തലമുടി കൊഴിയുന്നുണ്ടോ? ഈ ഭക്ഷണരീതിയാകാം കാരണം...

By Web TeamFirst Published Sep 1, 2019, 1:09 PM IST
Highlights

തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമായി മാറിയിട്ടുണ്ട്. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്. 

തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമായി മാറിയിട്ടുണ്ട്. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്‌ത്രത്തിലും തലയിണയിലുമൊക്കെ കുറച്ച് മുടി കാണപ്പെടുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കരുത്. 

ഇരുമ്പിന്‍റെ കുറവ് കൊണ്ട് തലമുടി കൊഴിയാന്‍ സാധ്യതയുണ്ടെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. അതായത് ഭക്ഷണരീതി ഒന്ന് ശ്രദ്ധിക്കണമെന്ന്. വെജിറ്റേറിയന്‍സിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. പച്ചക്കറികള്‍ മാത്രം കഴിക്കുകയും മാംസാഹാരം കഴിക്കാതെയും ഇരിക്കുമ്പോഴാണ് ഇത്തരത്തില്‍ തലമുടി കൊഴിയുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. മാംസാഹാരത്തില്‍ ഇരുമ്പിന്‍റെ അംശം ധാരാളമുണ്ട്. നമ്മുടെ ഡയറ്റും തലമുടിയുടെ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന് സാരം. 

ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ ശരീരത്തില്‍ ഓക്സിജന്‍റെ  അളവും കുറയും. ഇത് തലമുടിയുടെ വളര്‍ച്ചയെ ബാധിക്കും. ബ്രോക്കോളി, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലൊക്കെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനുകള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

എന്നാല്‍ ഇത് മാത്രമല്ല, മറ്റ് പലകാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലുണ്ടാകുന്നു. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. എന്നാല്‍ ഇതൊന്നും അല്ലാത്ത മറ്റൊരു കാരണം കൂടിയുണ്ട്. അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാത്സ്യത്തിന്റെ കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം. 

click me!