കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വേണം; മാരത്തോണ്‍ നടത്തവുമായി 103കാരനായ ഡോക്ടര്‍

By Web TeamFirst Published Jun 10, 2020, 12:08 PM IST
Highlights

നടത്തത്തിന്‍റെ കണക്ക് തെറ്റാതിരിക്കാന്‍ ഓരോ റൗണ്ട് പൂര്‍ത്തിയാക്കുമ്പോഴും ഒരു വടി എടുത്ത് അടുത്തുവച്ചിരിക്കുന്ന പാത്രത്തില്‍ ഇടും. 

റോട്ട്സെലാര്‍, ബെല്‍ജിയം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മാരത്തണ്‍ നടത്തവുമായി 103 കാരനായ ഡോക്ടര്‍. ദിവസവും തന്‍റെ വീടിന്‍റെ പൂന്തോട്ടത്തിന് ചുറ്റും നടക്കുകയാണ് അല്‍ഫോണ്‍സ് ലീംപോയെല്‍സ്.  42.2 കിലോമീറ്റര്‍ നടത്തമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

ജൂണ്‍ ഒന്നിന് ആരംഭിച്ച നടത്തം ജൂണ്‍ 30ന് അവസാനിക്കും. ദിവസവും 10 തവണയായി 145 മീറ്റര്‍ നടക്കും. രാവിലെ മൂന്ന് തവണ, ഉച്ചയ്ക്ക് മൂന്ന് തവണ, വൈകീട്ട് നാല് തവണ എന്നതാണ് കണക്ക്. നടത്തത്തിന്‍റെ കണക്ക് തെറ്റാതിരിക്കാന്‍ ഓരോ റൗണ്ട് പൂര്‍ത്തിയാക്കുമ്പോഴും ഒരു വടി എടുത്ത് അടുത്തുവച്ചിരിക്കുന്ന പാത്രത്തില്‍ ഇടും. 

ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത, നൂറ് വയസ്സുള്ള ടോം മൂറിയില്‍ നിന്നാണ ഈ ആശയം തനിക്ക് ലഭിച്ചതെന്നാണ് ലീംപോയെല്‍സ് പറയുന്നത്. തന്‍റെ വീടിന്‍റെ മുന്നിലെ പൂന്തോട്ടത്തില്‍ നടന്ന് 40 മില്യണ്‍ ഡോളറാണ് അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ചത്. 

'' എന്‍റെ മക്കള്‍ പറഞ്ഞു, എനിക്ക് ടോം മൂറിയോളമോ അതിലധികമോ നടക്കാന്‍ സാധിക്കും, കാരണം എനിക്ക് 103 വയസ്സല്ലേ എന്ന്'' - റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ ലീംപോയെല്‍സ് പറഞ്ഞു. 

ല്യൂവെന്‍ യൂണിവേഴ്സിറ്റിയോട് ചേര്‍ന്നുള്ള ആശുപത്രിയില്‍ കൊവിഡ് പ്രതിരോധത്തിനുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇതുവരെ ലീംപോയെല്‍സ് 6000 യൂറോ(5,14,194 രൂപ)യോളം സമാഹരിച്ചുവെന്ന് ല്യൂവെന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. 

click me!