പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ വധുവും വരനും മുങ്ങിമരിച്ചു

By Web TeamFirst Published Nov 10, 2020, 4:48 PM IST
Highlights

അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ചന്ദ്രുവിന്റേയും ശശികലയുടേയും വിവാഹം ഈ മാസം 22ന് നടത്താനായിരുന്നു തീരുമാനം. ഇതിന് മുമ്പ്, പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി തലക്കടുവില്‍ കാവേരിപ്പുഴയില്‍ ബന്ധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍ക്കുമൊപ്പം എത്തിയതായിരുന്നു ഇവര്‍

വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ വ്യാപകമായ 'ട്രെന്‍ഡ്' ആയിക്കൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതയ്ക്ക് വേണ്ടി പല മാര്‍ഗങ്ങളാണ് ഫോട്ടോഗ്രാഫര്‍മാരും വിവാഹത്തിന് തയ്യാറെടുക്കുന്ന യുവതീയുവാക്കളും സ്വീകരിക്കുന്നത്. 

എന്നാല്‍ ഇത്തരത്തില്‍ പുതുമയ്ക്കായി തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം എപ്പോഴും ബാക്കിയാവുകയാണ്. സമാനമായൊരു സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇന്ന് കര്‍ണാടകത്തിലെ മൈസൂരുവില്‍ നിന്ന് പുറത്തുവരുന്നത്. 

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചുവെന്നാണ് വാര്‍ത്ത. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു (28) പ്രതിശ്രുത വധു ശശികല (20) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുവരും മൈസൂരു സ്വദേശികളാണ്. 

അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ചന്ദ്രുവിന്റേയും ശശികലയുടേയും വിവാഹം ഈ മാസം 22ന് നടത്താനായിരുന്നു തീരുമാനം. ഇതിന് മുമ്പ്, പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി തലക്കടുവില്‍ കാവേരിപ്പുഴയില്‍ ബന്ധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍ക്കുമൊപ്പം എത്തിയതായിരുന്നു ഇവര്‍. 

വാടകയ്‌ക്കെടുത്ത വട്ടത്തോണിയില്‍ വധുവും വരനും ഒരു ബന്ധുവും ഫോട്ടോഗ്രാഫറുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ തോണിക്കാരനായ ഒരാളുമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി വധു എഴുന്നേറ്റ് നിന്നപ്പോള്‍ 'ബാലന്‍സ്' തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നുവത്രേ. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും പുഴയിലേക്ക് വീണത്. 

തോണിക്കാരന്‍ നീന്തി രക്ഷപ്പെടുകയും ബന്ധുവിനേയും ഫോട്ടോഗ്രാഫറേയും പുഴക്കരയിലുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചന്ദ്രുവും ശശികലയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരുടേയും മൃതദേഹം പിന്നീട് മുങ്ങല്‍ വിദഗ്ധരെത്തിയാണ് കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിര് വിടുന്നതായി നാം കാണാറുണ്ട്. ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനുമാവില്ല. ഇന്ന് രണ്ട് ജീവന്‍ നഷ്ടമായ സംഭവം ഒരു പാഠമായി ഉള്‍ക്കൊള്ളേണ്ടതുമുണ്ട്.

Also Read:- 'ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണോ ഇത്'; കുഞ്ഞിനേയും കൊണ്ട് പിതാവിന്റെ 'ഭ്രാന്തന്‍ ഫോട്ടോഷൂട്ട്'...

click me!