വീട്ടില്‍ പ്രേതമുണ്ടെന്ന് അവള്‍ ഉറപ്പിച്ചു; ഒരു രാത്രി അതിനെ സധൈര്യം നേരിടാനും തീരുമാനിച്ചു....

By Web TeamFirst Published Feb 6, 2019, 3:50 PM IST
Highlights

പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരിടത്ത് എത്തിപ്പെടുമ്പോള്‍ നമുക്ക് എന്താണ് സംഭവിക്കുന്നത്? എങ്ങനെയാണ് നമ്മള്‍ ഇത്തരം വിഷയങ്ങളെ നേരിടുന്നത്? അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് എന്താണ് സംഭവിക്കുന്നത്? ഇതാ ഒരു പഠനം പറയുന്നു...

നോര്‍ത്ത് കരോളിനയിലെ ഗ്രീന്‍സ്‌ബോറോയില്‍ വിദ്യാര്‍ത്ഥിയാണ് മാഡി. ഒറ്റയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ദിവസങ്ങളായി മാഡിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ പല തരത്തിലുള്ള മാറ്റങ്ങളും കാണുന്നു. അലക്കിയിട്ട വസ്ത്രങ്ങള്‍ കാണുന്നില്ല, ഭക്ഷണം കാണുന്നില്ല, അങ്ങനെയങ്ങനെ പല മാറ്റങ്ങള്‍...

മാഡി സുഹൃത്തുക്കളോട് തമാശയ്ക്ക് പറഞ്ഞു, വീട്ടില്‍ പ്രേതമുണ്ടെന്ന്. ഇവര്‍ക്കിടയില്‍ ഇതൊരു സ്ഥിരം ജോക്ക് ആയി മാറി. പിന്നെ പതിയെ മാഡിക്ക് ആ തമാശയുടെ രസം നഷ്ടപ്പെടാന്‍ തുടങ്ങി. 

ഒരു ദിവസം ബാത്ത്‌റൂമിന്റെ വാതിലിലെ ചില്ലില്‍ മാഡി ഒരു കയ്യിന്റെ അടയാളം കണ്ടു. അത് തന്റേതല്ലെന്ന് മാഡിക്ക് ഉറപ്പായിരുന്നു. അപ്പോഴേക്കും അവര്‍ ശരിക്കും പേടിച്ചുതുടങ്ങിയിരുന്നു. പിന്നെ പലപ്പോഴും വീടിന്റെ പലയിടങ്ങളില്‍ നിന്നായി പല ശബ്ദങ്ങളും കേട്ടു. പേടിയോടെ കഴിഞ്ഞ സമയങ്ങളില്‍ നിന്ന് പെട്ടെന്നൊരു രാത്രി മാഡി ഉണര്‍ന്നു. 

തന്റെ വീട്ടിനകത്ത് തന്നോടൊപ്പം കഴിയുന്ന പ്രേതത്തിനെ നേരിടാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ശബ്ദം കേള്‍ക്കുന്ന ദിശ പിടിച്ചുതന്നെ ചെന്നപ്പോള്‍ അത് ബാത്ത്‌റൂമിനകത്ത് നിന്നാണെന്ന് മനസ്സിലായി. ബാത്ത്‌റൂം വാതില്‍ പുറത്തുനിന്ന് അടച്ചുപൂട്ടി, എന്നിട്ട് ധൈര്യം സംഭരിച്ച്, ഉറക്കെ വിളിച്ചുചോദിച്ചു. 

'ആരാണ് അകത്ത്?...'

കുറേ നേരത്തേക്ക് മറുപടിയൊന്നുമുണ്ടായില്ല. പിന്നെ ഒരു പുരുഷശബ്ദം മറുപടി പറഞ്ഞു. ഞാന്‍ 'ഡ്ര്യൂ', എന്റെ പേര് ഡ്ര്യൂ...

മാഡി ഉടന്‍ തന്നെ പൊലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈനിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. അകത്തുനിന്ന് അയാള്‍ മാഡിയോട് പൊലീസിനെ വിളിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ടേയിരുന്നു. അവസാനം അവര്‍ വാതില്‍ തുറന്നു. തന്റെ ഉടുപ്പുകളും സോക്‌സും എല്ലാം ധരിച്ച് ഒരു പുരുഷന്‍. മനുഷ്യന്‍ തന്നെ!

