പ്രിയപ്പെട്ട രക്ഷിതാക്കളേ, പ്രിന്‍സിപ്പാള്‍ എഴുതുന്നത്... എന്തെന്നാല്‍....!

By Web TeamFirst Published Mar 11, 2019, 5:36 PM IST
Highlights

എത്ര വിദ്യാഭ്യാസമുള്ളവരാണെങ്കിലും, എത്ര വലിയ ജോലിയുള്ളവരാണെങ്കിലും കുട്ടികളെ ചൊല്ലിയുള്ള ആശങ്കകളൊക്കെ മിക്ക രക്ഷിതാക്കളിലും ഒരുപോലെയായിരിക്കും ഉണ്ടാവുക. ഇതിനെ മറികടക്കല്‍ അത്ര എളുപ്പവുമല്ല. പലപ്പോഴും അധ്യാപകരും ഈ ആശങ്കകളെ അഭിസംബോധന ചെയ്യാറില്ല
 

പരീക്ഷക്കാലങ്ങള്‍ കടന്നുകിട്ടാന്‍ കുട്ടികളെക്കാള്‍ പാടാണ് രക്ഷിതാക്കള്‍ക്ക്. എപ്പോഴും ആശങ്കകളായിരിക്കും. എല്ലാ വിഷയത്തിലും മകള്‍ക്ക്/ മകന് എ- പ്ലസ് കിട്ടില്ലേ? ഏതെങ്കിലും വിഷയത്തില്‍ പിറകിലേക്കാകുമോ? ഇനിയെങ്ങാന്‍ തോല്‍ക്കുമോ? ... അങ്ങനെ ഒരു നൂറ് പേടികളാകും മനസ്സില്‍. 

എത്ര വിദ്യാഭ്യാസമുള്ളവരാണെങ്കിലും, എത്ര വലിയ ജോലിയുള്ളവരാണെങ്കിലും ഈ ആശങ്കകളൊക്കെ മിക്ക രക്ഷിതാക്കളിലും ഒരുപോലെയായിരിക്കും ഉണ്ടാവുക. ഇതിനെ മറികടക്കല്‍ അത്ര എളുപ്പവുമല്ല. പലപ്പോഴും അധ്യാപകരും ഈ ആശങ്കകളെ അഭിസംബോധന ചെയ്യാറില്ല. 

എന്നാല്‍ പരീക്ഷക്കാലത്തെ ധൈര്യമായും സമാധാനത്തോടെയും നേരിടാന്‍ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ തയ്യാറെടുപ്പിക്കാന്‍ ഒരു പ്രിന്‍സിപ്പാള്‍ തന്നെ മുന്നിട്ടിറങ്ങിയാലോ? ആദ്യം പറഞ്ഞ പോലുള്ള സമ്മര്‍ദ്ദങ്ങളെല്ലാം എങ്ങനെ നേരിടണമെന്ന് പ്രിന്‍സിപ്പാള്‍ തന്നെ പറഞ്ഞുതരികയാണെങ്കിലോ?

അത്തരത്തിലൊരു മെസേജാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി കറങ്ങിനടക്കുന്നത്. പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒരു കത്താണ് സംഭവം. യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ തന്നെ എഴുതിയതാണോ ഈ കത്ത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും വാട്ട്‌സ് ആപ്പില്‍ തരംഗമായതോടെ കത്ത് പതിയെ ഫേസ്ബുക്ക് വാളുകളിലേക്കും പടര്‍ന്നുകയറിയിട്ടുണ്ട്. 

കത്ത് വായിക്കാം...

പ്രിയ രക്ഷകര്‍ത്താക്കളെ,

കുട്ടികളുടെ പരീക്ഷ ഉടന്‍ തുടങ്ങുകയാണ്. കുട്ടികള്‍ നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തില്‍ നിങ്ങള്‍ ആശങ്കാകുലരാണെന്ന് അറിയാം. പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. 

ഈ പരീക്ഷയെഴുതുന്ന കുട്ടികളില്‍, കണക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു ചിത്രകാരന്‍ ഉണ്ടാവാം... ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ കൂടുതല്‍ ശ്രദ്ധിക്കേണ്ടാത്ത വലിയ ഒരു വ്യവസായസംരംഭകനും ഉണ്ടാവാം...  രസതന്ത്രത്തിന്റെ മാര്‍ക്ക് ബാധകമല്ലാത്ത ഒരു നല്ല സംഗീതജ്ഞന്‍ ഉണ്ടാവാം... ഫിസിക്‌സിന്റെ മാര്‍ക്കിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കേണ്ട ഒരു അത്ലറ്റ് ഉണ്ടാവാം...

നിങ്ങളുടെ കുട്ടി നല്ല മാര്‍ക്ക് വാങ്ങിയാല്‍ നല്ലത്. പക്ഷെ മാര്‍ക്ക് കുറഞ്ഞുപോയാല്‍ കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക. ഇതൊരു പരീക്ഷ മാത്രം. ജീവിതത്തില്‍ വിജയിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ ധാരാളമുണ്ട്. ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതുകൊണ്ട് അവരുടെ കഴിവിനെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തരുത്. 

പ്രത്യേകം ഓര്‍ക്കുക! ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമല്ല ഈ ലോകത്തില്‍ സന്തോഷമായി കഴിയുന്നത്.

സ്‌നേഹാദരങ്ങളോടെ,
പ്രിന്‍സിപ്പാള്‍


 

click me!