വിനോദയാത്ര പോകുന്നവരില്‍ ഏറെ പേര്‍ക്കും യാത്രയുടെ നിമിഷങ്ങള്‍ ആസ്വദിക്കുക എന്നത് മാത്രമല്ല ലക്ഷ്യം. ഇടയ്ക്കിടെ മനോഹരമായ സീനറികളില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കയ്യടി വാങ്ങല്‍ കൂടിയാണ് ഇവരുടെ ഉദ്ദേശം. ഈ ഫോട്ടോയെടുപ്പാണെങ്കില്‍ എത്രമാത്രം വ്യത്യസ്തമാക്കാമോ അത്രമാത്രം വ്യത്യസ്തമാക്കാനും ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിന് അല്‍പം അപകടം പിടിച്ച മാര്‍ഗങ്ങളിലേക്കാണ് നീങ്ങേണ്ടതെങ്കില്‍ അതിനും ഇത്തരക്കാര്‍ തയ്യാര്‍. 

അത്തരത്തില്‍ ഒരു സെല്‍ഫിക്കോ, ഫോട്ടോയ്‌ക്കോ വേണ്ടി അപകടം പിടിച്ചയിടങ്ങളില്‍ പോയിനിന്ന് പിന്നീട് ജീവന്‍ പോലും നഷ്ടമായ എത്രയോ പേരെ കുറിച്ച് നമ്മള്‍ വാര്‍ത്തകളിലൂടെയും മറ്റുമായി അറിഞ്ഞിട്ടുണ്ട്. ഇത്രയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ചിലര്‍ തങ്ങളുടെ രീതികളില്‍ നിന്ന് മാറാന്‍ തയ്യാറല്ലെന്ന് തന്നെയുള്ള വാശിയിലാണ്. 

ഇതിന് ഉദാഹരണമാണ് ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഏതാനും ചിത്രങ്ങളും വീഡിയോയും. ബെയ്ജിങിലെ ഒരു വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ കുടുംബത്തിലെ അച്ഛനും കുഞ്ഞുമാണ് ചിത്രത്തിലുള്ളത്. ഒരു മലയുടെ മുകളിലേക്ക് ചുറ്റിവളഞ്ഞ് പോകുന്ന റോഡ്. മനോഹരമായ വ്യൂപോയിന്റ് ഉള്ള അതിന്റെ ഒരു വളവില്‍ വച്ച് 'ഫോട്ടോഷൂട്ട്' നടത്തുകയാണ് യാത്രക്കാരായ കുടുംബം. 

വിനോദയാത്രയുടെ മുഴുവന്‍ ഹരവും ചിത്രങ്ങളില്‍ പകര്‍ത്താനായി അല്‍പം 'സാഹസിക'മായി 'ഫോട്ടോഷൂട്ട്' ചെയ്യാമെന്ന് കരുതിയാകണം പിഞ്ചുകുഞ്ഞിനെ റോഡിന് വശത്തായി കുത്തനെയുള്ള ചരിവിലേക്ക് ഇറക്കിയിരുത്തി, വെറുതെ കൈ കൊണ്ട് മാത്രം പിടിച്ച് മറ്റൊരാളെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുകയാണ് പിതാവ്. സ്ഥലത്തുണ്ടായിരുന്ന മറ്റാരോ തന്റെ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. 

ഈ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എത്ര നിസാരമായാണ് തന്റെ കുഞ്ഞിനെ വച്ച് ഇത്തരമൊരു 'റിസ്‌ക്' എടുക്കാന്‍ ആ പിതാവ് തയ്യാറായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏറ്റവുമധികം ഉയര്‍ന്നുകേട്ട ചോദ്യം. കേവലം ഒരു ഫോട്ടോയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവന്‍ വച്ചുകളിക്കുന്ന അച്ഛനെന്നും, ആ കുഞ്ഞിന്റെ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നുവെന്നുമെല്ലാം നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുന്നു. 

എവിടെ നിന്നുമുള്ള കുടുംബമാണിതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും ഇത്തരം 'സാഹസികത'കള്‍ ഒരിക്കലും ഗുണം ചെയ്യില്ലെന്ന സന്ദേശം അല്ലാവരിലേക്കുമെത്തിക്കാന്‍ ഈ വീഡിയോയും ചിത്രങ്ങളും ചെറിയൊരു പരിധി വരെയെങ്കിലും ഉപയോഗപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്ര ആത്മവിശ്വാസമുണ്ടെങ്കിലും കൈപ്പിടിയിലൊതുങ്ങാത്ത ഒരു നിമിഷത്തിന്റെ അശ്രദ്ധ മതി, വലിയൊരു വിപത്ത് വിളിച്ചുവരുത്താനെന്ന ഓര്‍മ്മ എപ്പോഴും നമ്മുടെ ഉള്ളിലുണ്ടാകണം. ആ ഓര്‍മ്മപ്പെടുത്തലിന് ഈ ചിത്രങ്ങള്‍ പ്രചോദനമാകട്ടെ. 

Also Read:- സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക്; അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം...