കോവിഡ് ഭീതി പരത്തിയ ഈ നാളുകളിൽ ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ക് ഡൌൺ ആണ്. സാമൂഹിക അകലം പാലിച്ചും, വീടുവിട്ടിറങ്ങാതെയും ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാവുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. പലയിടത്തും നിത്യേന പതിനായിരക്കണക്കിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചില രാജ്യങ്ങളിൽ പ്രതിദിനം ആയിരവും രണ്ടായിരവും പേർ വെച്ച് മരിക്കുന്നു. അകെ ശോകമൂകമാണ് അന്തരീക്ഷം. ഈ പ്രതിസന്ധിക്കിടയിലും അപൂർവം ചിലരെ ജന്മസൗഭാഗ്യങ്ങൾ തേടിയെത്തിയിരുന്നു. 

പുറത്തേക്കിറങ്ങാതെ, ലോകത്തിന്റെ തിരക്കുകളുടെ ഭാഗമാവാതെ പലപ്പോഴും ഒറ്റയ്ക്ക് വീട്ടിൽ അടച്ചിരിക്കുന്നതുകൊണ്ടാകും, പലർക്കും ഇത് സ്നേഹത്തിന്റെ വിലയറിയുന്ന നാളുകൾ കൂടിയാണ്. ഒരിറ്റു സ്നേഹത്തിനായി പലരും കൊതിക്കുന്ന നാളുകളും. ഇറ്റലിയിലെ വെറോണാ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അത്തരത്തിലുള്ള ഒരു പ്രണയകഥയാണ്.  ഇതിലെ നായിക 38 -കാരിയായ പാവോള ആഗ്നെലി. നായകനോ 39 വയസ്സുള്ള മിഷേലെയും. ഇറ്റലിയിലെ അപ്പാർട്ട്മെന്റുകളിൽ കഴിയുന്ന പലർക്കും ലോക്ക് ഡൗണിലെ വിരസതയകറ്റാൻ  ഒരാശ്വാസം വൈകുന്നേരം കൃത്യം ആറുമണിയോടെ അവരവരുടെ ബാൽക്കണികളിലേക്ക് ഇറങ്ങി വന്നുകൊണ്ട്, അവരിൽ പലരും നടത്തുന്ന സംഗീത പ്രകടനങ്ങളാണ്. അത് അവിചാരിതമായി വന്നെത്തി, മരണം വിതച്ചു താണ്ഡവമാടുന്ന ഒരു മഹാമാരിയോടുള്ള പോരാട്ടത്തിലെ അവരുടെ ഐക്യത്തിന്റെ പ്രതീകമാണ്. അത്തരത്തിൽ ഒരു വയലിൻ സെഷനിടെയാണ് പാവോളയുടെ കണ്ണുകൾ മിഷേലെയുടേതുമായി  കൊരുക്കുന്നത്. ബാൽക്കണിയിലേക്ക് അരിച്ചെത്തുന്ന സായാഹ്‌ന സൂര്യന്റെ നനുത്ത ചൂടുള്ള മഞ്ഞവെളിച്ചം. കത്തിച്ചുവെച്ച മെഴുകുതിരികൾ, മൃദുവായി വീശുന്ന കാറ്റ്. കാറ്റിന് ശ്രുതിചേർത്തുകൊണ്ടുള്ള വയലിൻ സംഗീതം.കണ്ണുകൾ തമ്മിൽ കൊരുത്തുപോകുന്ന യുവത്വങ്ങളുടെ ഹൃദയത്തിൽ പ്രണയം മൊട്ടിടാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ ഏതുണ്ടാവും?

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Paola Agnelli (@paola.agnelli80) on Mar 17, 2020 at 11:44am PDT

 

