കണ്ണുകള്‍ ഭംഗിയാകാന്‍ ചെയ്യാം ഈ എട്ട് കാര്യങ്ങള്‍...

By Web TeamFirst Published Jan 10, 2020, 11:29 PM IST
Highlights

കണ്ണുകള്‍ തിളക്കമുള്ളതായും ആരോഗ്യമുള്ളതായും തോന്നിക്കണമെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തെയാണെന്ന് എത്ര പേര്‍ക്കറിയാം? കണ്ണിന് താഴെ കാണുന്ന കറുത്ത വളയങ്ങള്‍, വീക്കം, നേരിയ വരകള്‍, കുഴിവ്- ഇങ്ങനെ പല ഘടകങ്ങളുമാണ് പലപ്പോഴും കണ്ണിനെ തിളക്കമറ്റതാക്കുന്നത്

ഭംഗിയും മിഴിവുമുള്ള കണ്ണുകള്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്. കണ്ണുകള്‍ തിളക്കമുള്ളതായും ആരോഗ്യമുള്ളതായും തോന്നിക്കണമെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തെയാണെന്ന് എത്ര പേര്‍ക്കറിയാം? കണ്ണിന് താഴെ കാണുന്ന കറുത്ത വളയങ്ങള്‍, വീക്കം, നേരിയ വരകള്‍, കുഴിവ്- ഇങ്ങനെ പല ഘടകങ്ങളുമാണ് പലപ്പോഴും കണ്ണിനെ തിളക്കമറ്റതാക്കുന്നത്.

അതിനാല്‍ കണ്ണിന് വേണ്ടി അതിന്റെ ചുറ്റുമുള്ള ചര്‍മ്മത്തെയാണ് പ്രധാനമായും സംരക്ഷിക്കേണ്ടത്. ഇതിനായി എട്ട് മാര്‍ഗങ്ങളാണ് വിശദീകരിക്കുന്നത്.

ഒന്ന്...

കൂടെക്കൂടെ കണ്ണ് അമര്‍ത്തി തിരുമ്മുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഒഴിവാക്കണം. കാരണം ഇങ്ങനെ ചെയ്യുമ്പോള്‍ കണ്ണിന് ചുറ്റുമുള്ള തൊലിയില്‍ നേരിയ വരകളും ചുളിവുകളും വീണുതുടങ്ങും. അത്രയും നേര്‍ത്ത തൊലിയാണ് കണ്ണിന് ചുറ്റുമുള്ളത്. മേക്കപ്പ് ഒഴിവാക്കുമ്പോള്‍ പോലും ഈ ഭാഗങ്ങള്‍ വളരെ ശ്രദ്ധിച്ച് വൃത്തിയാക്കണം.

രണ്ട്...

നേര്‍ത്ത ചര്‍മ്മമായതിനാല്‍ തന്നെ കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങള്‍ പെട്ടെന്ന് വെയിലില്‍ വാടിപ്പോകും. അതിനാല്‍ വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക.

 


കഴിയുമെങ്കില്‍ സണ്‍ ഗ്ലാസും പതിവാക്കുക.

മൂന്ന്...

മുഖത്ത് ഉപയോഗിക്കുന്ന സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. ചില ഉത്പന്നങ്ങള്‍ നമ്മുടെ ചര്‍മ്മത്തിന് യോജിക്കുന്നതായിരിക്കില്ല. അത് കയ്യിലോ കാലിലോ എവിടെയങ്കിലും ഒന്ന് പരീക്ഷിച്ച ശേഷം മാത്രം മുഖത്ത് തേക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളെ ഇത്തരത്തിലുള്ള അപകടങ്ങള്‍ പെട്ടെന്ന് തന്നെ ബാധിക്കും.

നാല്...

കഴിയുമെങ്കില്‍ കണ്ണിന് വേണ്ടി പ്രത്യേകമുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുക. റെറ്റിനോള്‍, പോളിപെപ്‌റ്റൈഡ്‌സ്, വിറ്റാമിന്‍-ബി, സി, കെ,കഫെയ്ന്‍, സെറാമൈഡ്‌സ് എന്നീ ഘടകങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.

അഞ്ച്...

ഉപ്പിന്റെ ഉപയോഗം വളരെയധികം കുറയ്ക്കുക. സെലറി, ആസ്പരാഗസ്, നേന്ത്രപ്പഴം എന്നിങ്ങനെയുള്ള ഭക്ഷണം കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുക. കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത വളയങ്ങള്‍ കുറയ്ക്കാനാണ് ഇത് സഹായകമാവുക. ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കുക. ഓറഞ്ച്, കക്കിരി, നാരങ്ങ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക.

ആറ്...

ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന തരം ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക.

 


ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ സഹായകമായവയാണ്. യോഗര്‍ട്ട് ഇതിന് ഉത്തമ ഉദാഹരണമാണ്.

ഏഴ്...

ശരീരത്തില്‍ നിന്ന് ജലാംശം വലിച്ചെടുക്കുന്ന തരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക. മദ്യം, കോഫി, വൈറ്റ് ഷുഗര്‍, ഫ്രൈഡ് ഫുഡ്‌സ്, സാള്‍ട്ട് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.

എട്ട്...

മുഖത്തെ ചര്‍മ്മം പരിപാലിക്കുന്നതിന്റെ ഭാഗമായി രാത്രിയില്‍ പതിവായി, ഐ സിറം ഉപയോഗിക്കാം. ഇതിന് മുമ്പായി മുഖം വെള്ളമുപയോഗിച്ച് നന്നായി കഴുകിത്തുടയ്ക്കുകയും ചെയ്യണം.

click me!