
ചൂടോടെ ഒരു കപ്പ് കാപ്പി, അല്ലെങ്കില്‍ ചായ... ഇതായിരിക്കും അതിരാവിലെ ഉറക്കമുണരുന്ന മിക്കവാറും പേരുടെയും ആദ്യത്തെ ദിനചര്യ. ഇതിന് ശേഷം എന്തെങ്കിലും വ്യായാമം ശീലമാണെങ്കില്‍ അതിലേക്ക് കടക്കും. പിന്നെ പ്രാഥമിക കൃത്യങ്ങള്‍, ഭക്ഷണം, ജോലി...
ഇങ്ങനെ പോകും ദിവസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സമയങ്ങള്‍. എന്നാല്‍ ചിലരുണ്ട്, അതിരാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് തന്നെ 'സെക്‌സി'ലേക്കായിരിക്കും. ഈ പതിവ് എങ്ങനെയാണ് ജീവിതത്തെ ബാധിക്കുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പേടിക്കേണ്ട, ശീലങ്ങളില്‍ വച്ചേറ്റവും നല്ല ശീലമാണ് അതിരാവിലെയുള്ള 'സെക്‌സ്' എന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്രമാത്രം ഗുണകരമാണത്രേ, രാവിലെയുള്ള ലൈംഗിക ബന്ധം.
'മെഡിക്കലി പറയുകയാണെങ്കില്‍ രാവിലെയുള്ള സെക്‌സ് എന്നാല്‍ ഒരു പ്ലസ് പ്ലസ് സിറ്റുവേഷനാണ്. അതായത് ഇതിന് ഗുണങ്ങള്‍ മാത്രമേയുള്ളൂ. രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും. അതിനാല്‍ തന്നെ സെക്‌സും അതിന് അനുസരിച്ച് ഭംഗിയായിരിക്കും. ഇത് ശരീരത്തിന് നല്ലതാണെന്ന് മാത്രമല്ല, പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായിക്കും'- സൈക്കോതെറാപ്പിസ്റ്റായ ഡോ.വിഹാന്‍ സന്യാള്‍ പറയുന്നു.
'ബോര്‍ഡര്‍ലൈന്‍ ഡിപ്രഷന്‍' ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള 'സെക്‌സ്' ഉപകാരപ്രദമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അതേസമയം 'ക്രോണിക്' ആയ വിഷാദം മറികടക്കാന്‍ ഇതുകൊണ്ടാവില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
'പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്‌സ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്. നല്ല ഉറക്കത്തിന് ശേഷം, വളരെ ഫ്രഷ് ആയ മനസ്സോടും ശരീരത്തോടും കൂടിയാണ് നിങ്ങള്‍ ആ സമയത്ത് പങ്കാളിയെ സമീപിക്കുന്നത്. ഇതുതന്നെയാണ് ഇതിലെ പ്ലസ് പോയിന്റ്'- റിലേഷന്‍ഷിപ്പ് കൗണ്‍സിലറായ സുമിത് മേത്ത പറയുന്നു.
കൂടാതെ, ചെറിയ ഒരു വ്യായാമമുറയായും രാവിലെയുള്ള സെക്‌സിനെ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ധാരാളം കലോറികള്‍ എരിഞ്ഞുപോകുന്നുണ്ട്. അതിനാല്‍ തന്നെ രാവിലെയുള്ള ചെറിയ നടപ്പിനോ, ജോഗിംഗിനോ പകരമായോ അല്ലെങ്കില്‍ അവയ്ക്ക് മുന്നോടിയായോ സെക്‌സിലേര്‍പ്പെടുന്നത് ശരീരത്തിന് ഗുണകരമാവുകയേ ഉള്ളൂവെന്ന് ഇവര്‍ വാദിക്കുന്നു. ദിവസം മുഴുവനും മനസ്സിന് ഉല്ലാസമുണ്ടാക്കാനും ഇത് സഹായിക്കുമത്രേ!