തുടര്‍ന്ന് കാമുകനെയും പൊലീസിനെയും അവര്‍ വിളിച്ചുവരുത്തി. മുമ്പും പല കേസുകളിലും പ്രതിയായിരുന്ന, ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളയാളായിരുന്നു ആന്‍ഡ്ര്യൂ. സൂത്രത്തില്‍ അപ്പാര്‍ട്ട്‌മെന്റിനകത്ത് കയറി ബാത്ത്‌റൂമില്‍ താമസമാക്കുകയായിരുന്നു. മാഡിയുടെ കണ്ണ് വെട്ടിച്ചായിരുന്നു മുഴുവന്‍ സമയവും അയാള്‍ വീട്ടിനകത്ത് കഴിഞ്ഞിരുന്നത്. 

മാഡിയുടെ ധൈര്യത്തെയാണ് പൊലീസും മറ്റ് സുഹൃത്തുക്കളുമെല്ലാം പുകഴ്ത്തുന്നത്. പ്രേതം ബാധിച്ച വീടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബോധം പോകുന്നവര്‍ക്കിടയിലാണ്, 'പ്രേത'ത്തെ സധൈര്യം നേരിടാന്‍ മാഡി തീരുമാനിക്കുന്നത്. എങ്ങനെ ഇത്രയും ധൈര്യം ലഭിച്ചുവെന്ന് ചോദിച്ചാല്‍ അവര്‍ക്കും അതിന് ഉത്തരമില്ല. യഥാര്‍ത്ഥത്തില്‍ അത് ധൈര്യം തന്നെയായിരുന്നോ? അതോ പേടി കൂടിക്കൂടി അത് ധൈര്യമായതോ? എങ്ങനെയാണ് നമ്മള്‍ ഇത്തരം വിഷയങ്ങളെ നേരിടുന്നത്? അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് എന്താണ് സംഭവിക്കുന്നത്?

ഇതാ ഗവേഷകര്‍ പറയുന്നു...

പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയത്. പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരിടത്ത് എത്തിപ്പെടുമ്പോള്‍ നമുക്ക് എന്താണ് സംഭവിക്കുന്നത്? ഇതിന് ഒരുത്തരം കണ്ടെത്തുകയെന്നതായിരുന്നു ഇവരുടെ വെല്ലുവിളി. 

പിറ്റ്‌സ്ബര്‍ഗില്‍ തന്നെയുള്ള ഒരു പ്രേതഭവനമായിരുന്നു ഈ പഠനത്തിനായി ഇവര്‍ തെരഞ്ഞെടുത്തത്. ഇതിനകത്തേക്ക് കയറാന്‍ 260ലധികം പേരെയും സംഘം തെരഞ്ഞെടുത്തു. ഓരോരുത്തരെയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച് വീട്ടിനകത്തേക്ക് വിട്ടു. പോകുന്നതിന് മുമ്പും അവിടെയെത്തിയിട്ടും അവിടെ നിന്നിറങ്ങിയിട്ടും അവര്‍ക്കെന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് സൂക്ഷമമായി പഠിച്ചു. 

ഒടുവില്‍ അവര്‍ ഒരു നിഗമനത്തിലെത്തി. ഇത്തരം സാഹചര്യങ്ങളിലെത്തുമ്പോള്‍ പകുതിയോളം മനുഷ്യരും (50 %) അത് തരണം ചെയ്ത്, കരുത്തോടെ തിരിച്ചുവരുമത്രേ. പേടിയില്‍ നിന്ന് ഈ വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍ വൈകാരികമായി നേരെ പോകുന്നത് ഇത്തരത്തില്‍ അതിജീവിക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിലേക്കായിരിക്കും. ഇതായിരിക്കാം മാഡിയുടെ കാര്യത്തിലും സംഭവിച്ചിരിക്ക. പേടിയെന്നത് ഒരു വികാരം മാത്രമായിരിക്കുകയും, മറ്റൊരു വികാരത്തിന് അതിനെ കീഴടക്കാന്‍ കഴിയുകയും ചെയ്യുന്നതോടെ നമ്മള്‍ വിജയിക്കുന്നുവത്രേ...

അതേസമയം മറുപകുതിയില്‍ (50 % )പെടുന്ന മനുഷ്യരില്‍ 33 ശതമാനവും  വലിയ പ്രശ്‌നങ്ങളില്ലാതെ തിരിച്ചുവരുന്നു. 17 ശതമാനം പേര്‍ മോശം മാനസികാവസ്ഥയുമായും തിരിച്ചുവരുന്നു. ഈ പഠനത്തിന്റെ ഫലം വളരെ കൃത്യമാണെന്ന് പറയുക വയ്യെങ്കിലും, പേടി പോലുള്ള വൈകാരികാവസ്ഥകളില്‍ മനുഷ്യന്‍ ഇങ്ങനെയെല്ലാമാകാം അതിജീവിക്കുകയെന്ന് വെറുതെ നമുക്ക് ആശ്വസിക്കാം. 

click me!