കൊറോണ വൈറസ് കാരണം ജിം പൂട്ടി, വ്യായാമത്തിനായി യുവാവ് വീട്ടിലെ മേശക്ക് ചുറ്റും ഓടിയത് 66 കിലോമീറ്റര്‍

By Web TeamFirst Published Feb 15, 2020, 5:15 PM IST
Highlights

തന്‍റെ കയ്യിലെ ഡാറ്റാ ട്രാക്കര്‍ വച്ചാണ് പാന്‍ ഇത് തെളിയിച്ചത്. വീട്ടിലെ ഹാളിലെ മേശയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്ന പാനിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ഹോം കോംഗ്: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ ചൈനയില്‍ ഫിറ്റ്നസ് സെന്‍ററുകളടക്കമുള്ളവ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനായി ജിമ്മില്‍ പോകുന്നവരെല്ലാം പെട്ടിരിക്കുകയാണ്. ഇതിന് പകരം ചൈനയിലെ ഒരു യുവാവ് കണ്ടുപിടിച്ച ആശയമാണ് മാരത്തണ്‍ ഓട്ടം. റോഡിലിറങ്ങി ഓടുകയല്ല, പകരം തന്‍റെ ചെറിയ വീട്ടിനുള്ളില്‍ ഓടുകയാണ് ഈ ചെറുപ്പക്കാരന്‍ ചെയ്തത്. 

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്‍റെ ഉറവിടം ചൈനയായിരുന്നു. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 1500 ലേറെ പേരാണ്  കൊറോണ വൈറസ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം അടച്ചു. എന്നാല്‍ പാന്‍ ഷാന്‍സു ഇതോടെ അനൗദ്യോഗിക സ്വര്‍ണമെഡല്‍ നേടി. ആറ് മണിക്കൂറും 41 മിനുട്ടുമെടുത്ത് 66 കിലോമീറ്ററാണ് പാന്‍ ഷാന്‍സു നടന്നത്. 

തന്‍റെ കയ്യിലെ ഡാറ്റാ ട്രാക്കര്‍ വച്ചാണ്  പാന്‍ ഇത് തെളിയിച്ചത്. വീട്ടിലെ ഹാളിലെ മേശയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്ന പാനിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ''ആദ്യം എനിക്ക് വയറുവേദനയൊക്കെ തോന്നി, എന്നാല്‍ കുറേ തവണ വട്ടം കറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അത് ശീലമാകും '' പാന്‍ വാര്‍ത്താ ഏജന്‍സിയായ എഫ്‍പിയോട് പറഞ്ഞു. 

കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടിനുള്ളില്‍ തന്നെ പെട്ടുപോയവര്‍ക്ക് പ്രചോദനമായി പാന്‍ കുളിമുറിക്കുള്ളില്‍ 30 കിലോമീറ്റര്‍ ഓടുന്ന വീഡിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. ''ഞാന്‍ ഒരു ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പിലുണ്ട്. ഈ പകര്‍ച്ചവ്യാധി വന്നതോടെ എന്താണ് ചെയ്യേണ്ടതെന്നാണ് അതില്‍ എല്ലാവരും ചോദിക്കുന്നത്. '' 

വീട്ടിനുള്ളില്‍ അനിശ്ചിതകാലത്തേക്ക് പെട്ടുപോയവര്‍ക്കായി കായികതാരങ്ങളെ ഉള്‍പ്പെടുത്തി ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ബോധവല്‍ക്കണ ക്യാംപയിന്‍ നടത്തുന്നുണ്ട്.  വീട്ടിലെ മേശകള്‍ കസേരകള്‍ തൂണുകള്‍ എന്തും വ്യായാമത്തിനായി ഉപയോഗിക്കാനാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതായതോടെ 17 നില ഫ്ളാറ്റിലെ കോണിപ്പടികള്‍ ഇറങ്ങിയും കയറിയുമാണ് ചിലര്‍ വ്യായാം ചെയ്യുന്നത്. 

click me!