തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാം ഈ നാല് ഹെയർ മാസ്കുകൾ...

By Web TeamFirst Published Jan 1, 2021, 10:09 PM IST
Highlights

മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുണ്ടാകാം. പല  ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. 

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരാണ് മിക്കയാളുകളും. പല ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. 

ഹെയര്‍ മാസ്കുകളുടെ ഉപയോഗം തലമുടി സംരക്ഷണത്തിന് ഏറേ ഗുണം ചെയ്യും. അത്തരത്തില്‍ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം. 

ഒന്ന്...

പോഷകങ്ങളുടെ കലവറയായ മുട്ട തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. തലമുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. അതുപോലെ തന്നെ, ഒലീവ് ഓയിൽ തലയോട്ടിയിലും മുടിയിലും ആവശ്യമായ ജലാംശം നൽകാൻ സഹായിക്കും. ഇവ രണ്ടും കൂടി ചേര്‍ത്ത ഹെയര്‍ മാസ്ക് തലമുടി വളരാന്‍ നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ഒരു മുട്ടയോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ഉണങ്ങാൻ അനുവദിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. 

രണ്ട്...

വാഴപ്പഴവും കേശസംരക്ഷണത്തിന് മികച്ചതാണ്. അതുപോലെ ഫാറ്റി ആസിഡുകൾ അടങ്ങിയ ആവണക്കെണ്ണ വരണ്ടതും കേടായതുമായ തലമുടിക്ക് പോഷണങ്ങൾ നൽകുന്നു. ഇതിനായി രണ്ട് പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുക്കുക.ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ ആവണക്കെണ്ണ ചേർക്കുക. തുടര്‍ന്ന് ഈ മിശ്രിതം മുടിയിൽ പുരട്ടാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

മൂന്ന്...

തലമുടിയുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യുന്നതാണ് ഉലുവ. ഒരു രാത്രി വെള്ളത്തിലിട്ട് ഉലുവ കുതിർത്ത് എടുക്കുക. രാവിലെ ഇതെടുത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഈ കുഴമ്പ് തലയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

നാല്...

നാരങ്ങാനീരും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ തലമുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇത് സഹായിക്കും.

Also Read: തലമുടി കൊഴിച്ചിൽ തടയാന്‍ ഗ്രീന്‍ ടീ ഇങ്ങനെ ഉപയോഗിക്കാം...

click me!