ഇതാണോ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി? അവകാശവാദവുമായി ചൈന...

By Web TeamFirst Published Jun 28, 2020, 9:44 PM IST
Highlights

മൂന്ന് പതിറ്റാണ്ടുകള്‍ മാത്രമല്ല, രണ്ട് ലോകമഹായുദ്ധങ്ങളും അല്‍മിഹാന്‍ കണ്ടുവെന്നാണ് ചൈന പറയുന്നത്. 1903ല്‍ തന്റെ പതിനേഴാം വയസില്‍ ഇവര്‍ വിവാഹിതയായത്രേ. എന്നാല്‍ മക്കളില്ലാതിരുന്ന ഇവര്‍ ഒരു ആണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും ദത്തെടുത്തു. ഇതില്‍ ആണ്‍കുട്ടി വളര്‍ന്ന് യുവാവായപ്പോഴേക്ക് മരിച്ചുപോയി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി നിലവില്‍ ജപ്പാന്‍കാരിയായ കാനെ ടനാകാ എന്ന 116കാരിക്കാണ്. എന്നാല്‍ ഈ അമ്മൂമ്മയെക്കാള്‍ പ്രായം കൂടിയ ഒരമ്മൂമ്മ തങ്ങളുടെ നാട്ടിലുണ്ടെന്നാണ് ചൈനയുടെ അവകാശവാദം.

134കാരിയായ അല്‍മിഹാന്‍ സെയിദി എന്ന ഉയിഗൂര്‍ വംശജയാണ് ഈ താരം. 1886ല്‍ ഇവര്‍ ജനിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇവരുടെ 134ാം പിറന്നാള്‍ ആഘോഷമെന്ന പേരില്‍ വീഡിയോയും ചിത്രങ്ങളുമെല്ലാം കഴിഞ്ഞ ദിവങ്ങളില്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

മൂന്ന് നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന, ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് അല്‍മിഹാന്‍ ആണ് അര്‍ഹയെന്ന് ചൈനീസ് മാധ്യമങ്ങള്‍ വാദിക്കുന്നു. പ്രായം 134 ആയെങ്കിലും നടക്കാനാവില്ലെന്നത് ഒഴികെ ആരോഗ്യത്തിന് വലിയ തകരാറൊന്നും ഇവര്‍ക്കില്ലെന്നും, കാഴ്ചശക്തിക്ക് പോലും വലിയ മങ്ങലേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 

മൂന്ന് പതിറ്റാണ്ടുകള്‍ മാത്രമല്ല, രണ്ട് ലോകമഹായുദ്ധങ്ങളും അല്‍മിഹാന്‍ കണ്ടുവെന്നാണ് ചൈന പറയുന്നത്. 1903ല്‍ തന്റെ പതിനേഴാം വയസില്‍ ഇവര്‍ വിവാഹിതയായത്രേ. എന്നാല്‍ മക്കളില്ലാതിരുന്ന ഇവര്‍ ഒരു ആണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും ദത്തെടുത്തു. ഇതില്‍ ആണ്‍കുട്ടി വളര്‍ന്ന് യുവാവായപ്പോഴേക്ക് മരിച്ചുപോയി. ഇപ്പോള്‍ മകളുടെ കൂടെയാണത്രേ ഇവരുടെ താമസം. 

എന്തായാലും പുതിയൊരു വിവാദമാണ് ഇപ്പോള്‍ ഈ അമ്മൂമ്മയുടെ പേരില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പ്രായം തെളിയിക്കുന്ന രേഖകളൊന്നും കണ്ടുകിട്ടാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ തന്നെ ശാസ്ത്രീയമായി പ്രായം തെളിയിക്കേണ്ട ബാധ്യതയായിരിക്കും അവകാശവാദവുമായി മുന്നോട്ടുപോയാല്‍ ഇവര്‍ നേരിടേണ്ടിവരിക.

Also Read:- 'ഗെറ്റ് ഔട്ട്'; ലോകത്തെ വിറപ്പിച്ച മഹാമാരിയെ പുല്ലുപോലെ തോല്‍പിച്ച് 107കാരി...

click me!