Happy Children’s Day 2022: പ്രിയപ്പെട്ട ചാച്ചാജിയെ ഓര്‍ക്കാം; ഇന്ന് ശിശുദിനം

By Web TeamFirst Published Nov 14, 2022, 9:05 AM IST
Highlights

കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.

ഇന്ന് നവംബര്‍ 14- ശിശുദിനം. ശിശുദിനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുക്ക് ആദ്യം ഓര്‍മ്മ വരുന്നത് റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്രുവിന്‍റെ ചിത്രമാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന് കുട്ടികള്‍ വിളിക്കുന്ന അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബർ 14-ന് ശിശുദിനമായി ആഘോഷിക്കുന്നത്. 

1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 - ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുള്ള കുരുന്നുകളുടെ കലാപരിപാടികളും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദർശനങ്ങളും അരങ്ങേറും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മയ്ക്കായി കുരുന്നുകള്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്. 

ശിശുദിനത്തില്‍ സ്‌കൂളുകളില്‍ വലിയ പരിപാടികള്‍ തന്നെ സംഘടിപ്പിക്കാറുണ്ട്. കൂടുതലായും പ്രസംഗ മത്സരങ്ങളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കാറുള്ളത്. പ്രിയപ്പെട്ട ചാച്ചാജിയെ കുറിച്ചുള്ള മനോഹരമായ പ്രസംഗങ്ങളാണ് കുട്ടികള്‍ അവതരിപ്പിക്കുക. നെഹ്രുവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചുമുള്ള വിവരങ്ങളും പ്രസംഗത്തില്‍ ഉണ്ടാകും.

Also Read: 'പ്രമേഹം മുന്‍കൂട്ടി കണ്ടെത്താന്‍ മെറ്റബോളിക് സെന്‍ററുകള്‍ ആരംഭിക്കും'; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

click me!