'തേച്ചിട്ട്' പോയ കാമുകനോട് വൈരാഗ്യം തീര്‍ക്കാന്‍ കാമുകി ചെയ്തത്...

Web Desk   | others
Published : May 19, 2020, 06:52 PM IST
'തേച്ചിട്ട്' പോയ കാമുകനോട് വൈരാഗ്യം തീര്‍ക്കാന്‍ കാമുകി ചെയ്തത്...

Synopsis

സ്വഭാവം ഇഷ്ടപ്പെടുന്നില്ല എന്ന കാരണം കൊണ്ട് ഒരു വര്‍ഷം പ്രണയിച്ചവളെ കാമുകന്‍ ഉപേക്ഷിച്ചു. കാമുകിയാകട്ടെ, സങ്കടം സഹിക്കാനാകാതെ കുത്തിയിരുന്ന് കരച്ചില്‍ തന്നെ. കരഞ്ഞുകരഞ്ഞ് മൂന്ന് ദിവസങ്ങള്‍ കടന്നപ്പോള്‍ കാമുകനോട് പ്രതികാരം ചെയ്യാന്‍ അവള്‍ തീരുമാനിച്ചു

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പങ്കാളിയോട് ദേഷ്യവും വിരോധവുമെല്ലാം തോന്നുന്നത് സ്വാഭാവികമായ ഒന്നായിട്ടാണ് പലരും കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രണയനഷ്ടം സംഭവിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുള്ള മനസും കഴിവും നേടുകയെന്നതാണ് ആരോഗ്യകരമെന്നൊക്കെയാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

എന്തായാലും 'തേച്ചിട്ട്' പോയാല്‍ പിന്നെ കാമുകനോ കാമുകിക്കോ 'പണി' കൊടുക്കണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തില്‍ നമ്മുടെ നാട്ടില്‍ കുറവൊന്നുമില്ല. ഒരുപക്ഷേ വളരെ അപകടകമായ തരത്തില്‍ പങ്കാളിയായിരുന്നയാളെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ എന്തിനധികം കൊലപ്പെടുത്തുകയോ ചെയ്യുന്നവര്‍ പോലും നമ്മുടെ നാട്ടിലുണ്ടെന്നത് വാസ്തവം. 

ഈ പ്രവണതയൊന്നും ഇവിടെ മാത്രമല്ല, എല്ലായിടത്തും ഉണ്ടെന്നേ. സ്വഭാവത്തിലും തോതിലുമെല്ലാം അല്‍പസ്വല്‍പം വ്യത്യാസങ്ങള്‍ കാണുമെന്ന് മാത്രം. ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. 

ഇത് അല്‍പം രസകരമായ സംഭവമാണ്. സ്വഭാവം ഇഷ്ടപ്പെടുന്നില്ല എന്ന കാരണം കൊണ്ട് ഒരു വര്‍ഷം പ്രണയിച്ചവളെ കാമുകന്‍ ഉപേക്ഷിച്ചു. കാമുകിയാകട്ടെ, സങ്കടം സഹിക്കാനാകാതെ കുത്തിയിരുന്ന് കരച്ചില്‍ തന്നെ. കരഞ്ഞുകരഞ്ഞ് മൂന്ന് ദിവസങ്ങള്‍ കടന്നപ്പോള്‍ കാമുകനോട് പ്രതികാരം ചെയ്യാന്‍ അവള്‍ തീരുമാനിച്ചു. 

വൈകാതെ തന്നെ പ്രതികാരവും ചെയ്തു. എന്താണെന്നല്ലേ, അതല്ലേ തമാശയായത്. ഒരു ടണ്‍ ഉള്ളി (സവാള) കാമുകന്റെ വീട്ടിലേക്ക് അയച്ചായിരുന്നു പ്രതികാരം. ഞാന്‍ ഒരുപാട് കരഞ്ഞു, ഇനി നീന്റെ ഊഴമാണ്, നീയും കുറേ കരയൂ എന്ന് കുറിപ്പ് സഹിതമായിരുന്നു പാഴ്‌സല്‍ എത്തിച്ചത്. 

Also Read:- കൊറോണക്കാലത്തെ പ്രണയം, അയൽഫ്ളാറ്റിലെ യുവതിയുടെ പേരെഴുതിയ ബാനർ മട്ടുപ്പാവിൽ തൂക്കി യുവാവ്, പൂത്തുലഞ്ഞ് ഹൃദയങ്ങൾ...

വീട്ടിലെത്തിയ 'ഉള്ളി ലോഡ്' കണ്ട് അന്തം വിട്ടുനില്‍ക്കുന്ന കാമുകന്റെ ചിത്രം ഒരു സുഹൃത്താണ് പുറത്തുവിട്ടത്. സംഭവം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായി. സാവോ എന്ന പെണ്‍കുട്ടിയാണ് ഈ രസകരമായ കഥയിലെ നായികയെന്നാണ് 'ഡെയ്‌ലി മെയില്‍' വാര്‍ത്തയില്‍ പറയുന്നത്. തന്നെ പിരിഞ്ഞതിന് ശേഷം ഒരു തുള്ളി കണ്ണീര്‍ പോലും കാമുകന്‍ പൊഴിച്ചിട്ടില്ലെന്നും അത്രയും മോശക്കാരനാണ് അയാളെന്നും കൂടി സാവോ സുഹൃത്തുക്കളോട് പറഞ്ഞുവത്രേ. 

'കരയുന്നില്ല എന്നത് കൊണ്ട് ഒരാള്‍ അത്രയും മോശക്കാരനാകുമോ, പറയൂ..' എന്നാണ് കാമുകന്റെ മറുചോദ്യം. എന്തായാലും പ്രണയത്തകര്‍ച്ച ഇത്രയും ചര്‍ച്ചയായതിന് ശേഷം സാവോയുടെ പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