ലോകരാജ്യങ്ങളെ ഒട്ടാകെ വിറപ്പിച്ചുകൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. ഇതില്‍ ഏറ്റവും അപകടഭീഷണി നേരിടുന്നത് പ്രായമായവരാണെന്ന് ആരോഗ്യരംഗം ഒന്നടങ്കം അടിവരയിടുമ്പോള്‍ നെതര്‍ലാന്‍ഡ്‌സില്‍ ഇതാ ഒരു നൂറ്റിയേഴുകാരി ഈ മഹാമാരിയെ പൊരുതിത്തോല്‍പ്പിച്ചിരിക്കുകയാണ്. 

കൊണേലിയ റാസ് എന്ന വൃദ്ധ, മാര്‍ച്ച 17നാണ് കൊവിഡ് ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അതും 107ആം പിറന്നാളിന്റെ പിറ്റേ ദിവസം. നാല്‍പത് പേരാണ് ഇവര്‍ക്കൊപ്പം ആ ദിവസങ്ങളില്‍ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അതില്‍ 12 പേരും മരണത്തിന് കീഴടങ്ങി. 

100 വയസ് പിന്നിട്ടിരുന്നതിനാല്‍ തന്നെ കൊണേലിയയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാഞ്ഞതിനാല്‍ത്തന്നെ ഓരോ ദിവസം കഴിയുംതോറും അവര്‍ രോഗത്തെ അതിജീവിച്ചുവന്നു. ഒടുവില്‍ ആരോഗ്യവതിയായി ആശുപത്രിയില്‍ നിന്ന് മടങ്ങിയിരിക്കുകയാണിപ്പോള്‍. 

കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ അമ്മൂമ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 104 വയസുള്ള അമേരിക്കന്‍ സ്വദേശിയായിരുന്നു ഇതിന് മുമ്പ് ഈ റെക്കോര്‍ഡിന് ഉടമയായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

2,300ലധികം പേരാണ് നെതര്‍ലാന്‍ഡ്‌സില്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. 21,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ലോകത്ത് തന്നെ കൊവിഡ് 19 സാരമായ ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് നെതര്‍ലാന്‍ഡ്‌സ്.