
വിവാഹദിനം (wedding day) എങ്ങനെയൊക്കെ മനോഹരമാക്കാം എന്നാണ് ഇന്ന് എല്ലാവരും ചിന്തിക്കുന്നത്. എന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങളായി ഈ ദിനം മാറണം എന്നാണ് എല്ലാവരുടെയും ആഗ്രഹവും. വിവാഹദിനത്തെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും (dreams) പലര്‍ക്കുമുണ്ട്.
അതേസമയം, വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുമുണ്ട്. അടുത്തിടെ ക്രെയിനിൽ ഇരുന്നുകൊണ്ട് വേദിയിലെത്തിയ വധൂവരന്മാരുടെ വീഡിയോ നാം കണ്ടതാണ്. മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിൽ നിന്ന് വധൂവരന്മാർ നിലത്ത് വീണതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റായ്പൂരില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കിടെ ഊഞ്ഞാലില്‍ കയറിയ വധൂവരന്മാരുടെ വീഡിയോ ആണിത്. വിവാഹ വേദിയിലേയ്ക്ക് പ്രത്യേകം സജ്ജീകരിച്ച ഊഞ്ഞാലില്‍ ആണ് വധൂവരന്മാരുടെ നില്‍പ്പ്. എന്നാല്‍ അപ്രതീക്ഷിതമായി ഊഞ്ഞാല്‍ പൊട്ടി വരനും വധുവും താഴേയ്ക്ക് വീഴുകയായിരുന്നു.
12 അടി ഉയരത്തില്‍ നിന്നാണ് വധൂവരന്മാര്‍ താഴേയ്ക്ക് വീണത്. ഇരുവര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇത്തരമൊരു പരിപാടി ഒരുക്കിയത്. അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുകയും ചെയ്തു. മുഹൂര്‍ത്തം അരമണിക്കൂറോളം വൈകിയെങ്കിലും വിവാഹ ചടങ്ങുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.