ഈ ആറ് കാര്യങ്ങൾ ശീലിച്ച് നോക്കൂ , ആത്മവിശ്വാസം വർദ്ധിപ്പിക്കും

Published : Mar 12, 2026, 04:36 PM ISTUpdated : Mar 12, 2026, 04:53 PM IST
confidence

Synopsis

എന്നെ കൊണ്ട് ഒന്നും സാധ്യമല്ല എന്ന ചിന്തയെ അവസാനിപ്പിച്ച് സ്വയം മെച്ചപ്പെടുത്താൻ കഴിയും എന്ന് മനസ്സിൽ പറയുക. പോസിറ്റീവ് ചിന്തകൾ ശീലമാക്കുന്നത് പുതിയ നല്ല മാറ്റങ്ങൾക്കു സഹായിക്കും. സ്വയം കുറ്റപ്പെടുത്തുന്ന ശീലം ഉപേക്ഷിക്കുക.

“ചെറിയ പ്രായം തൊട്ടേ എനിക്ക് ഒരു കാര്യവും ചെയ്യാൻ ആത്മവിശ്വാസം ഇല്ല. എന്നെകൊണ്ട് ഒന്നും കഴിയുമെന്ന് എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല”.സ്വയം പ്രചോദനം നൽകുന്ന രീതിയിൽ സ്വയം ബഹുമാനത്തോടെ സംസാരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം എന്ന് സൈക്കോളജിസ്റ്റ് നിർദ്ദേശിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം അതുൾക്കൊള്ളാൻ കഴിഞ്ഞില്ല.

സ്വയം അങ്ങനെ ബഹുമാനത്തോടെ മനസ്സിൽ സംസാരിച്ചാൽ എങ്ങനെയാണ് എനിക്ക് മാറ്റം വരിക എന്ന സംശയത്തിൽ ആയിരുന്നു അദ്ദേഹം. ന്യൂറോ പ്ലാസ്റ്റിസിറ്റി (neuroplasticity) എന്ന തലച്ചോറിന്റെ അത്ഭുതകരമായ കഴിവിനെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് ഇതിന്റെ ഉത്തരം കിട്ടി.

ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ പിന്നീട് നമുക്കൊന്നും പുതിയതായി പഠിക്കാൻ കഴിയില്ല എന്നൊക്കെ മുൻ കാലങ്ങളിൽ നമ്മൾ വിശ്വസിച്ചു പോന്നിരുന്നല്ലോ. എന്നാൽ പുതിയ കാല പഠനങ്ങൾ പ്രകാരം ഏതു പ്രായത്തിലും പുതിയ കാര്യങ്ങൾ നമുക്ക് പഠിച്ചെടുക്കാൻ പറ്റുമെന്നാണ്.

അതുപോലെതന്നെ നമ്മുടെ ആത്മവിശ്വാസവും കഴിവുകളും ഏതു പ്രായത്തിലും വളർത്തിയെടുക്കാനും നമുക്കാവും. പണ്ടു മുതൽ നമുക്കു ചുറ്റുമുള്ള പല ആളുകളും നമ്മളെ കളിയാക്കിയതിന്റെയും വിലകുറച്ചു കണ്ടത്തിന്റെയും ഒക്കെ ഫലമായിരിക്കും ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ആത്മവിശ്വാസക്കുറവ്. ഇതിൽ നിന്നും പുറത്തുവരാൻ സാധിക്കും എന്ന് മനസ്സിലാക്കുക. ചിന്തകളിലും പെരുമാറ്റത്തിലും വരുത്തുന്ന ചെറിയ മാറ്റങ്ങൾകൊണ്ട് ആത്മവിശ്വാസം നേടിയെടുക്കാൻ നമുക്ക് സാധിക്കും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

1. എന്നെ കൊണ്ട് ഒന്നും സാധ്യമല്ല എന്ന ചിന്തയെ അവസാനിപ്പിച്ച് സ്വയം മെച്ചപ്പെടുത്താൻ കഴിയും എന്ന് മനസ്സിൽ പറയുക. പോസിറ്റീവ് ചിന്തകൾ ശീലമാക്കുന്നത് പുതിയ നല്ല മാറ്റങ്ങൾക്കു സഹായിക്കും. സ്വയം കുറ്റപ്പെടുത്തുന്ന ശീലം ഉപേക്ഷിക്കുക.

2. ചെറിയ വിജയങ്ങൾ നേടാൻ ശ്രമിക്കുക. ഉദാ: മുൻപ് സംസാരിക്കാൻ ധൈര്യം തോന്നാത്ത ആരോടെങ്കിലും സംസാരിക്കാൻ ശ്രമിക്കുക, സ്റ്റേജിൽ കയറി സംസാരിക്കാൻ ശ്രമിക്കുക, ഒരു പുതിയ കാര്യം പഠിക്കാൻ ശ്രമിക്കുക എന്നിവ. ഈ വിജയങ്ങൾ നമുക്ക് കഴിവുകൾ ഉണ്ട് എന്നതിന്റെ തെളിവുകളാണ് എന്ന് നമുക്കു മനസ്സിലാകും. മുന്നോട്ടും പല കാര്യങ്ങളും ധൈര്യമായി ചെയ്യാൻ ഇത് നമ്മളെ സഹായിക്കും.

3. ഭയം തോന്നുന്ന കാര്യങ്ങളെ ഒഴിവാക്കുന്ന ശീലം ഇനി വേണ്ട. ഭയമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. അവയിൽ ഏറ്റവും കുറവ് ഭയം തോന്നുന്ന കാര്യത്തെ ആദ്യം ചെയ്യാൻ തയ്യാറാവുക. അങ്ങനെ ഒരിക്കലെങ്കിലും അവയെ ഫേസ് ചെയ്താൽ ആത്മവിശ്വാസം ഉയരും.

4. സ്വയം വില നൽകാത്ത ഒരു വ്യക്തിയുടെ ശരീര ഭാഷ തന്നെ ഒട്ടും ആത്മവിശ്വാസം ഉള്ള നിലയിൽ ആവില്ല. സംസാരിക്കുമ്പോൾ ആളുകളുടെ കണ്ണിൽ നോക്കി സംസാരിക്കുക, കൂനി കൂടാതെ നേരെ നിൽക്കുക, ശരീരവും മനസ്സും ശാന്തമാക്കി വയ്ക്കുക, സംസാരിക്കുമ്പോൾ ഒരുപാട് വേഗത കൂട്ടാതെ നിർത്തി നിർത്തി കേൾക്കുന്നവർക്ക് വ്യക്തമാകും പോലെ പറയുക എന്നിവ ശീലമാക്കണം.

5. നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുമായി സമയം ചിലവഴിക്കുക. എന്തെല്ലാം മാറ്റങ്ങൾ നമുക്ക് വരുത്താനാകുമെന്ന് അവരുമായി ചർച്ച ചെയ്തു തീരുമാനിക്കുക.

6. കഴിവുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുക. ഉദാ: ഇംഗ്ലീഷിൽ സംസാരിക്കുകയാണ് വലിയ ബുദ്ധിമുട്ട് എന്നു തോന്നിയാൽ അതു പഠിച്ചെടുക്കാൻ ശ്രമിക്കുക, പബ്ലിക് സ്പീക്കിങ് പോലെയുള്ള കാര്യങ്ങൾ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കുമെങ്കിൽ അങ്ങനെയുള്ള സ്കില്ലുകളും വളർത്തിയെടുക്കാൻ ശ്രമിക്കുക.

(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് തയ്യാറാക്കിയ ലേഖനം)

ഫോൺ നമ്പർ : 8281933323

 

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