
ചൈന: ലോകം മുഴുവനും ഭീതി വിതച്ചുകൊണ്ടാണ് കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്നത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി അഞ്ഞൂറിലധികമായി. ലോകത്താകെ നാൽപതിനായിരത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ഭീതിയെ തുടര്‍ന്ന് മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും മാസ്ക് നൽകിയിരിക്കുകയാണ് ചൈനയിലുള്ളവർ.
എന്നാൽ വളർത്തുമൃഗങ്ങളിലൂടെ രോഗം പകരുമെന്നോ ഇവയ്ക്ക് രോഗബാധ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തിൽ ഓദ്യോഗികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും തങ്ങളുടെ എല്ലാ ഓമനമൃഗങ്ങളെയും മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ജനങ്ങൾ. കണ്ണുമാത്രം പുറത്ത് കാണാവുന്ന രീതിയിൽ മാസ്ക് ധരിച്ച് സഞ്ചരിക്കുന്ന പൂച്ചയുടെയും പട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ചൈനയിലെ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപകമായി പ്രചരിക്കുന്നത്. ചില ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായിട്ടുണ്ട്.
ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനെതിരെ രംഗത്ത് വന്നിരിക്കുന്നതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. വളർത്തുമൃഗങ്ങൾ പുറത്ത് പോയി രോഗബാധയുള്ള ഒരാളുമായി ഇടപഴകിയാൽ അതിനും രോഗം ബാധിക്കാൻ ഇടയുണ്ട്. കമ്മീഷൻ വക്താവ് വ്യക്തമാക്കുന്നു. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ വളർത്തുമൃഗങ്ങൾക്കും നൽകണമെന്നാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.