'ഹൃദയം നിറയുന്ന ചിരി, സിനിമാ താരങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് സന്തോഷം'; വീഡിയോ

By Web TeamFirst Published Feb 17, 2024, 9:25 PM IST
Highlights

കാര്‍ നിര്‍ത്തി കച്ചവടക്കാരനോട് കുശലം ചോദിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആണെന്ന് അറിയുന്നു. തനിക്ക് മുടിയില്ലെങ്കിലും ചീപ്പിന്‍റെ ആവശ്യമില്ലെങ്കിലും പിറന്നാളായിട്ട് എന്തെങ്കിലും വാങ്ങാതിരിക്കുന്നത് എങ്ങനെ എന്നാണ് താരം ചോദിക്കുന്നത്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നമ്മുടെ കാഴ്ചവട്ടത്തേക്ക് വരുന്നു. ഇതില്‍ വലിയൊരു വിഭാഗം വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന കണ്ടന്‍റുകള്‍ ആയിരിക്കും. എന്നാലിങ്ങനെ കാഴ്ചക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അല്ലാതെ, വളരെ സ്വാഭാവികമായി പകര്‍ത്തിയ കാഴ്ചകളും സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്, അല്ലേ?

ഇവയില്‍ തന്നെ മനസിനെ ഏറെ സ്പര്‍ശിക്കുന്ന, സ്വാധീനിക്കുന്ന തരത്തിലുള്ള കാഴ്ചകളാകുമ്പോള്‍ അവ ശരിക്കും കാഴ്ചക്കാരുടെ കയ്യടി നേടും. മനുഷ്യര്‍ക്കിടയില്‍ പോസിറ്റിവിറ്റിയും ചിരിയും സന്തോഷവും നിറയ്ക്കാൻ പ്രയാസമാണെന്ന് എപ്പോഴും എല്ലാവരും പരാതിപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് ഇതെല്ലാം നമുക്ക് സാധ്യമാകും എന്നതിനെ തെളിവാകും ചില വീഡിയോകള്‍.

അത്തരത്തിലൊരു ഹൃദ്യമായ വീഡിയോയിലേക്കാണിനി നിങ്ങളുടെ കാഴ്ച ക്ഷണിക്കുന്നത്. വഴിയരികില്‍ നിന്ന് ചെറിയ സാധനങ്ങളോ, തുണികളോ മറ്റോ നടന്ന് വില്‍ക്കുന്നവരെ കണ്ടിട്ടില്ലേ? അന്നന്നത്തെ ജീവിതം കടന്നുപോകാനുള്ളതൊക്കെയേ ഇങ്ങനെയുള്ള ചെറിയ കച്ചവടക്കാര്‍ക്ക് കിട്ടൂ. എന്നാലോ അധ്വാനത്തില്‍ കുറവില്ലതാനും.

ഇങ്ങനെ വഴിയരികില്‍ നിന്ന് ചീപ്പ് വില്‍ക്കുന്ന, അത്യാവശ്യം പ്രായമുള്ള ഒരാളെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് ചീപ്പ് വാങ്ങിക്കുന്നത് ബോളിവുഡിലെ തന്നെ ഒരു മുതിര്‍ന്ന താരമായ അനുപം ഖേര്‍ ആണ്.

കാര്‍ നിര്‍ത്തി കച്ചവടക്കാരനോട് കുശലം ചോദിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആണെന്ന് അറിയുന്നു. തനിക്ക് മുടിയില്ലെങ്കിലും ചീപ്പിന്‍റെ ആവശ്യമില്ലെങ്കിലും പിറന്നാളായിട്ട് എന്തെങ്കിലും വാങ്ങാതിരിക്കുന്നത് എങ്ങനെ എന്നാണ് താരം ചോദിക്കുന്നത്. മറുപടിയായി മനസ് നിറയ്ക്കുന്ന ചിരിയാണ് രാജു എന്ന കച്ചവടക്കാരൻ നല്‍കുന്നത്. 

ഇരുപത് രൂപയുടെ ചീപ്പാണിത്. ഇത് വാങ്ങി അനുപം ഖേര്‍ 200 രൂപയുടെ നോട്ടാണ് ആദ്യം നല്‍കുന്നത്. ഇതിന് ശേഷം ഇരുന്നൂറ് രൂപ കൂടി സന്തോഷമായി നല്‍കുന്നുണ്ട്. ഒരു പിറന്നാള്‍ സമ്മാനമെന്ന പോലെ അദ്ദേഹം അതെല്ലാം ആഹ്ളാദത്തോടെ സ്വീകരിക്കുന്നു. ഇതിനെല്ലാം ശേഷമാണ് ബോളിവുഡ് താരം അനുപം ഖേര്‍ ആണിതെന്ന് അദ്ദേഹം മനസിലാക്കുന്നത്. അത് അദ്ദേഹം ചോദിക്കുകയും, താരം ഇത് താൻ തന്നെയെന്ന് പറയുകയും ചെയ്യുമ്പോഴും ഒരുപാട് നന്ദി എന്ന് മാത്രമാണ് മറുപടി.

അനുപം ഖേര്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. കച്ചവടക്കാരന്‍റെ ചിരി തന്നെയാണ് അനുപം ഖേറിനെയും ആകര്‍ഷിച്ചതെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തം.

ഏറെ ഹൃദ്യം, സന്തോഷമുണ്ടാക്കുന്നത്, സിനിമാ താരങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ, ഇതെല്ലാം മാതൃകാപരമാണ്, ഇന്നത്തെ ദിവസം ധന്യമായി എന്നിങ്ങെന പോസിറ്റീവായ നൂറുകണക്കിന് കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupam Kher (@anupampkher)

Also Read:- തീപ്പിടുത്തത്തില്‍ നിന്ന് ഒരു വീടിനെ രക്ഷപ്പെടുത്തി വളര്‍ത്തുനായ; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!