
ഇന്നലെ ജൂണ്‍ 19 ഫാദേഴ്സ് ഡേ ആയി ( World Father's Day 2022 ) ആഘോഷിച്ച ദിവസമാണ്. അച്ഛന്മാരുടെ സ്നേഹത്തിനും ( Dad's Love ) കരുതലിനുമെല്ലാം മക്കള്‍ നന്ദി അറിയിക്കുകയും തിരിച്ച് സ്നേഹമറിയിക്കുകും ചെയ്യുന്ന ദിവസം. പലരും തങ്ങളുടെ ആശംസകളും തങ്ങള്‍ക്ക് ലഭിച്ച മക്കളുടെ സ്നേഹത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
എന്നാലിത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവം തന്നെയാണ്. ഫാദേഴ്സ് ഡേയില്‍ ( World Father's Day 2022 ) മകള്‍ വരച്ചുണ്ടാക്കിയ ആശംസാ ബാഡ്ജും ധരിച്ച് ജോലിക്കെത്തിയ അച്ഛൻ. വിശേഷാവസരങ്ങളില്‍ കുട്ടികള്‍ മാതാപിതാക്കളെയോ അവര്‍ക്ക് ഇഷ്ടമുള്ളവരെയോ എല്ലാം ആശംസകളറിയിക്കാൻ സ്വയം തന്നെ ചിത്രപ്പണികളെല്ലാം ചെയ്ത് കാര്‍ഡുകളുണ്ടാക്കാറുണ്ട്. ഇത് മിക്ക വീടുകളിലും കുട്ടികള്‍ ചെയ്യുന്നതാണ്.
മുതിര്‍ന്നവര്‍ക്കാണെങ്കില്‍ കുട്ടികള്‍ തയ്യാറാക്കി കൊടുക്കുന്ന ഈ സമ്മാനങ്ങള്‍ ഏറെ വിലയുള്ളതായിരിക്കും. കുരുന്നുമനസുകളില്‍ തങ്ങളോട് എത്രമാത്രം പ്രിയമുണ്ടെന്ന് അവര്‍ക്ക് മനസിലാകുന്ന അവസരങ്ങളാണിത്.
അതുപോലെ തന്നെയാണ് ഈ അച്ഛനും. ഇദ്ദേഹം ആരാണെന്നോ എവിടത്തുകാരൻ ആണെന്നോ ഒന്നും അറിവില്ല. ലവ്ലീന്‍ അരുണ്‍ എന്ന യുവതിയാണ് ഇദ്ദേഹത്തിന്‍റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. മുഖം വെളിപ്പെടുത്താത്ത ചിത്രത്തിനൊപ്പം ലവ്ലീന്‍ ആണ് ഇദ്ദേഹത്തിന്‍റെ മകളെ കുറിച്ച് പറഞ്ഞത്.
ലവ്ലീന്‍റെ വീട്ടിലെ ലീക്കുള്ള പൈപ്പ് ശരിയാക്കാനെത്തിയ എല്‍പിജി ഗ്യാസ് ടെക്നീഷ്യനാണത്രേ ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ എട്ട് വയസുള്ള മകള്‍ സമ്മാനിച്ച ബാഡ്ജാണ് നെഞ്ചില്‍ കാണുന്നത്. 'ഹാപ്പി ഫാദേഴ്സ് ഡേ അപ്പാ, ഐ ലവ് യൂ' എന്നാണ് ഭംഗിയായി വരച്ചുണ്ടാക്കിയിരിക്കുന്ന ബാഡ്ജില്‍ എഴുതിയിരിക്കുന്നത്. മകളോടുള്ള സ്നേഹത്തിന്‍റെ സൂചനയായി ( Dad's Love ) ഇത് ഫാദേഴ്സ് ഡേ ദിവസം മുഴുവനും ധരിക്കാനാണ് ഇദ്ദേഹം തീരുമാനിച്ചത്. അതുകൊണ്ടാണ് ജോലിക്ക് എത്തിയപ്പോള്‍ പോലും അത് മാറ്റാതിരിക്കുന്നത്.
തീര്‍ച്ചയായും നമ്മുടെ മനസിന് സന്തോഷം പകരുന്നൊരു കാഴ്ച തന്നെയാണിത്. അതുകൊണ്ട് തന്നെ ലവ്ലീന്‍റെ ട്വീറ്റിനും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഭാഗ്യവാനായ അച്ഛനെന്നും ഭാഗ്യവതിയായ മകളെന്നുമാണ് മിക്കവരും പേരുവിവരങ്ങള്‍ പോലും അറിയാത്ത അച്ഛനെയും മകളെയും കുറിച്ച് പറയുന്നത്.
Also Read:- 'അച്ഛൻ, ഇനിയും വായിച്ചു തീരാത്ത മഹാകാവ്യം'; ഫാദേഴ്സ് ഡേയിൽ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട്