
രസകരമായ അനവധി വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. നമുക്ക് നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത കാഴ്ചകള്‍ നമ്മെത്തേടി നമ്മുടെ വിരല്‍ത്തുമ്പിലെത്തുമ്പോള്‍ അത് കാണാതിരിക്കുന്നതെങ്ങനെ!
അത്തരത്തില്‍ കാഴ്ചക്കാരില്‍ വളരെയധികം കൗതുകം നിറയ്ക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഒരു കുട്ടിയാനയാണ് ഈ വീഡിയോയിലെ താരം. 'വേള്‍ഡ് എലഫന്‍റ് ഡേ'യിൽ റോബര്‍ട്ട് ഇ ഫുള്ളര്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഈ മനോഹരമായ വീഡിയോ പങ്കുവച്ചത്.
പ്രസവിച്ചിട്ട് അധികം ദിവസങ്ങള്‍ കടന്നിട്ടില്ലാത്ത കുട്ടിയാന മുതിര്‍ന്ന ആനകള്‍ക്കൊപ്പം കാട്ടിനുള്ളിലെ ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയിരിക്കുകയാണ്. സാധാരണഗതിയില്‍ ആനകള്‍ വെള്ളം കുടിക്കുന്നത് തുമ്പിക്കൈ വച്ചാണ്. ഇത് കാണാൻ തന്നെ പ്രത്യേക അഴകാണ്. മുതിര്‍ന്ന ആനകള്‍ ചെയ്യുന്നത് കണ്ട്, അതേപടി അനുകരിക്കുകയാണ് കുട്ടിയാന. നേരംവണ്ണം നില്‍ക്കാൻ പോലുമായിട്ടില്ലാത്ത, അത്ര പോലും വളര്‍ച്ചയെത്താത്ത കുഞ്ഞന് പക്ഷേ മുതിര്‍ന്നവരെ പോലെ ചെയ്യാൻ സാധിക്കേണ്ടേ!
എങ്കിലും തന്നാല്‍ കഴിയും വിധം അത് കുഞ്ഞ് തുമ്പിക്കയ്യില്‍ വെള്ളമെടുത്ത് കുടിക്കാൻ ശ്രമിക്കുകയാണ്. ഏറെ രസകരമാണ് ഈ കാഴ്ച. പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നൊരു ദൃശ്യം. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വീഡിയോ പകര്‍ത്തിയത് ആരാണെങ്കിലും അവര്‍ക്കും നന്ദി പറയുകയാണ് വീഡിയോ കണ്ടവരെല്ലാം.
കുട്ടികളാകുമ്പോള്‍ അത് മനുഷ്യരുടെ ആയാലും- മറിച്ച് മൃഗങ്ങളുടെ ആയാലും അവരുടെ കളികളും കുസൃതികളും കാണാൻ'ക്യൂട്ട്' ആണെന്നും അതുതന്നെയാണ് ഈ വീഡിയോ കാണുമ്പോഴും അനുഭവപ്പെടുന്നതെന്നും വീഡിയോ കണ്ടവര്‍ കമന്‍റ് ബോക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇനി രസകരമായ, കുട്ടിയാനയുടെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- വിശന്നുവലഞ്ഞപ്പോള്‍ പ്ലാവില്‍ നിന്ന് ചക്ക പറിക്കാൻ ശ്രമിക്കുന്ന ആന; വീഡിയോ