ബാൽക്കണിയിൽ വെച്ച് താൻ ആദ്യമായി മിഷേലെയെ കണ്ടതിനെപ്പറ്റി പിന്നീട് പാവോള ബിബിസി റേഡിയോ 4 നോട് പറഞ്ഞു. ഇരുവരുടെയും അപ്പാർട്മെന്റുകൾ മുഖാമുഖം നിൽക്കുന്നവയായിരുന്നു. ഒന്നിന്റെ ആറാം നിലയിൽ പാവോളയും  മറ്റൊന്നിന്റെ ഏഴാം നിലയിൽ മിഷേലെയും താമസിച്ചു. മെഷേലയുടെ സഹോദരി സിൽവിയ  പാവോളയുടെ ആത്മമിത്രം. അങ്ങനെയൊരു പരിചയം നിലവിലുണ്ടായിരുന്നു എങ്കിലും അവർ അന്നുവരെ പരസ്പരം ശ്രദ്ധിച്ചിരുന്നില്ല. പാവോളയുടെ സഹോദരി ലിസാ ആഗ്നെലി പ്രൊഫഷണൽ വയലിനിസ്റ്റാണ്. അവർ പതിവുപോലെ അന്നും ആറുമണിക്ക് വയലിൻ വായിക്കാൻ വേണ്ടി ബാൽക്കണിയിലെത്തി. അന്ന് അവരെ സഹായിക്കാൻ സഹോദരി പാവോളയും ഉണ്ടായിരുന്നു. ലിസയുടെ വയലിൻ വാദനം മിഷേലെയുടെ കർണ്ണങ്ങൾക്ക് ബോധിച്ചു. എന്നാൽ അയാളുടെ കണ്ണുകൾ പിന്തുടർന്നത് ലിസയുടെ സഹോദരി  പാവോളയുടെ സുന്ദര വദനത്തെയാണ്. അയാൾ തന്റെ വിശേഷ ശ്രദ്ധ ആ സുന്ദരിയിൽ പതിപ്പിച്ചു. സ്നേഹാർദ്രമായ നയനങ്ങളോടെ, തന്നെ ഇമവെട്ടാതെ ഉറ്റുനോക്കുന്ന ചെറുപ്പക്കാരനെ പാവോളയ്ക്കും ഇഷ്ടമായി. അത് പ്രഥമ ദർശനത്തിൽ തന്നെയുള്ള പ്രണയം, 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നു. 


മിഷേലെ പിന്നെ അധികം സമയം കളയാൻ നിൽക്കാതെ പാവോളയെ ഇൻസ്റ്റഗ്രാമിൽ തപ്പിയെടുത്തു, ഒരു പ്രണയ സന്ദേശം കുറിച്ചു. വയലിൻ വാദനം കഴിഞ്ഞ് ഫ്ലാറ്റിനുള്ളിലേക്ക് തിരികെകയറി തന്റെ ഫോണെടുത്തു നോക്കിയ പാവോളയെയും കാത്ത് അവളുടെ ഇൻസ്റ്റാഗ്രാമിൽ ആ സന്ദേശമുണ്ടായിരുന്നു, " എനിക്ക് വേണമെങ്കിൽ ഇപ്പോൾ ഒരു നോവലെഴുതാവുന്നതാണ്, 'കൊറോണക്കാലത്തെ പ്രണയം'". പിന്നീട് അപ്പുറമിപ്പുറം ഇരുന്നു കൊണ്ട് നേരം പുലരും വരെ പരസ്പരം മെസ്സേജുകളും കോളുകളും പതിവായി. ലോക്ക് ഡൌൺ ആയതിനാൽ ഇരുവരുടെയും മനസ്സുകളിൽ മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല. ചുമ്മാ ഇരുന്നു പ്രണയിക്കണം അത്രമാത്രം. തങ്ങൾ ഒരേ വേവ് ലെങ്ത് ആണ് എന്നവർ ഈ ലോക്ക് ഡൗണിനിടെ തിരിച്ചറിഞ്ഞു. ഒരു ദിവസം മിഷേല തന്റെ കാമുകി പാവോളയുടെ പേര് വലിയൊരു ബാനറിൽ കൈകൊണ്ടെഴുതി ഫ്ലാറ്റിന്റെ മട്ടുപ്പാവിലെ ഗ്രില്ലുകളിൽ പിടിപ്പിച്ചു. ആ പ്രണയപ്രകടനം പാവോളയ്ക്ക് നന്നേ ബോധിച്ചു.   ഇത്രയും കാലം അപ്പുറമിപ്പുറം താമസിച്ചിട്ടും എന്തേ തങ്ങൾ ഇന്നുവരെ പരസ്പരം കണ്ടില്ല, അറിഞ്ഞില്ല എന്ന നഷ്ടബോധമാണ് ഇരുവർക്കും ഇപ്പോൾ.

തൊട്ടപ്പുറത്ത്, നേരെ കണ്മുന്നിൽ ഏതാനും അടി അകലെ മാത്രമായി ഉണ്ടെങ്കിലും, പരസ്പരം ഇനിയും അടുത്തിടപഴകാൻ ഹൃദയങ്ങൾ തുടിക്കുന്നുണ്ട് ഇരുവരുടെയും എങ്കിലും, ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ എന്തായാലും സാമൂഹിക അകലം തെറ്റിക്കേണ്ട എന്നുതന്നെയാണ് ഇരുവരുടെയും തീരുമാനം. അതുകൊണ്ട് ഇപ്പോൾ ഇരുവരും അക്കരെയിക്കരെ ഇരുന്നുകൊണ്ടു തൊടുത്തുവിടുന്ന 'ഫ്ളയിങ് കിസ്സുകൾ' കൊണ്ട് തൃപ്തിപ്പെടുകയാണ് തല്ക്കാലം.