അപ്രതീക്ഷിതമായ കനത്ത തിരിച്ചടിയാണ് കൊറോണ വൈറസ് മൂലം പല രാജ്യങ്ങളും നേരിടുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ് യുഎസ്, യുകെ, ഇറ്റലി പോലുള്ള രാജ്യങ്ങളിലെ അവസ്ഥ.  ആയിരക്കണക്കിന് പേര്‍ക്കാണ് ഇവിടങ്ങളില്‍ കൊവിഡ് 19നെ തുടര്‍ന്ന് നഷ്ടമായത്. രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും വേണ്ട ചികിത്സയോ പരിപാലനമോ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥ.

മരിച്ചവരുടെ കാര്യത്തിലാണെങ്കില്‍ ആചാരങ്ങള്‍ക്കനുസരിച്ച് മാന്യമായ രീതിയില്‍ സംസ്‌കാരം നടത്താന്‍ വേണ്ട സ്ഥലമോ സൗകര്യമോ സമയമോ തികയുന്നില്ലെന്നതാണ് പലയിടങ്ങളിലേയും നിജസ്ഥിതി. ഈ ദുരവസ്ഥയെ വെളിപ്പെടുത്തുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ മിഷിഗണിലെ ഒരാശുപത്രിയില്‍ നിന്ന് പുറത്തെത്തുന്നത്. 

മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും വിശ്രമമുറികളിലുമെല്ലാം മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രം ആശുപത്രിയിലെ ഒരു ജീവനക്കാരി തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ആദ്യത്തെ ചിത്രത്തില്‍ രണ്ട് മൃതദേഹങ്ങള്‍ ബാഗുകളിലാക്കി ഒരു വിശ്രമമുറിയിലെ കിടക്കയില്‍ കിടത്തിയിരിക്കുന്നു. തൊട്ടരികില്‍ തന്നെ വലിയൊരു കസേരയിലായി ചാരിവച്ച നിലയില്‍ മറ്റൊരു മൃതദേഹം.

അടുത്ത ചിത്രത്തില്‍ ആശുപത്രിയുടെ അകത്തുള്ള ഏതോ ചെറിയ മുറിയില്‍ അടുക്കടുക്കായി മൃതദേഹങ്ങള്‍ ബാഗുകളിലാക്കി സൂക്ഷിച്ചിരിക്കുന്നു. ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മൊബൈല്‍ റഫ്രിജറേറ്റഡ് സ്റ്റോറേജ് യൂണിറ്റുകളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ഇവയിലും മോര്‍ച്ചറിയിലുമെല്ലാം മൃതദേഹങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്. എങ്ങും സ്ഥലമില്ലാത്തതോടെയാണ് ആശുപത്രിക്കകത്ത് തന്നെ പലയിടങ്ങളിലായി മതൃദേഹങ്ങള്‍ കൂട്ടിയിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. (മൊബൈൽ റഫ്രിജറേറ്റഡ് സ്റ്റോറേജ് യൂണിറ്റുകൾ...)


എന്നാല്‍ ഈ ചിത്രങ്ങള്‍ പുറത്തായതോടെ മൃതദേഹങ്ങളെല്ലാം അവിടെ നിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി കൂടുതല്‍ മൊബൈല്‍ റഫ്രിജറേറ്റഡ് സ്റ്റോറേജ് യൂണിറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നാണ് സൂചന. 

Also Read:- മരണസംഖ്യ കുത്തനെ ഉയരുന്നു; ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ പാര്‍ക്കുകളില്‍ മറവ് ചെയ്യും...

മിഷിഗണില്‍ ഏറ്റവുമധികം കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രിയാണിത്. 12 മണിക്കൂറിനുള്ളില്‍ ശരാശരി 5 പേര്‍ എന്ന നിലയില്‍ ഇവിടെ കൊവിഡ് 19 മരണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പലരും 24 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണ് ആശുപത്രിയിലുള്ളതെന്നും ചിത്രങ്ങള്‍ പുറത്തുവിട്ട ജീവനക്കാരി പറയുന്നു.