നഖങ്ങളിലെ നിറം മാറ്റാൻ ഇനി എഐ കൂട്ടുണ്ടെങ്കിലോ? ഇതാ ആദ്യത്തെ ഡിജിറ്റൽ, കളർ ചേഞ്ചിംഗ് നെയിൽസ് എത്തി

Published : Jan 14, 2026, 04:37 PM IST
ipolish

Synopsis

നഖങ്ങളുടെ നിറം നിമിഷങ്ങൾക്കുള്ളിൽ മാറ്റാൻ സഹായിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ബ്യൂട്ടി-ടെക് ബ്രാൻഡായ ‘ഐപോലിഷ്’. കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ, കളർ ചേഞ്ചിംഗ് നെയിൽസ് കമ്പനി പുറത്തിറക്കിയത്.

ഓരോ തവണ ഡ്രസ്സ് മാറുമ്പോഴും നെയിൽ പോളിഷിന്റെ നിറം മാറ്റാൻ പറ്റാത്തതുകൊണ്ട് ഒരേ കളർ തന്നെ ദിവസങ്ങളോളം ഇടാറുണ്ടോ? ഇനി ആ ടെൻഷൻ വേണ്ട! നമ്മൾ സ്മാർട്ട് വാച്ചും സ്മാർട്ട് ഫോണും ഉപയോഗിക്കുന്നത് പോലെ ഇനി നഖങ്ങളും 'സ്മാർട്ട്' ആകാൻ പോവുകയാണ്. വിരൽത്തുമ്പിലെ നിറം മാറ്റാൻ ഒരു എഐ കൂട്ടുണ്ടെങ്കിലോ? സംഗതി സത്യമാണ്, ഫ്ലോറിഡ ആസ്ഥാനമായുള്ള ബ്യൂട്ടി-ടെക് ബ്രാൻഡായ ‘ഐപോലിഷ്’ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് ഈ ഒരു മാജിക് ഉപകരണം അവതരിപ്പിച്ചത്.

സാധാരണ നമ്മൾ കുപ്പിയിൽ നിന്ന് പുരട്ടുന്ന നെയിൽ പോളിഷല്ല ഇത്. മറിച്ച് നഖത്തിന് മുകളിൽ ഒട്ടിച്ചു വെക്കാവുന്ന സ്മാർട്ട് പ്രസ്-ഓൺ നഖങ്ങളാണ്. ഒരു മൊബൈൽ ആപ്പും ചെറിയൊരു മാജിക് വാന്‍ഡും ഉണ്ടെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ നിങ്ങളുടെ നഖം പുതിയൊരു കളറിലേക്ക് മാറും. റിമൂവർ ഉപയോഗിച്ച് ഉരച്ചു കളയേണ്ടി വരില്ല, ഉണങ്ങാൻ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. 400-ലധികം നിറങ്ങൾ ഇതിൽ ലഭ്യമാണ്.

പ്രവർത്തനം എങ്ങനെ?

ഈ 'സ്മാർട്ട് പ്രസ്-ഓൺ' നഖങ്ങൾ ഒരു മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.  ആദ്യം ആപ്പിൽ നിന്ന് ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കുക. പവർ ബാങ്കിന്റെയോ സ്റ്റാപ്ലറുടെയോ വലിപ്പമുള്ള 'മാജിക് വാന്‍ഡ്' (Magic Wand) എന്ന ഉപകരണത്തിനുള്ളിലേക്ക് നഖം വെക്കുക. നിമിഷങ്ങൾക്കുള്ളിൽ നഖത്തിന്റെ നിറം മാറും. റിമൂവറുകൾ ഉപയോഗിക്കേണ്ടതില്ല എന്നതും ഉണങ്ങാൻ കാത്തിരിക്കേണ്ടതില്ല എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ നിറങ്ങൾ മിനിറ്റുകളോ മണിക്കൂറുകളോ ദിവസങ്ങളോ നിലനിർത്താൻ സാധിക്കും. ആവശ്യമെന്നു തോന്നുമ്പോൾ വീണ്ടും നിറം മാറ്റാം.

ഫ്യൂച്ചർ ഓഫ് ബ്യൂട്ടി

"ഇതൊരു ഡിജിറ്റൽ ഫാഷൻ ആക്സസറിയാണ്. രാസവസ്തുക്കൾ ഉപയോഗിക്കാത്തതും പരിസ്ഥിതി സൗഹൃദവുമായ ഈ സാങ്കേതികവിദ്യ സൗന്ദര്യവർദ്ധക രംഗത്തെ പുതിയ ചുവടുവെപ്പാണ്," എന്ന് 'ഐപോലിഷ്’  സീനിയർ വൈസ് പ്രസിഡന്റ് ലാൻസ് ലിറ്റൽ പറഞ്ഞു. സാധാരണ പ്രസ്-ഓൺ നഖങ്ങൾ പോലെ തന്നെ ഇവയും ദീർഘകാലം നിലനിൽക്കും.

കിറ്റിൽ എന്തൊക്കെയുണ്ട്?

95 ഡോളർ, ഏകദേശം ഇന്ത്യയിൽ 8,700 രൂപ വിലവരുന്ന ഈ കിറ്റിൽ പ്രസ്-ഓൺ നഖങ്ങൾ, മാജിക് വാണ്ട്, യുഎസ്ബി ചാർജർ, നഖങ്ങൾ ഒട്ടിക്കാനുള്ള ബോണ്ടിംഗ് ഗ്ലൂ,  പ്രെപ്പ് ടൂൾസ്, ആപ്പ് ആക്സസ് ചെയ്യാനുള്ള ക്യുആർ കോഡ്  എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കെമിക്കലുകൾ ഉപയോഗിക്കാത്തതുകൊണ്ട് തന്നെ നഖങ്ങൾക്ക് ഇത് സുരക്ഷിതമാണെന്നാണ് കമ്പനി പറയുന്നത്. നിങ്ങളുടെ വസ്ത്രത്തിന്റെ നിറത്തിനനുസരിച്ച് നഖങ്ങളും മിനിറ്റുകൾക്കുള്ളിൽ മാച്ച് ചെയ്യാമെന്ന് ചുരുക്കം. നഖങ്ങൾ മാത്രം മാറ്റണമെന്നുണ്ടെങ്കിൽ വെറും 6 ഡോളറിന് ഏകദേശം 540 രൂപയ്ക്ക് പുതിയവ വാങ്ങാം.

ഈ ഉൽപ്പന്നം വിഷാംശമില്ലാത്തതാണെങ്കിലും, പേസ്‌മേക്കർ ഉപയോഗിക്കുന്നവരോ മറ്റ് വയർലെസ് ഇലക്ട്രോണിക് ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ളവരോ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫാഷൻ ലോകത്തെ കീഴടക്കുന്ന ഈ കാലഘട്ടത്തിൽ, നെയിൽ പോളിഷ് കുപ്പികൾ മാറ്റിവെച്ച് ഡിജിറ്റൽ യുഗത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് ഫാഷൻ പ്രേമികൾ.

 

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ ലാവെൻഡർ മുതൽ മിൽക്കി ജെല്ലി വരെ; 2026 ഭരിക്കാൻ പോകുന്ന നെയിൽ ട്രെൻഡുകൾ ഇതാ
ചില്ല് വൈബിൽ ഒരു ഗ്ലോ-അപ്പ്; വീട്ടിലിരുന്ന് 'ലിംഫറ്റിക് ഡ്രെയിനേജ് മസാജ്' ചെയ്യാം