'കൊവിഡ് 19 രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും!'; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്...

By Web TeamFirst Published Apr 17, 2020, 6:03 PM IST
Highlights

കൊവിഡ് 19 ബാധിച്ച് മരിച്ചയാളുകളുടെ സംസ്‌കാരം വലിയ സുരക്ഷാസന്നാഹങ്ങളോടെയാണ് എല്ലായിടങ്ങളിലും നടത്തുന്നത്. മരണശേഷവും മൃതദേഹത്തില്‍ നിന്ന് വൈറസ് പകരാന്‍ വലിയ സാധ്യതകളുള്ളതിനാലാണ് ഈ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പലയിടങ്ങളിലും ഉറ്റ ബന്ധുക്കളെ പോലും കാണിക്കാതെയാണ് കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കടുത്ത അനാസ്ഥയുടെ തെളിവുകള്‍ ബ്രസീലില്‍ നിന്ന് പുറത്തുവരുന്നത്

ലോകരാജ്യങ്ങളെയൊട്ടാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നത്. പല പ്രതിരോധമാര്‍ഗങ്ങളും പയറ്റി, ഈ രോഗകാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എന്നാല്‍ പലയിടങ്ങളിലും നമ്മുടെ കണ്ണുകള്‍ക്കും മനസിനും വിശ്വസിക്കാനാവാത്ത വിധത്തിലുള്ള സംഭവങ്ങളാണ് കൊവിഡ് 19 പശ്ചാത്തലത്തില്‍ നടക്കുന്നത്. 

അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്ന് പുറത്തുവരുന്നത്. കൊവിഡ് 19 രോഗികള്‍ ചികിത്സയിലിരിക്കുന്ന വാര്‍ഡില്‍ തന്നെ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളും സൂക്ഷിച്ചതായാണ് വാര്‍ത്ത. ബ്രസീലിലെ മെനോസില്‍ ഒരു ആശുപത്രിയില്‍ നിന്ന് അവിടത്തെ നഴ്‌സ് തന്നെ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് സംഭവം പുറംലോകമറിഞ്ഞത്. 

രോഗികളെ കിടത്തിയിരിക്കുന്ന വാര്‍ഡില്‍ കൊവിഡ് ബാധിച്ച് മരിച്ച 14 പേരുടെ മൃതദേഹം സൂക്ഷിച്ചിരുന്നുവെന്നാണ് ഇവര്‍ വീഡിയോയിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ സംഗതി വിവാദമായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ, പുറത്തെത്തിയ വീഡിയോയും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. 

ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച രാവിലെക്കുമിടയിലായി മരിച്ചവരുടെ മൃതദേഹമാണ് വാര്‍ഡിലുണ്ടായിരുന്നതെന്നും ഇവരുടെ മരണപത്രമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനെടുത്ത സമയത്തിനുള്ളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പിന്റെ സ്‌റ്റേറ്റ് സെക്രട്ടറി അറിയിച്ചു. ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ വൈകാതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി മാറ്റിയതായും ബാക്കി ഒമ്പത് മൃതദേഹങ്ങളും നടപടികള്‍ തീരുന്ന മുറയ്ക്ക് മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

Also Read:- കൊവിഡ് 19;മോര്‍ച്ചറിയില്‍ സ്ഥലമില്ലാതെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്...

കൊവിഡ് 19 ബാധിച്ച് മരിച്ചയാളുകളുടെ സംസ്‌കാരം വലിയ സുരക്ഷാസന്നാഹങ്ങളോടെയാണ് എല്ലായിടങ്ങളിലും നടത്തുന്നത്. മരണശേഷവും മൃതദേഹത്തില്‍ നിന്ന് വൈറസ് പകരാന്‍ വലിയ സാധ്യതകളുള്ളതിനാലാണ് ഈ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പലയിടങ്ങളിലും ഉറ്റ ബന്ധുക്കളെ പോലും കാണിക്കാതെയാണ് കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കടുത്ത അനാസ്ഥയുടെ തെളിവുകള്‍ ബ്രസീലില്‍ നിന്ന് പുറത്തുവരുന്നത്. 

മുപ്പതിനായിരത്തിലധികം കൊവിഡ് 19 കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1,952 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

click me!