കൊവിഡ് 19; സാമൂഹിക അകലവും സെക്‌സും...

By Web TeamFirst Published Mar 25, 2020, 8:30 PM IST
Highlights

പരസ്പരം ശാരീരികബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ഈ ഘട്ടത്തില്‍ ചില കാര്യങ്ങളില്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ഇതില്‍ പ്രധാനമാണ്, പലരുമായുള്ള ലൈംഗികബന്ധം. അത് പാടെ അവഗണിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ ഒന്നിച്ച് താമസിക്കാത്തവര്‍ക്കിടയിലും ശാരീരികബന്ധം ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ ഇടവിട്ട് കാണുന്നത് ഒഴിവാക്കുന്നതാണ് നല്ലത്

കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സാമൂഹികാകലം പാലിക്കുകയെന്നത് രാജ്യത്ത് കര്‍ശന നിര്‍ദേശമായി നിലവില്‍ വന്നിരിക്കുകയാണ്. ഒരു മീറ്റര്‍ അകലമാണ് ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് പാലിക്കേണ്ട അകലം. എന്നാല്‍ ഈ അകലം പങ്കാളികള്‍ തമ്മില്‍ പാലിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ അടുത്തിടപഴകുന്നവരെന്ന നിലയിലും ശാരീരികബന്ധം പുലര്‍ത്തുന്നവര്‍ എന്ന നിലയിലുമെല്ലാം പങ്കാളികളുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണ്?

പങ്കാളികള്‍ തമ്മിലുള്ള അകലം...

പരസ്പരം ശാരീരികബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ഈ ഘട്ടത്തില്‍ ചില കാര്യങ്ങളില്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ഇതില്‍ പ്രധാനമാണ്, പലരുമായുള്ള ലൈംഗികബന്ധം. അത് പാടെ അവഗണിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ ഒന്നിച്ച് താമസിക്കാത്തവര്‍ക്കിടയിലും ശാരീരികബന്ധം ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ ഇടവിട്ട് കാണുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

എന്നാല്‍ സ്ഥിരമായി ഒരു വീട്ടില്‍ തന്നെ താമസിക്കുന്ന പങ്കാളികളാണെങ്കില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള അടുത്തിടപഴകലിന് നിയന്ത്രണം വയ്‌ക്കേണ്ട കാര്യമില്ല. ഇതിലാരെങ്കിലും ഒരാളെങ്കിലും പുറത്തുപോകുന്നവരാണെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രം. അവര്‍ പുറത്തുപോകുമ്പോള്‍ സാമൂഹികാകലം ശ്രദ്ധിക്കുന്നുണ്ടോയെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം. അതുപോലെ വീട്ടില്‍ തിരിച്ചെത്തിയാല്‍ ശരീരം അണുവിമുക്തമാകും വിധം ശുചിയാക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം.

 

 

പങ്കാളികളില്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന സാഹചര്യം ഇതില്‍ നിന്നെല്ലാം വ്യത്‌യസ്തമാണ്. ആ ഘട്ടത്തില്‍ തീര്‍ച്ചയായും അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. 

സെക്‌സിലൂടെ കൊവിഡ് 19 പകരുമോ?

സാധാരണനിലയില്‍ ശരീരസ്രവങ്ങളിലൂടെയാണ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് നേരിട്ട് കൊവിഡ് 19 പകരുന്നത്. അതുപോലെ അണുബാധയുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും വൈറസ് നമ്മുടെ ശരീരത്തിലേക്ക് കടന്നേക്കാം. 

ലൈംഗികതയെ സംബന്ധിച്ച് പല തരത്തില്‍ രണ്ട് പേര്‍ അടുത്തിടപെടുന്നതാണ്. ഇതിനിടെ സ്രവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതിനാല്‍ 'റിസ്‌ക്' അഥവാ അപകടസാധ്യതയുള്ളവരുമായി ഒരുതരത്തിലും ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കുന്നതാണ് ഉചിതം. ലൈംഗികാവയവങ്ങളിലൂടെ കൊവിഡ് 19 പകരാനുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

 

 

'സംഭോഗത്തിലേര്‍പ്പെടുമ്പോള്‍ കൊവിഡ് 19 അണു കൈമാറ്റം ചെയ്യപ്പെടും എന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ ലൈംഗികതയില്‍ ചുംബനമെന്നത് ഒഴിച്ചുകൂടാനാകാത്ത പ്രവര്‍ത്തിയാണല്ലോ, ഇതാണ് അപകടകാരി. തുപ്പലിലൂടെയും വായിലൂടെയും മുഖം വഴിയുമെല്ലാം വൈറസ് എളുപ്പത്തില്‍ പടരും. അക്കാര്യത്തില്‍ വലിയ വെല്ലുവിളി ഒളിഞ്ഞുകിടപ്പുണ്ട്...'- 'ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി' പ്രൊഫസറായ ഡോ. കാര്‍ലോസ് ഇ റോഡ്രിഗസ് പറയുന്നു.

click me!