും ലളിതമായി പറഞ്ഞാല്‍ പ്രത്യുത്പാദനവും, കുഞ്ഞുങ്ങളുണ്ടാകുന്നതുമെല്ലാം വളരെ നല്ലതാണെന്ന് പറയുന്ന വാദം. ഇതിന്റെ നേര്‍ വിപരീതമാണ് 'ആന്റി നാറ്റലിസം'. ജനിക്കുന്നത് തന്നെ കുറേയധികം വേദനകളെയും കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും നേരിടാനാണെന്നും മാതാപിതാക്കള്‍ കുഞ്ഞുങ്ങളെയുണ്ടാക്കുന്നത് അവരുടെ സന്തോഷത്തിനും ആഹ്ലാദത്തിനും വേണ്ടി മാത്രമാണെന്നുമാണ് 'ആന്റി നാറ്റലിസ്റ്റു'കളുടെ വാദം. 

കഷ്ടങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്, പകരം ഉള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുകയെന്നതാണ് ഇവര്‍ക്ക് സമൂഹത്തോട് പ്രധാനമായും പറയാനുള്ളത്. ഇത്തരത്തിലുള്ള വാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ലോകമെമ്പാടും ഉണ്ട്, റാഫേല്‍ സാമുവലിനെപ്പോലെ. ജീവിതത്തില്‍ നിന്ന് സ്വയം ഉള്‍ക്കൊള്ളുന്ന 'ഫിലോസഫി'യെന്നോ അക്കാദമിക് ആയി പിന്തുടരാനാവുന്ന 'ഫിലോസഫി'യെന്നോ ഒക്കെയാണ് ഈ വാദത്തെ ഇവര്‍ വിശേഷിപ്പിക്കുന്നത്.

അതേസമയം ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു കാഴ്ചപ്പാട് കൂടിയാണിത്. മിക്കവാറും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് സധൈര്യം ഞാന്‍ 'ആന്റി നാറ്റലിസ്റ്റ്' ആണെന്ന വാദവുമായി മുന്നോട്ട് വരാറ്. സമൂഹമാധ്യമങ്ങളാണ് ഇങ്ങനെയുള്ള ചെറുപ്പക്കാരുടെ പ്രധാന വേദി. ഇവിടെ വച്ച് പരസ്പരം തിരിച്ചറിയാനും തങ്ങളുടെ വാദങ്ങള്‍ പരസ്യമായി മുന്നോട്ടുവയ്ക്കാനും ഇവര്‍ തയ്യാറാകുന്നു. ഇപ്പോള്‍ റാഫേല്‍ സാമുവലിന്റെ വരവോടെ 'ആന്റി നാറ്റലിസ'ത്തെ കുറിച്ച് നമ്മളും കൂടുതല്‍ അന്വേഷിക്കുകയും അറിയുകയും ചെയ്യുകയാണ്...
 

click me!