
നമ്മുടെ നാട്ടില്‍ മുമ്പ് ബസ് സ്റ്റോപ്പുകളില്‍ വീതിയേറിയ ഇരിപ്പിടങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വികസനത്തിന്റെ ഭാഗമായി 'സ്മാർട്' ബസ് സ്റ്റോപ്പുകള്‍ വന്നപ്പോള്‍ അവസ്ഥകള്‍ ആകെ മാറിമറിഞ്ഞു. സ്വസ്ഥമായി ഇരിക്കാനാകില്ലെന്ന് മാത്രമല്ല, നിന്ന് കാല് കഴയ്ക്കുമ്പോള്‍ ഒന്ന് ചാരിനില്‍ക്കാന്‍ പോലുമാകാത്ത ഇരിപ്പിടങ്ങളായി 'മോഡേണ്‍' ബസ് സ്‌റ്റോപ്പുകളില്‍.
നീണ്ട വലിയ ഇരുമ്പ് കുഴലുകളാണ് ഇരിപ്പിടങ്ങളായി ഇപ്പോള്‍ ഭൂരിഭാഗം ബസ് സ്‌റ്റോപ്പുകളിലും സ്ഥാപിച്ചിരിക്കുന്നത്. പഴയ ഇരിപ്പിടങ്ങളുള്ള 'കാത്തിരിപ്പ് കേന്ദ്ര'ങ്ങള്‍ ഗ്രാമങ്ങളിലോ ഉള്‍പ്രദേശങ്ങളിലോ നഗരപ്രാന്തങ്ങളിലോ മാത്രം കാണപ്പെടുന്നു.
പലപ്പോഴും ഈ 'കുഴല്‍' ഇരിപ്പിടങ്ങളെ ശപിച്ചുകൊണ്ട് ആളുകള്‍ ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുന്നത് കണ്ടിട്ടില്ലേ? ഒട്ടും ജനസൗഹാര്‍ദ്ദപരമല്ലാത്ത ഈ ആശയം ആവിഷ്‌കരിച്ചവര്‍ അറിയാന്‍ ഒരു നല്ല വാര്‍ത്ത പങ്കിടാം...
യൂത്രെക്ട് എന്ന ഡച്ച് നഗരത്തില്‍ പൊതുഗതാഗത മേഖലയില്‍ പല പരിഷ്‌കാരങ്ങളും നടന്നുവരികയാണ്. അതിന്റെ ഭാഗമായി ബസ് സ്റ്റോപ്പുകളുടെ രൂപവും ഘടനയും സ്വഭാവവുമെല്ലാം ആകെ പൊളിച്ചെഴുതിയിരിക്കുകയാണ്. നഗരത്തിനകത്തും അതിനെ ചുറ്റിപ്പറ്റിയുമായി ഉള്ള 316 ബസ് സ്റ്റോപ്പുകളുടെ മേല്‍ഭാഗം (റൂഫ്) ചെടികളും വള്ളികളും പടര്‍ത്തി പച്ചപ്പിലേക്ക് മാറ്റിനട്ടിരിക്കുകയാണിപ്പോള്‍.
(മേൽക്കൂരയിൽ ചെടികളും വീതിയേറിയ ഇരിപ്പിടങ്ങളുമുള്ള, യൂത്രെക്ടിലെ ബസ് സ്റ്റോപ്പുകൾ)
ചെടികളില്‍ പൂക്കള്‍ വിടര്‍ന്നും, നനവ് പടര്‍ന്നും, തേനീച്ചകളും ചെറുകിളികളും കൂട്ടുകൂടിയും ആകെ സന്തോഷം നിറയ്ക്കുന്ന അന്തരീക്ഷമായി ഇവിടത്തെ ബസ് സ്റ്റോപ്പുകള്‍ മാറിയിരിക്കുന്നു. കാഴ്ചയ്ക്കുള്ള ഭംഗിക്ക് വേണ്ടി മാത്രമല്ല ഇത്. വായു മലിനീകരണം മൂലം അസുഖങ്ങള്‍ വ്യാപിക്കുന്നത് വലിയ തോതില്‍ വര്‍ധിച്ചതോടെയാണ് അധികൃതര്‍ ഇത്തരം തീരുമാനങ്ങളിലേക്കെത്തിയിരിക്കുന്നത്.
എപ്പോഴും നനവ് നില്‍ക്കുന്നതിനാല്‍ വേനലിലെ കടുത്ത ചൂടിനെ ഇതിലൂടെ ചെറുക്കാനാകും. അതോടൊപ്പം പൊടിയും മോശം വായുവുമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാം. ചെറുപക്ഷികള്‍ക്ക് അഭയമൊരുക്കി പ്രകൃതിയെ ഒന്ന് ചേര്‍ത്തുപിടിക്കാം. വെറുതെ ഇവിടെ വന്നിരിക്കാന്‍ പോലും ഇപ്പോള്‍ തോന്നുന്നുണ്ടെന്നാണ് യൂത്രെക്ടിലെ താമസക്കാര്‍ പറയുന്നത്. മനസിന് അത്രയും ആഹ്ലാദം പകരുന്ന ഒരനുഭവമെന്ന് ഇവരുടെ സാക്ഷ്യപ്പെടുത്തല്‍.
(ബസ് സ്റ്റോപ്പിന്‍റെ മുകൾഭാഗം ക്രമീകരിച്ചിരിക്കുന്നതിങ്ങനെ...)
ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകള്‍ കൊണ്ടുവരുന്ന നടപടിയും ഇവിടെ പുരോഗമിക്കുന്നു. ഇതും വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ്. നഗരങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ആരോഗ്യാവസ്ഥകളില്‍ വരുന്ന ആശങ്കാജനകമായ മാറ്റങ്ങള്‍ നമ്മള്‍ നിരന്തരം വായിച്ചും കണ്ടും അനുഭവിച്ചും അറിയുന്നുണ്ട്. എന്നാല്‍ ഇതിനെ ഏതെങ്കിലും രീതിയില്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളൊന്നും തന്നെ നമ്മള്‍ അവലംബിക്കുന്നില്ലയെന്നത് തീര്‍ത്തും നിരാശയുണ്ടാക്കുന്നു. നിത്യജീവിതം എത്രമാത്രം 'ബോറടി'ച്ചും, സമ്മര്‍ദ്ദത്തിലാഴ്ത്തിയും നമ്മള്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത് തന്നെ എന്തൊരാശ്വാസമാണ്. അല്ലേ?