ഈസ്റ്റർ രാത്രിയിൽ ചില്ലുതകർത്ത് റെസ്റ്റോറന്റിൽ കയറിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ

By Web TeamFirst Published Apr 5, 2021, 5:43 PM IST
Highlights

അജ്ഞാതനായ ആ കള്ളൻ, ഫേസ്‌ബുക്കിലെ തന്റെ പോസ്റ്റു കണ്ട്  തന്നെ വിളിക്കും എന്നുമുള്ള പ്രതീക്ഷയിൽ വാലസ് ഇപ്പോഴും തന്റെ കാത്തിരിപ്പു തുടരുകയാണ്. 

വർഷങ്ങളായി നടത്തിപ്പോരുന്ന ഒരു ഗ്രിൽ റെസ്റ്റോറന്റ്. അവിടെ ഈസ്റ്റർ രാത്രി, പുലർച്ചയോടടുപ്പിച്ച് ഒരു കള്ളൻ കയറുന്നു. മുന്നിലെ ജനൽ ചില്ല് ഒരു ഇഷ്ടിക കൊണ്ട് ഇടിച്ചു തകർത്താണ് അയാൾ അകത്ത് കയറുന്നത്. അയാൾക്ക് പക്ഷെ, കയ്യിൽ പണമായി ഒന്നും തടയുന്നില്ല. കാരണം, തലേന്ന് രാത്രി റെസ്റ്റോറന്റുടമ അതുവരെയുള്ള സമ്പാദ്യമെല്ലാം രജിസ്റ്ററിൽ നിന്ന് സ്വന്തം വീട്ടിലെ സേഫിലേക്ക് മാറ്റിയിരുന്നു. ക്യാഷ് രജിസ്റ്ററിൽ പണമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞ് കള്ളൻ നിമിഷനേരം കൊണ്ട് തിരികെ മുൻവാതിൽ തുറന്ന് ഇറങ്ങിപ്പോകുന്നു. കള്ളന്റെ ഈ പെടാപ്പാടെല്ലാം തന്നെ റെസ്റ്റോറന്റിൽ സിസിടിവിയിൽ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. 

ഈ ബഹളങ്ങൾക്കിടയിൽ ഉടമ കാൾ വാലസ് ഉണർന്നു പോകുന്നു. വന്നപ്പോൾ കണ്ട കാഴ്ച ആദ്യം അയാളെ വല്ലാതെ അസ്വസ്ഥനാക്കി. അടുത്ത ദിവസം രാവിലെ പതിനൊന്നോടെ സാധാരണ ഗതിക്ക് റെസ്റ്റോറന്റ് വീണ്ടും തുറക്കേണ്ടതാണ്. ചില്ലൊക്കെ അടിച്ചു തകർത്ത സ്ഥിതിക്ക് എന്തുചെയ്യും എന്നതായിരുന്നു വാലസിന്റെ മനസ്സിലേക്ക്  ആദ്യമേ തന്നെ കടന്നുവന്ന ചിന്ത. അടുത്ത നിമിഷം അയാൾക്ക് അത് ഈസ്റ്റർ അവധി ദിനമാണല്ലോ എന്നോർമ്മവരുന്നു. അത് ക്ഷമയുടെയും രതീക്ഷയുടെയും ഒക്കെ ആഘോഷമാണല്ലോ എന്നതും. 

അങ്ങനെ അയാൾ, അടുത്ത ദിവസം നേരം പുലർന്നപ്പോൾ, പൊലീസിൽ പരാതിപ്പെടുന്നതിന് പകരം ചെയ്തത് ഇത്രമാത്രം. ഹോട്ടലിന്റെ തകർന്നു കിടക്കുന്ന ജനൽച്ചില്ലിന്റെ ചിത്രം പകർത്തിയിരുന്നത് എടുത്ത് നേരെ തന്റെ റെസ്റ്റോറന്റിന്റെ ബിസിനസ്സ് ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നു, ഒപ്പം ഒരു ക്യാപ്‌ഷനും.  "ഞങ്ങളുടെ ബറിറ്റോസ് വളരെ പോപ്പുലർ ആണെന്ന് തോന്നുന്നു. അത് കഴിക്കാൻ വേണ്ടി ആളുകൾ തോന്നിയനേരങ്ങളിൽ ജനല് തകർത്തൊക്കെ കയറി വരാൻ തുടങ്ങി." - അടുത്ത വരിയിൽ വാലസ് പങ്കുവെച്ചത് തന്റെ സ്വന്തം ഫോൺ നമ്പറായിരുന്നു. ഒപ്പം, തലേന്ന് റെസ്റ്റോറന്റിൽ കയറിയ കള്ളനുള്ള ഒരു സന്ദേശവും. "ജീവിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ വിളിക്കൂ, ഞാനൊരു ജോലി തരാം, അല്ലാതെ ഇങ്ങനെ കക്കാൻ പോവേണ്ട കാര്യമുണ്ടോ? നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന പാത തെറ്റാണ്. ജീവിക്കാൻ വേറെ എന്തൊക്കെ വഴികളുണ്ട്. ഞാൻ പൊലീസിനെ വിളിക്കില്ല. വേറെ ചോദ്യങ്ങളും ചോദിക്കില്ല. നമുക്ക് ഒരു മേശക്ക് അപ്പുറം ഇപ്പുറം ഇരുന്നു സംസാരിക്കാം. ജീവിതം എങ്ങനെ നേർവഴിക്ക് കൊണ്ടുപോകാം എന്ന് ആലോചിക്കാം." 

വാലസിന്റെ ഈ പോസ്റ്റിന് പതിനായിരക്കണക്കിന് ലൈക്കും ഷെയറുമാണ് സോഷ്യൽ മീഡിയയിൽ കിട്ടിയത്. ഇതേ കള്ളൻ തങ്ങളുടെ റെസ്റ്റോറന്റുകളിലും കയറിയിട്ടുണ്ട് എന്നതടക്കമുള്ള പല പ്രതികരണങ്ങളും വാലസിനെ തേടിയെത്തി. പക്ഷെ, വാലസ് ഇപ്പോഴും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. യേശു ക്രിസ്തു ആണെങ്കിലും, ഇതുതന്നെ ചെയ്തിരുന്നേനെ എന്നാണ് അദ്ദേഹം പറയുന്നത്. വരും ദിവസങ്ങളിൽ ആ കള്ളന് മാനസാന്തരം ഉണ്ടാകും എന്നും, അജ്ഞാതനായ ആ കള്ളൻ, ഫേസ്‌ബുക്കിലെ തന്റെ പോസ്റ്റു കണ്ട് ഇനിയെങ്കിലും തൊഴിലെടുത്തു ജീവിക്കാൻ തയ്യാറായി, തന്നെ വിളിക്കും എന്നുമുള്ള പ്രതീക്ഷയിൽ വാലസ് ഇപ്പോഴും തന്റെ കാത്തിരിപ്പു തുടരുകയാണ്. 
 

click me!