'പ്രേതവും പിശാചും ഉണ്ടെന്ന് തെളിയിക്ക്, അമ്പതിനായിരം രൂപ ഉടന്‍ തരും'!

By Web TeamFirst Published Oct 24, 2019, 6:16 PM IST
Highlights

ഗ്രാമത്തില്‍ അടുപ്പിച്ച് മൂന്ന് സ്ത്രീകള്‍ മരണപ്പെടുകയും ഏഴ് സ്ത്രീകള്‍ അസുഖം ബാധിച്ച് കിടപ്പിലാവുകയും ചെയ്തിരുന്നു ഇതിന് കാരണം വയോധികരായ ആറ് പേരുടെ മന്ത്രവാദമാണെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഈ ആറ് പെരെയും മര്‍ദ്ദിക്കുകയും അവരുടെ പല്ല് അടിച്ച് കൊഴിച്ച ശേഷം അവരെക്കൊണ്ട് മലം തീറ്റിക്കുകയും ചെയ്തു

ദുര്‍മന്ത്രവാദം കൊടികുത്തിവാഴുന്ന ഗ്രാമങ്ങള്‍. മനുഷ്യനും അവന്റെ ജീവനും മാനത്തിനുമൊന്നും വില കല്‍പിക്കാതെ സര്‍വ അധികാരങ്ങളും തീരുമാനങ്ങളും പിശാചുക്കളെ ഏല്‍പിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍. അവര്‍ക്കിടയില്‍ എന്നെന്നേക്കും ഇരകളായി കഴിയാന്‍ വിധിക്കപ്പെട്ട മറ്റൊരു വിഭാഗം. 

ഒഡീഷയിലെ ബെര്‍ഹാംപൂരിന് ചുറ്റിലുമായി കിടക്കുന്ന വിവിധ പ്രദേശങ്ങളെക്കുറിച്ചാണ് ഇപ്പറയുന്നത്. ഇവിടെ മാത്രമല്ല പല വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടേയും അവസ്ഥ ഇതുതന്നെയാണെന്നാണ് പുറത്തുവരുന്ന പല വാര്‍ത്തകളും നല്‍കുന്ന സൂചന. അത്തരത്തില്‍ അടുത്ത ദിവസങ്ങളിലായി ബെര്‍ഹാംപൂരില്‍ നിന്ന് പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ ദേശീയശ്രദ്ധ തന്നെ നേടുകയുണ്ടായി. 

ഗോപാര്‍പൂര്‍ എന്ന ഗ്രാമത്തില്‍ അടുപ്പിച്ച് മൂന്ന് സ്ത്രീകള്‍ മരണപ്പെടുകയും ഏഴ് സ്ത്രീകള്‍ അസുഖം ബാധിച്ച് കിടപ്പിലാവുകയും ചെയ്തിരുന്നു ഇതിന് കാരണം വയോധികരായ ആറ് പേരുടെ മന്ത്രവാദമാണെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഈ ആറ് പെരെയും മര്‍ദ്ദിക്കുകയും അവരുടെ പല്ല് അടിച്ച് കൊഴിച്ച ശേഷം അവരെക്കൊണ്ട് മലം തീറ്റിക്കുകയും ചെയ്തു. 

സംഭവം വാര്‍ത്തയായതോടെ വലിയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനെച്ചൊല്ലി ഉടലെടുത്തു. മുമ്പ് ഗോപാര്‍പൂരിലും ബെര്‍ഹാംപൂരിലെ മറ്റ് സ്ഥലങ്ങളിലുമെല്ലാം നടന്ന പല സംഭവങ്ങളും വെളിച്ചത്തായി. തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ ചിലര്‍ നിയമപരമായ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. 

ഇതിന് പിന്നാലെ ഒരു പരസ്യപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഗഞ്ചം ജില്ലാ കളക്ടര്‍ വിജയ് അമൃത കുലംഗേ. പ്രേതവും പിശാചുമെല്ലാം ഉണ്ടെന്ന് തെളിയിച്ചാല്‍, അവര്‍ ആരായാലും ഉടന്‍ തന്നെ 50,000 രൂപ നല്‍കുമെന്നാണ് കളക്ടറുടെ പ്രഖ്യാപനം. അത്രമാത്രം ജനങ്ങളുടെ സാമൂഹികജീവിതത്തെ ഈ വിശ്വാസങ്ങള്‍ തകര്‍ത്തെറിയുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പ്രഖ്യാപനത്തിലേക്ക് താനെത്തിയതെന്ന് വിജയ് അമൃത അറിയിച്ചു. 

പലപ്പോഴും അസുഖബാധിതരായ ആളുകളെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്തെത്തിച്ച് പൂജ ചെയ്യലാണ് ഇവിടങ്ങളിലെ പതിവ്. നിരവധി ജീവനുകള്‍ ഇത്തരത്തില്‍ പൊലിഞ്ഞതായി പല കാലങ്ങളിലും പുറത്തുവന്ന വാര്‍ത്തകള്‍ കൂട്ടിവായിക്കുമ്പോള്‍ത്തന്നെ നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. 

നല്ല വിദ്യാഭ്യാസമോ, സാമൂഹിക നിലവാരമോ, രാഷ്ട്രീയ അവബോധമോ, അടിസ്ഥാന വികസനമോ ഇല്ലാത്തതാണ് പലപ്പോഴും ഇത്തരം ദുരാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും കടിച്ചുതൂങ്ങിക്കിടക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. 

'എന്തെങ്കിലും രോഗമുള്ളതായി തോന്നുന്ന ഒരാളെ നിര്‍ബന്ധമായും അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം. അല്ലാതെ മന്ത്രവാദികളുടെ അടുത്തേക്ക് അവരെ കൊണ്ടുപോകരുത്. എത്രയോ ബോധവത്കരണ പരിപാടികള്‍ നടത്തിയതാണ്. എന്നിട്ടും ചില സംഘങ്ങള്‍ ദുര്‍മന്ത്രവാദവും പൂജകളും തുടര്‍ന്നുകൊണ്ടുപോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പല പരാതികളും എനിക്ക് നേരിട്ട് ലഭിച്ചിട്ടുണ്ട്..'- വിജയ് അമൃത പറഞ്ഞു. 

തലമുറകളായി മന്ത്രവാദം നടത്തുന്ന കുടുംബങ്ങളുടെ കുത്തകയാണ് പല ഗ്രാമങ്ങളുമെന്നാണ് പ്രാദേശികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ബലമായി ഒതുക്കുന്നുവെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

click me!