കൊവിഡ് 19; രോഗികള്‍ക്ക് ഭക്ഷണമില്ല, വച്ചുവിളമ്പിയത് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍!

By Web TeamFirst Published Mar 12, 2020, 11:23 PM IST
Highlights

''അന്യന്‍റെ രോഗാവസ്ഥയിലും ബുദ്ധിമുട്ടിലും വിശപ്പിലും ഒക്കെ അവനെ സഹായിക്കാന്‍ പണം മാത്രം പോര. മനുഷ്യത്വം ഉള്ള മനസ്സ് കൂടി വേണം. ആ കാര്യത്തില്‍ സമ്പന്നരാണ് എന്‍റെ സഹപ്രവര്‍ത്തകര്‍... അഭിമാനം തോന്നുന്നു ഈ ആശുപത്രിയിലെ ഒരു ഭാഗം ആകാന്‍ കഴിഞ്ഞതിന്...'' റാന്നി താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസറെഴുതിയ കുറിപ്പ്...
 

മലയാളികളെ ആകെ നടുക്കിക്കൊണ്ടാണ് കേരളത്തിലെ ആദ്യ കൊറോണ വൈറസ് കേസുകള്‍ പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ പെട്ടവരായിരുന്നു ഇവര്‍. വാര്‍ത്ത പുറത്തുവന്നതോടെ തന്നെ ആരോഗ്യവകുപ്പ് സകല സന്നാഹങ്ങളോടും കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 

എങ്കിലും പത്തനംതിട്ട ജില്ലയാകെ മരവിച്ചുപോയ അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. പൊതുസ്ഥലങ്ങളും നിരത്തുകളും ബസ് സ്റ്റേഷനുകളുമെല്ലാം വിജനമായി. ഭയം കൊണ്ട് ആളുകള്‍ പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായി. പലയിടങ്ങളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പോലും തുറക്കാത്ത അവസ്ഥയായിരുന്നു. 

ഇതിനിടെ റാന്നി താലൂക്കാശുപത്രിയിലെ രോഗികളുടെ ഭക്ഷണം മുടങ്ങി. കൊറോണ വൈറസ് ഐസൊലേഷൻ വാർഡിലുൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായി. വൈറസ് പേടിയില്‍ ഹോട്ടലുകാര്‍ കടകള്‍ തുറക്കാതായതോടെയാണ് കടുത്ത പ്രതിസന്ധിയുണ്ടായത്. എന്നാല്‍ ഇതുകൊണ്ടൊന്നും തളരില്ലെന്ന് തെളിയിച്ച് ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. 

ജോലിക്കിടയിലുള്ള സമയം കൊണ്ട് എല്ലാവരും ചേര്‍ന്ന് രോഗികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി. മെഡിക്കല്‍ ഓഫീസറായ ഡോ. ആതിര മാധവ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേരാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും വന്നിട്ടുണ്ട്. 

കുറിപ്പ് വായിക്കാം....

ഞങ്ങളുടെ റാന്നി താലൂക്ക് ആശുപത്രിയി ലെ ജീവനക്കാര്‍ ചുണക്കുട്ടികള്‍ ചെയ്തത് കണ്ടോ... കൊറോണ ഭീതിയില്‍ ഹോട്ടലുകളും ഭക്ഷണ ശാലകളും അടച്ച് പാവപെട്ട രോഗികളെ ഹോട്ടെല്‍ ഉടമകള്‍ വലച്ചപ്പോള്‍ ഞങ്ങള് ജീവനക്കാര്‍ അങ്ങ് ഇറങ്ങി.. അടുപ്പ് കൂട്ടി, കറിക്ക് അരിഞ്ഞു, കപ്പ പുഴുങ്ങി, ചമ്മന്തി ഉണ്ടാക്കി, ചോറും സാമ്പാറും തോരനും അച്ചാറും അങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണം വെച്ച് വിളമ്പി...

ഭക്ഷണം ഇല്ലാതെ വലഞ്ഞ കൊറോണ ഐസോലേഷന്‍ വാര്‍ഡിലെ ഉള്‍പ്പെടെ രോഗികള്‍ക്കും മറ്റു വാര്‍ഡുകളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാം ഭക്ഷണം വിളമ്പി... അവരുടെ വയറും നിറഞ്ഞു... നമ്മുടെ മനസ്സും നിറഞ്ഞു... വലുപ്പ-ചെറുപ്പം ഇല്ലാതെ എല്ലാ സ്റ്റാഫും സമയം പോലെ ഭക്ഷണ കാര്യത്തില്‍ ഇടപെട്ടു.. ഡോക്ടര്‍മാര്‍ ഉള്‍പെടെ പലരും ദിവസങ്ങള്‍ ആയി ആശുപത്രിയില്‍ ക്യാമ്പ് ചെയ്യുകയാണ്.. മറ്റു ജീവനക്കാരും അതേ... ആഹാരം ഇല്ലാതെ ആരും വലയരുത് എന്ന് തീരുമാനിച്ച് ആശുപത്രി ഫണ്ടില്‍ നിന്നും പണം മുടക്കിയാണ് ഇന്നലെയും ഇന്നും ഭക്ഷണം തയ്യറാക്കി നല്‍കിയത്... രാവിലെ ധൃതി പിടിച്ച് ഞാന്‍ ഓപിയിലേക്ക് ഓടി പോകുമ്പോഴും കാണുന്ന കാഴ്ച കപ്പ പുഴുങ്ങാനായി റെഡി ആക്കുന്ന ബില്ലിംഗ് സെക്ഷനിലെ ഫ്രാന്‍സി യേ ആണ്... രോഗി പരിചരണത്തില്‍ തിരക്കുകള്‍ ആയി പോയപ്പോള്‍ പാചകത്തില്‍ സഹായിക്കാന്‍ എനിക്ക് ഒത്തില്ല... എങ്കിലും ഒത്തിരി സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍...

അന്യന്‍റെ രോഗാവസ്ഥയിലും ബുദ്ധിമുട്ടിലും വിശപ്പിലും ഒക്കെ അവനെ സഹായിക്കാന്‍ പണം മാത്രം പോര. മനുഷ്യത്വം ഉള്ള മനസ്സ് കൂടി വേണം. ആ കാര്യത്തില്‍ സമ്പന്നരാണ് എന്റെ സഹപ്രവര്‍ത്തകര്‍... അഭിമാനം തോന്നുന്നു ഈ ആശുപത്രിയിലെ ഒരു ഭാഗം ആകാന്‍ കഴിഞ്ഞതിന്...

 

click me!