
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്...
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
മൂന്ന്...
ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.
നാല്...
അര കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും എടുക്കുക. ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇവയെ നന്നായി ഇളക്കുക. കുറച്ച് സമയത്തിന് ശേഷം ഈ മിശ്രിതം നല്ലൊരു പേസ്റ്റായി മാറുന്നത് കാണാം. ഇനി ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. മുടിയുടെ വേരുകൾ മുതൽ അറ്റം വരെ ശരിയായി പുരട്ടണം. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം തലമുടി കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇത് പരീക്ഷിക്കാം.
Also Read: തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം