നായയുടെ ബുദ്ധിശക്തിയും അതിന്‍റെ കഴിവും എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

നായ്ക്കളുടെ ബുദ്ധിയെയും സമയോചിതമായി ഇടപെടാനുള്ള മികവിനെയും കുറിച്ചുള്ള പല കഥകളും നമ്മളെല്ലാം കേട്ടിട്ടുള്ളതാണ്. പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കള്‍ ആണെങ്കില്‍ അവ അവയുടെ ഉടമസ്ഥര്‍ക്കും വീട്ടുകാര്‍ക്കും ചുറ്റും താമസിക്കുന്നവര്‍ക്കുമെല്ലാം ശരിക്കുമൊരു സുരക്ഷിതത്വബോധം നല്‍കാറുണ്ട്. 

പല സന്ദര്‍ഭങ്ങളിലും മനുഷ്യരെ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുള്ള വളര്‍ത്തുനായ്ക്കളുടെ കഥകളും ഇങ്ങനെ ഏറെ നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. 

ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി അത് തീപ്പിടുത്തത്തിലേക്ക് നീങ്ങും മുമ്പ് സമയോചിതമായി ഇടപെടുന്ന നായയാണ് വീഡിയോയിലെ 'ഹീറോ'. 

ഒരു വീടിന്‍റെ പുറംഭാഗമാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ ആളുകളൊന്നുമില്ല. പുറത്തായി ഇട്ടിരിക്കുന്ന പഴയൊരു ഇരുമ്പുകട്ടിലില്‍ ഒരു നായ ഇരിപ്പുണ്ട്. ഇതിനപ്പുറത്തായി ഇലക്ട്രിക് സ്കൂട്ടറിലേക്ക് ബന്ധപ്പെടുത്തി വച്ചിരിക്കുന്നൊരു എക്സറ്റൻഷൻ കോര്‍ഡില്‍ തീ പിടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണുന്നത്. അപ്പോഴും സമീപത്തെങ്ങും മനുഷ്യരെ ആരെയും കാണുന്നുമില്ല. സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. 

തീപ്പിടുത്തം നായയുടെ ശ്രദ്ധയില്‍ പെട്ടു. ആദ്യം ഏതാനും സെക്കൻഡുകള്‍ എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ തന്നെ തുടര്‍ന്ന നായ പക്ഷേ പിന്നെ ഇറങ്ങി വന്ന് എക്സ്റ്റൻഷൻ കോര്‍ഡില്‍ കടിച്ചുവലിച്ച് വയര്‍ ബന്ധം വേര്‍പ്പെടുത്തി. ഇതിന്‍റെ ഫലമായി തീ അണയുകയും ചെയ്തു. തീ അണഞ്ഞു എന്നുറപ്പ് വരുത്തിയ ശേഷം നായ തിരികെ യഥാസ്ഥാനത്ത് പോയിരിക്കുന്നു. ഇത്രയുമാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ നായയുടെ ബുദ്ധിശക്തിയും അതിന്‍റെ കഴിവും എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അത്ഭുതപ്പെടുത്തുന്ന കാഴ്ച നിങ്ങളും കണ്ടുനോക്കൂ...

വീഡിയോ...

Scroll to load tweet…

Also Read:- എലിക്കൂട് പിടിപ്പിച്ച ഷൂ ധരിച്ച് മോഡല്‍; 'ഇതെന്ത് ഭ്രാന്ത്' എന്ന് കമന്‍റുകള്‍...