ഈ തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? വണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

By Web TeamFirst Published Jan 4, 2021, 10:31 AM IST
Highlights

തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ വരെ പലര്‍ക്കും മടിയാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ.

അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് മിക്കപ്പോഴും അമിതവണ്ണം ഉണ്ടാകുന്നത്. ഈ കൊവിഡ് കാലത്തെ ലോക്ഡൗണും വര്‍ക്ക് ഫ്രം ഹോമും മറ്റും പലരുടെയും ശരീരഭാരം കൂടാന്‍ കാരണമായിട്ടുണ്ട്. ഇത്തരത്തില്‍ ക്രമാതീതമായി വണ്ണം കൂടിവരുന്നതായി മനസിലാക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണം.

തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ വരെ പലര്‍ക്കും മടിയാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും. മുട്ടയുടെ വെള്ള, ചീര, മഷ്റൂം, പനീർ, സോയ തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

രണ്ട്...

കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാം. ഒപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം. 

മൂന്ന്...

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഭക്ഷണത്തില്‍ കുറയ്ക്കാം. പകരം പച്ചക്കറികളും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്...

മധുരം കൂടുതല്‍ കഴിക്കരുത്. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. 

അഞ്ച്... 

ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും വീടിനുള്ളില്‍ എങ്കിലും നടക്കാന്‍ ശ്രമിക്കുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും ദിവസവും ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സാധിക്കും.

ആറ്...

ഉറക്കക്കുറവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിലും വണ്ണം കൂടാം. ഉറക്കക്കുറവ് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ദിവസവും രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

Also Read: ഒരു മുട്ടയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

click me!