ഇന്ത്യ മുഴുവന്‍ അമ്മയേയും കൊണ്ടൊരു യാത്ര! അതും 20 വര്‍ഷം പഴയ സ്‌കൂട്ടറില്‍

By Web TeamFirst Published Oct 23, 2019, 4:43 PM IST
Highlights

ഒരു വലിയ കുടുംബത്തിലെ അംഗമാണ് കൃഷ്ണകുമാര്‍. ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്നത് നിറയെ ആളുകളുള്ള വീട്ടില്‍ രാവിലെ മുതല്‍ രാത്രി വരെ പലതരം ജോലികള്‍ ചെയ്ത് കഴിയുന്ന അമ്മയേയാണ്. വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. വിദ്യാഭ്യാസത്തിന് ശേഷം കോര്‍പറേറ്റ് ജോലിയുമായി ബാംഗ്ലൂരില്‍ കഴിയുന്ന സമയത്താണ് കൃഷ്ണകുമാറിന്റെ അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ മരണശേഷം മകന്‍ അമ്മയോട് ചോദിച്ചു, ഏതെങ്കിലും പുണ്യസ്ഥലങ്ങള്‍ കാണാന്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്ന്
 

നല്ല പ്രായം മുഴുവന്‍ അടുക്കളയില്‍ ജീവതം ഹോമിച്ച അമ്മ. വാര്‍ധക്യത്തിലെങ്കിലും അവര്‍ക്കൊരു മാറ്റം വേണമെന്ന് മകന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്. ആ അമ്മയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ മകന് ബാധ്യതയുമുണ്ട് അല്ലേ? 

അത്രയേ താന്‍ ചെയ്യുന്നുള്ളൂവെന്നാണ് മൈസൂര്‍ സ്വദേശിയായി ഡി. കൃഷ്ണകുമാര്‍ എന്ന മുപ്പത്തിയൊമ്പതുകാരന്‍ പറയുന്നത്. എന്നാല്‍ അത്രയും 'സിമ്പിള്‍' ആയി പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ല കൃഷ്ണകുമാറിന്റെയും അമ്മ ചൂഡാരത്‌നത്തിന്റേയും ജീവിതകഥ. 

മൈസൂരിലെ ഒരു വലിയ കുടുംബത്തിലെ അംഗമാണ് കൃഷ്ണകുമാര്‍. ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്നത് നിറയെ ആളുകളുള്ള വീട്ടില്‍ രാവിലെ മുതല്‍ രാത്രി വരെ പലതരം ജോലികള്‍ ചെയ്ത് കഴിയുന്ന അമ്മയേയാണ്. വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. വിദ്യാഭ്യാസത്തിന് ശേഷം കോര്‍പറേറ്റ് ജോലിയുമായി ബാംഗ്ലൂരില്‍ കഴിയുന്ന സമയത്താണ് കൃഷ്ണകുമാറിന്റെ അച്ഛന്‍ മരിക്കുന്നത്. 

അച്ഛന്റെ മരണശേഷം മകന്‍ അമ്മയോട് ചോദിച്ചു, ഏതെങ്കിലും പുണ്യസ്ഥലങ്ങള്‍ കാണാന്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്ന്. നാട്ടില്‍ നിന്ന് വളരെ അടുത്തുള്ള സ്ഥലങ്ങള്‍ പോലും ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ആ വാക്കുകളാണ് കൃഷ്ണകുമാറിന്റെ ജീവിതം മാറ്റമറിച്ചത്. തനിക്ക് ജന്മം നല്‍കിയ അമ്മ, തനിക്ക് വേണ്ടി ഇത്രമാത്രം യാതനകള്‍ അനുഭവിച്ച സ്ത്രീ, വീടും അതിന്റെ ചുറ്റുപാടുമല്ലാതെ ജീവിതത്തില്‍ മറ്റൊന്നും കണ്ടിട്ടില്ലെന്ന്. 

 

 

അന്ന് കൃഷ്ണകുമാര്‍ ഒരു പ്രതിജ്ഞയെടുത്തു. തന്നെക്കൊണ്ട് കഴിയാവുന്നയിടങ്ങളൊക്കെ അമ്മയെ കൊണ്ടുപോയി കാണിക്കണം. അതിനായി ആദ്യം കൃഷ്ണകുമാര്‍ തന്റെ വൈറ്റ് കോളര്‍ ജോലിയുപേക്ഷിച്ചു. പിന്നെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ നല്‍കിയ ബജാജിന്റെ സ്‌കൂട്ടറില്‍ അമ്മയുമായി യാത്ര തിരിച്ചു. ആദ്യം കേരളത്തിലേക്ക്. പിന്നെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഛത്തീസ്ഗഢ്, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് ഇങ്ങനെ ഇന്ത്യയുടെ ഒട്ടമുക്കാല്‍ പങ്ക് പ്രദേശങ്ങളും ആ പഴയ സ്‌കൂട്ടറില്‍ അവരൊരുമിച്ച് കറങ്ങി. 

ഇപ്പോള്‍ എഴുപത് വയസാണ് ചൂഡാരത്‌നത്തിന്. 2018 ജനുവരിയില്‍ തുടങ്ങിയ യാത്രയാണ്. മടുക്കാതെ മുഷിയാതെ മകനൊപ്പം ആ പഴയ വണ്ടിയുടെ പിന്‍സീറ്റിലിരുന്ന് അവര്‍ യാത്ര തുടരുകയാണ്. അച്ഛന്റെ ഓര്‍മ്മയാണ് ആ സ്‌കൂട്ടറെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അച്ഛന്റെ സാന്നിധ്യമാണത് ഓര്‍മ്മിപ്പിക്കുന്നതെന്നും. ഒറ്റ മകനായി പറന്ന കൃഷ്ണകുമാറിന് ഇങ്ങനെയാണ് ദീര്‍ഘമായ ഈ യാത്ര കുടുംബസമേതമുള്ള ഒരു തീര്‍ത്ഥാടനമെന്ന പോലെ അനുഭവപ്പെടുന്നത്. 

ഇന്ത്യക്ക് പുറമേയും അവര്‍ ചിലപ്പോഴൊക്കെ ചെന്നെത്തി. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍... അങ്ങനെയെല്ലാം. അപൂര്‍വ്വമായ ഈ യാത്രയുടെ കഥയറിഞ്ഞ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര, കൃഷ്ണകുമാറിന് ഒരു സമ്മാനം നല്‍കാനാഗ്രഹിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മഹീന്ദ്രയുടെ ഒരു കാര്‍. യാത്രയുടെ അടുത്ത ഘട്ടത്തില്‍ അമ്മയെ സുരക്ഷിതമായി കൊണ്ടുപോകാന്‍ കൃഷ്ണകുമാറിന് മറ്റെന്ത് സമ്മാനമാണ് നല്‍കുക, അല്ലേ? 

എന്നാല്‍, തങ്ങളുടെ ജീവിതവും യാത്രയും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഇത്രമാത്രം ആഘോഷമായതൊന്നുമറിയാതെ അമ്മയും മകനും യാത്രയില്‍ തന്നെയാണ്. പരസ്പരം കരുതിയും സ്‌നേഹിച്ചും, ഊട്ടിയും ഉറക്കിയുമൊക്കെ അവര്‍ മുന്നോട്ട് തന്നെ. 

വീഡിയോ കാണാം...

"

click me!