താരനകറ്റാന്‍ പുതിയ ചില വഴികള്‍...

By Web TeamFirst Published May 11, 2019, 10:43 AM IST
Highlights

ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്.

ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാനുളള സാധ്യതയുണ്ട്. 

തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന ഇന്‍ഫെക്ഷന്‍ വേരുകളിലേക്ക് ബാധിച്ചാല്‍ ക്രമേണ മുടിയുടെ വളര്‍ച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും. 

ശ്രദ്ധിക്കേണ്ടവര്‍...

പതിവായി ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന്‍ വരാം. തല ചൂടാകുമ്പോള്‍ വിയര്‍പ്പും അഴക്കും പൊടിയും ചര്‍മത്തില്‍ അടിഞ്ഞാണ് താരന്‍ വരുന്നത്. ഹെയര്‍ ജെല്ലുപയോഗവും താരന്‍ ഉണ്ടാക്കാം. ഷാംപൂ  ഉപയോഗം വളരെയധികം ശ്രദ്ധിക്കണം. വെള്ളത്തില്‍ ചേര്‍ത്തു വേണം ഷാംപൂ ഉപയോഗിക്കാന്‍. ഷാംപു ചെയ്ത മുടിയില്‍ നിന്ന് വെള്ളം ഒപ്പിയെടുത്ത ശേഷം മുടിയില്‍ മാത്രം കണ്ടീഷനര്‍ പുരട്ടി കഴുകാം. ഷാംപു ചെയ്യുമ്പോള്‍ മുടിയില്‍ നിന്ന് നഷ്ടപ്പെടുന്ന സ്വാഭാവിക ഈര്‍പ്പം തിരിച്ചു നല്‍കാനാണ് കണ്ടിഷനര്‍ പുരട്ടുന്നത്. 

താരനകറ്റാന്‍  ചില പുത്തന്‍ വഴികള്‍...

1. തലയോട്ടിയുടെ പിഎച്ച് നില സന്തുലിതമാക്കാന്‍ സഹായിക്കുന്ന  ചേരുവയാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും കൂട്ടിയോജിപ്പിക്കുക. തല കഴുകിയ ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം ഇത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

2. വെളുത്തുള്ളിയുടെ ആന്റിഫംഗസ് ഗുണം താരനെതിരെ പ്രവര്‍ത്തിക്കും. വെളുത്തുള്ളി ചതച്ചത് തേനുമായി ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം.

3. സവാളയോ ചുവന്നിളളിയോ വെള്ളം ചേര്‍ക്കാതെ  അരച്ച്  പിഴിഞ്ഞെടുത്ത് നീര് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

4. വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക.  ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.

പിന്നെ ചില പഴയെ ടിപ്പുകള്‍ കൂടി പറയാം... 

5. ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാന്‍ നല്ലതാണ്. 

6. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. 

7. ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ കൂടി ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. 

8. മുട്ടയുടെ മഞ്ഞ തലയില്‍ തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

9.  പാളയംകോടന്‍ പഴം ഉടച്ച് തലയില്‍ തേച്ച ശേഷം കഴുകിക്കളയാം. 

click me!