എല്ലാ ദിവസവും വീട്ടുവാതില്‍ക്കല്‍ നനവും ദുര്‍ഗന്ധവും; ഒടുവില്‍ സിസിടിവി രക്ഷിച്ചു

By Web TeamFirst Published Sep 22, 2019, 6:34 PM IST
Highlights

മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ ഫ്‌ളാറ്റിന്റെ മുന്‍വാതിലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നനവുണ്ടാകും. അവിടെ നിന്ന് ദുര്‍ഗന്ധവും വമിക്കാറുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് തറയില്‍ നിന്ന് വെള്ളം കിനിയുന്നതാണെന്നാണ് അലക്‌സ് കരുതിയത്
 

ഈസ്റ്റ് ലണ്ടനിലെ റെയിന്‍ഹാമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രസകരമായൊരു സംഭവമാണിത്. മുപ്പതുകാരനായ അലക്‌സ് ഹീരനും ഭാര്യ ഡെയ്‌സിയും അവരുടെ രണ്ട് കൊച്ചുപെണ്‍മക്കളുമടങ്ങുന്ന കുടുംബം ഇവിടെയൊരു ഫ്‌ളാറ്റിലാണ് കഴിയുന്നത്. 

അടുത്തിടെയായി മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ ഫ്‌ളാറ്റിന്റെ മുന്‍വാതിലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നനവ് കാണാന്‍ തുടങ്ങി. അവിടെ നിന്ന് ദുര്‍ഗന്ധവും വമിക്കാറുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് തറയില്‍ നിന്ന് വെള്ളം കിനിയുന്നതാണെന്നാണ് അലക്‌സ് കരുതിയത്. 

അങ്ങനെ അലക്‌സും ഭാര്യയും ചേര്‍ന്ന് ഇത് സ്ഥിരമായി വൃത്തിയാക്കിപ്പോന്നു. എന്നാല്‍ മാസങ്ങളായി ഇതേ പ്രശ്‌നം തുടര്‍ന്നതോടെ ഇവരില്‍ ചില സംശയങ്ങളുമുണ്ടായി. തറയില്‍ നിന്ന് വെള്ളം കിനിയുന്നതാണെങ്കില്‍ അതിന് ഇത്രമാത്രം ദുര്‍ഗന്ധമുണ്ടാകുന്നതെങ്ങനെയെന്നായിരുന്നു ഇവരിലുണ്ടായ ആദ്യ സംശയം. 

എന്തായാലും ഒരുറപ്പിന് വേണ്ടി വീടിന് പുറത്ത് മുന്‍വശത്തെ വാതിലും പരിസരവും കൃത്യമായി കാണാവുന്ന തരത്തില്‍ ഇവര്‍ ഒരു സിസിടിവി സ്ഥാപിച്ചു. അപ്പോഴല്ലേ സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്. ഒരു ദിവസം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അലക്‌സും ഡെയ്‌സിയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

രാവിലെ കത്തുകളുമായി അവരുടെ ബ്ലോക്കിലേക്ക് കയറിവരുന്ന പോസ്റ്റുമാന്‍. അയാള്‍ അവിടമാകെ ഒന്ന് നടന്നുനോക്കിയ ശേഷം അലക്‌സിന്റെ ഫ്‌ളാറ്റിന് മുന്നില്‍ വന്ന് നില്‍ക്കുന്നു. തുടര്‍ന്ന് കത്തുകളടങ്ങിയ ബാഗ് ഒതുക്കിവച്ച്, പാന്റ്‌സഴിച്ച് അവിടെ നിന്ന് മൂത്രമൊഴിക്കുന്നു. 

ഇതാണ് മാസങ്ങളായി ഇദ്ദേഹം തുടരുന്ന ചെയ്തി. അലക്‌സും കുടുംബവും വൈകാതെ തന്നെ പോസ്റ്റുമാനെതിരെ പരാതി നല്‍കി. പരാതി പരിശോധിച്ച് വരികയാണെന്നാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ അറിയിക്കുന്നത്. 

അന്‍പതിനോടടുത്ത് പ്രായമുള്ള പോസ്റ്റുമാന്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത് എന്തുകൊണ്ടെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നമായിരിക്കാം ഇയാളെക്കൊണ്ട് ഇത് ചെയ്യിച്ചിട്ടുണ്ടാവുകയെന്നാണ് വാര്‍ത്തയോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച പലരും അഭിപ്രായപ്പെടുന്നത്. 

മുമ്പ് പലയിടങ്ങളിലായി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിടിന് മുന്‍വശത്തോ ഗെയ്റ്റിനടുത്തോ ഒക്കെ മലമൂത്ര വിസര്‍ജ്ജനം ചെയ്തുവച്ച് മുങ്ങിപ്പോകുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയുള്ളവരാണെന്നാണ് മനശാസത്രവിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത് ഇങ്ങനെ ചെയ്യുന്നത് അപ്പോഴത്തെ വൈകാരിക വിക്ഷോഭമായി കണക്കാക്കാമെങ്കിലും കാരണങ്ങളൊന്നുമില്ലാതെ സ്ഥിരമായി ഇത് ചെയ്യുന്നത് വൈകൃതമായി കണക്കാക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. 

കൃത്യമായ ചികിത്സയും പരിഗണനയുമാണ് ഇത്തരം രോഗികള്‍ക്കാവശ്യമെന്നും സാമൂഹികമായി പ്ര്ശനക്കാരാകുന്നതോടെ മിക്കവാറും ഇവരെ സാമൂഹ്യവിരുദ്ധരായ മുദ്ര കുത്തുകയാണ് പതിവെന്നും മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. അങ്ങനെ മാനസികരോഗമുള്ളയാളാണ് പോസ്റ്റുമാനെങ്കില്‍ അയാളോട് അല്‍പം പരിഗണന കാണിക്കണേയെന്നാണ് അലക്‌സിനോടും കുടുംബത്തോടും സോഷ്യല്‍ മീഡിയയിലൂടെ പലരും അഭ്യര്‍ത്ഥിക്കുന്നത്. അല്ല, മനപ്പൂര്‍വ്വം ചെയ്തതാണെങ്കില്‍ തീര്‍ച്ചയായും നിയമനടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

click me!