വിവാഹമോതിരം വിഴുങ്ങുന്നതായി സ്വപ്‌നം കണ്ടു; ഉണര്‍ന്നപ്പോള്‍ കണ്ടത്...

By Web TeamFirst Published Sep 16, 2019, 5:05 PM IST
Highlights

വളരെ വേഗത്തില്‍ പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കവര്‍ച്ചക്കാരെ പോലെ തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുത്തേക്ക് വന്നു. അവരില്‍ നിന്ന് വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു

വളരെ വിചിത്രമായ പലതരം സ്വപ്‌നങ്ങളും നമ്മള്‍ ഉറക്കത്തിനിടയില്‍ കാണാറുണ്ട്. മിക്കപ്പോഴും നമ്മുടെ പൊതുവായ മാനസിക- ശാരീരികാവസ്ഥകളുമായി ബന്ധപ്പെട്ടാണ് ഉപബോധമനസ് സ്വപ്‌നങ്ങള്‍ മെനയാറെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയാറ്. 

പല സ്വപ്‌നങ്ങളും കാണുമ്പോള്‍ ജീവിതമാണെന്ന് തോന്നിപ്പോകുന്ന അനുഭവങ്ങള്‍ വരെയുണ്ടാകാം. എന്നാല്‍- അത് ജീവിതം തന്നെയായി മാറിയാലോ? അത്തരമൊരു സംഭവമാണ്, സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിന്റെ ജീവിതത്തിലുണ്ടായിരിക്കുന്നത്. 

സുഹൃത്തായ ബോബിയുമായി ജെന്നയുടെ വിവാഹം നിശ്ചയിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. നിശ്ചയദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലിലുണ്ടാകും. ഈ മോതിരത്തെ ചുറ്റിപ്പറ്റിയായിരുന്നു ജെന്നയുടെ സ്വപ്‌നം. 

വളരെ വേഗത്തില്‍ പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കവര്‍ച്ചക്കാരെ പോലെ തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുത്തേക്ക് വന്നു. അവരില്‍ നിന്ന് വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു. ബോബി പറഞ്ഞതനുസരിച്ച് ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചു. 

ഉറക്കത്തിനിടയില്‍ എന്തോ സംശയം തോന്നിയെങ്കിലും അത് സ്വപ്‌നമല്ലേ എന്ന ആശ്വാസത്തില്‍ ഉറക്കം തുടര്‍ന്നു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ മോതിരം കാണാനില്ല. പിന്നീടാണ് സ്വപ്‌നത്തിന്റെ സ്വാധീനത്തില്‍ ജെന്ന, താന്‍ മോതിരം വിഴുങ്ങിയതായി മനസിലാക്കുന്നത്. 

ഉടന്‍ തന്നെ വിവരം ബോബിയേയും അമ്മയേയും അറിയിച്ചു. വൈകാതെ ആശുപത്രിയിലെത്തി, മോതിരം പുറത്തെടുത്തു. ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന പതിവുളളയാളായിരുന്നു ജെന്ന. ഇതിന്റെ ഭാഗമായായിരിക്കാം, സ്വപ്‌നത്തില്‍ എളുപ്പം സ്വാധീനപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 


(ജെന്ന ഇവാൻസ് ആശുപത്രിക്കിടക്കയിൽ...)

എന്തായലും ഇനി ശ്രദ്ധിച്ചോളാമെന്ന വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ബോബി വീണ്ടും ജെന്നയെ മോതിരമണിയിച്ചിട്ടുണ്ട്. വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടക്കും. ഈ കഥകളെല്ലാം ജെന്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് വാളിലൂടെ പുറംലോകത്തെ അറിയിച്ചത്. ചുരുങ്ങിയ സമയത്തിനകം ലക്ഷക്കണക്കിന് പേരാണ് ജെന്നയുടെ കുറിപ്പ് വായിച്ചത്. പതിനായിരക്കണക്കിന് പേര്‍ ഫോട്ടോസഹിതമുളള കുറിപ്പ് ഷെയര്‍ ചെയ്യുകയും ചെയ്തു.

click me!